മരണത്തെ കൈയിലെടുത്തു എന്ന് കേട്ടിട്ടുണ്ടോ...എന്നാലതും നടന്നു. ഓസ്ട്രേലിയയിലെ കടൽതീരത്താണ് ഈ സാഹസം. ഒരു നീരാളിയാണ് താരം.
കാണാൻ ഭംഗിയുള്ള ഈ നീരാളിയെ വീട്ടിലെ ചില്ലുകൂട്ടിൽ അലങ്കാരമാക്കാം എന്നുവരെ ആലോചിച്ചുപോകും. പക്ഷേ, മൂപ്പര് മഹാ അപകടകാരിയാണ്. തിളങ്ങുന്ന ശരീരത്തിൽ നീല വലയങ്ങളുള്ള ഇതിന്റെ പേര് ബ്ളുറിങ്ഡ് എന്നാണ്. ചെറുതാണെങ്കിലും ഇതിന്റെ കടിയേറ്റാൽ നിമിഷങ്ങൾക്കുള്ളിൽ മരണം ഉറപ്പ്. ഈ നീരാളി ചർച്ചാ വിഷയമാകാൻ കാരണം ഇപ്പോൾ ടിക്ക്ടോക്കിൽ വന്ന വീഡിയോ ആണ്. ഒരു വിനോദ സഞ്ചാരി ഈ ഭീകരനെ കൈയിലെടുത്ത് താലോലിച്ചശേഷം തിരികെ കടലിലേയ്ക്ക് അയയ്ക്കുന്നതാണ് വീഡിയോ. കടിയേൽക്കാത്തത് മഹാഭാഗ്യം.. ഒരു മിനിറ്റിൽ 26 മനുഷ്യരെ കൊല്ലാനുള്ള കഴിവുള്ള ഇവ ജപ്പാൻ മുതൽ ഓസ്ട്രേലിയ വരെയുള്ള ശാന്തസമുദ്രത്തിലും ഇന്ത്യൻ മഹാസമുദ്രത്തിലുമാണ് കാണപ്പെടുന്നത്. പവിഴപ്പുറ്റുകൾ, പാറക്കൂട്ടങ്ങൾ എന്നിവയ്ക്കിടയിലാണ് വാസം. മരണത്തെ കൈയിലെടുത്ത ആ വിദ്വാനെതിരെ രൂക്ഷ വിമർശനമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്നത്.