കോട്ടയം: വില കൂടിയ മൊബൈൽ ഫോണുകൾ മോഷ്ടിച്ച് മറിച്ചു വിൽക്കുന്ന സംഘം കൊയ്തത് ലക്ഷങ്ങൾ. ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ആമസോൺ വഴി എറണാകുളം പാനായികുളത്തുള്ള ഓഫീസിൽ നിന്ന് കുമളിയിലേക്ക് കയറ്റി അയയ്ക്കുന്ന മൊബൈൽ ഫോണുകൾ അടിച്ചുമാറ്റ് മറിച്ചു വിൽക്കുന്ന സംഘത്തെ ഇന്നലെയാണ് കട്ടപ്പന ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീം പിടികൂടിയത്. എറണാകുളം ചാപ്പ കടപ്പുറം എളംകുന്നപ്പുഴ മാലിപ്പുറം പെരിങ്ങോട്ടുവീട്ടിൽ രമേശന്റെ മകൻ ഗിരീഷ് (23), എറണാകുളം ഏലൂർ കുഴികണ്ടം ഭാഗത്ത് തച്ചേത്ത് വീട്ടിൽ സെബാസ്റ്റ്യന്റെ മകൻ ആന്റണി റെസ്റ്റോ (35), എറണാകുളം നായരമ്പലം തേങ്ങാത്തടം മാഞ്ഞൂരാൻ വീട്ടിൽ ജോയിയുടെ മകൻ മിജോ (23) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ രണ്ടുപേർ ഡ്രൈവർമാരും ഒരാൾ സഹായിയുമാണ്. സംഘത്തിലെ മറ്റു മൂന്ന് പേർ ഒളിവിലാണ്.
ഒരു ലക്ഷം രൂപ വീതം വിലവരുന്ന 81 മൊബൈൽ ഫോണുകളാണ് പലപ്പോഴായി സംഘം മോഷ്ടിച്ചത്. ഇതിൽ 10 ഫോണുകൾ കണ്ടെടുത്തു. കുമളിയിലെ ഷോറും ഉടമ ടി.സി. സ്‌കറിയ നൽകിയ പരാതിയെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. എറണാകുളത്ത് നിന്ന് കയറ്റി ഡോർ സീൽ ചെയ്ത് വാഹനം രാത്രി ഒമ്പതിനാണ് പുറപ്പെടുന്നത്. കട്ടപ്പന കഴിഞ്ഞ് ചോറ്റുപാറയിലെത്തുമ്പോൾ ഡ്രൈവറും സഹായിയും ചേർന്ന് വാഹനത്തിന്റെ ലോക്ക് എടുത്ത് അകത്തുകടന്ന് അതിവിദഗ്ദ്ധമായി ഐ ഫോൺ എടുത്ത ശേഷം സംശയം തോന്നാത്തവിധം വീണ്ടും വാഹനം ലോക്ക് ചെയ്യും. ഫോണുകൾ പിന്നീട് കുറഞ്ഞ വിലയ്ക്ക് എറണാകുളത്തെ വ്യാപാരികൾക്ക് കൈമാറും. ഇവർ മറിച്ചുവിറ്റ ഫോണിന്റെ കോഡുനമ്പർ ഉപയോഗിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവിലെത്തിയത്. ഇവർ കൈമാറിയ കൂടുതൽ ഫോണുകൾ വരുംദിവസങ്ങളിൽ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.