കല്പറ്റ: രാഹുലും പ്രിയങ്കയും സംസ്ഥാനത്ത് ആദ്യമായി ഒരുമിച്ച് വന്നപ്പോൾ യു.ഡി.എഫ് പ്രവർത്തകരിൽ അത് ആവേശപ്പെരുമഴയായി പെയ്തിറങ്ങി. പൊരിവെയിലിൽ പതിനായിരങ്ങൾക്ക് മുകളിൽ കുളിർമഴയായി നേതാക്കളുടെ സാന്നിദ്ധ്യം. വയനാടിനെ മാത്രമല്ല കേരളത്തിന്റെ പലഭാഗങ്ങളിലുള്ള പ്രവർത്തകരെയാണ് ഇത് ആവേശക്കൊടുമുടി കയറ്റിയത്. ഈ ആവേശം ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിന് മുന്നിലും കണ്ടിരുന്നു.
രാഹുലിനെയും പ്രിയങ്കയെയും സ്വീകരിക്കുന്നതിനും നേരിൽ കാണുന്നതിനും മുന്നണി പ്രവർത്തകർ മാത്രമല്ല, വയനാടും പരിസര ജില്ലകളിൽ നിന്ന് ജനം കൽപറ്റയിലേക്ക് ഒഴുകുന്ന കാഴ്ചയാണ് ഇന്ന് പുലർച്ചെ മുതലെ ദൃശ്യമായത്. മാവോയിസ്റ്റ് ഭീഷണിയും സുരക്ഷാ ഉദ്യോഗസ്ഥരുടെ കടുത്ത നിയന്ത്രണവും പ്രവർത്തകരെ ബുദ്ധിമുട്ടിച്ചെങ്കിലും, ഇതെല്ലാം സഹിച്ചുകൊണ്ടാണ് അവർ എത്തിയത്. രാവിലെ പത്തോടെ കോഴിക്കോട് വിക്രം മൈതാനിയിൽനിന്ന് ഹെലികോപ്ടർ വഴിയാണ് രാഹുൽ കൽപറ്റ എ.കെ.എം.ജെ സ്കൂൾ മൈതാനിയിൽ ഇറങ്ങിയത്.
സുരക്ഷയുടെ ഭാഗമായി രാഹുൽ ഗസ്റ്റ്ഹൗസിൽനിന്ന് പുറത്തിറങ്ങുന്നതിന് അഞ്ച് മിനിട്ട് മുമ്പേ റോഡ് പൂർണമായും അടച്ചിരുന്നു. രാഹുൽ എത്തുന്നതിന് മുന്നോടിയായി അവസാനഘട്ട പരിശോധന എന്നനിലിൽ എട്ടരയ്ക്ക് ഹെലികോപ്ടർ സ്കൂൾ മൈതാനിയിൽ ഇറങ്ങിയിരുന്നു. ഉമ്മൻചാണ്ടി, കെ.സി. വേണുഗോപാൽ, പി.കെ. കുഞ്ഞാലിക്കുട്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സ്കൂൾ മൈതാനിയിൽനിന്ന് തുറന്ന ജീപ്പിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ട് റോഡ് ഷോയിൽ പങ്കെടുത്തു.
വയനാട് കളക്ടർക്ക് മുമ്പാകെ രാഹുൽഗാന്ധി പത്രിക സമർപ്പിച്ചു. പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാൽ, ടി. സിദ്ദിഖ്, സാദിഖലി ശിഹാബ് തങ്ങൾ എന്നിവരും പത്രികാ സമർപ്പണവേളയിൽ ഉണ്ടായിരുന്നു. ഇന്നലെ രാത്രി കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തിയ രാഹുൽഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ഉമ്മൻചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരുമായി കൂടിയാലോചനകൾ നടത്തിയിരുന്നു. കരിപ്പൂർ വിമാനത്താവളത്തിലും, കോഴിക്കോട് ഗസ്റ്റ് ഹൗസിലുമായി പ്രവർത്തകർ രാഹുലിനെയും, പ്രിയങ്കയേയും സ്വീകരിച്ചു. കാണാനെത്തിയ പ്രവർത്തകരുടെ തള്ളിക്കയറ്റം കാരണം ഇരുവരെയും ടെർമിനലിന് പുറത്തേക്ക് വിടാൻ സുരക്ഷാ ഉദ്യോഗസ്ഥർ തയ്യാറായില്ല. തുടർന്ന് സെക്യൂരിറ്റി ഗേറ്റ് വരെ വന്ന രാഹുൽ പ്രവർത്തകരെ കൈവീശി കാണിച്ച ശേഷം വി.ഐ.പി ഗേറ്റ് വഴി പുറത്തേക്ക് പോവുകയായിരുന്നു.
വയനാട്ടിലെ വനമേഖലയിൽ കഴിഞ്ഞ മൂന്ന് ദിവസമായി തണ്ടർ ബോൾട്ടും പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും തെരച്ചിൽ നടത്തി വരികയായിരുന്നു. കർണാടക, തമിഴ്‌നാട് ഭാഗങ്ങളിൽ അവിടുത്തെ സേനകളും തെരച്ചിൽ നടത്തുന്നുണ്ട്. തെരച്ചിലിൽ എവിടേയും മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്താൻ പൊലീസിന് സാധിച്ചില്ലെന്നും സുരക്ഷാ ഭീഷണികൾ ഒന്നും നിലവിൽ ഇല്ലെന്നുമാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. റോഡ് മാർഗ്ഗം രാഹുലും പ്രിയങ്കയും വയനാട്ടിലെത്തണമെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശം സുരക്ഷാ ഉദ്യോഗസ്ഥർ തള്ളിയിരുന്നു. എ.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിന് പുറമേ പുത്തൂർ വയൽ എ.ആർ ക്യാമ്പ് ഗ്രൗണ്ടിലും ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിലും ഹെലികോരപ്ടർ ഇറക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു. റോഡിനിരുവശവും സുരക്ഷ കണക്കിലെടുത്ത് പൊലീസ് ബാരിക്കേഡ് ഉണ്ടായതുകൊണ്ട് പരിമിതമായ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയാണ് പ്രവർത്തകർ രാഹുലിനെ കണ്ടത്. വയനാട് ജില്ല കണ്ടതിൽ വച്ച് ഏറ്റവും വലിയ ജനക്കൂട്ടമായിരുന്നു ഇന്ന് ദൃശ്യമായതെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.