കൊല്ലം: മസ്കറ്റിലേക്ക് നഴ്സിംഗ് വിസ വാഗ്ദാനം ചെയ്ത് മുപ്പത് ലക്ഷം തട്ടിയ സംഭവത്തിൽ ആർ.എസ്.പി ജില്ലാ കമ്മിറ്റി അംഗം ആർ.ഷറഫുദ്ദീനെ രണ്ടാം പ്രതിയാക്കും. ഷറഫുദ്ദീനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചുവെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. ഇദ്ദേഹത്തിന്റെ അക്കൗണ്ടിലൂടെയാണ് വിസയ്ക്ക് വേണ്ടി പരാതിക്കാർ പണം നൽകിയത്. ഇക്കാര്യം സ്ഥിരീകരിച്ചതിനാൽ കേസിൽ ഷറഫുദ്ദീനെ ഒഴിവാക്കാൻ കഴിയില്ലെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
ഷറഫുദ്ദീന്റെ മകൻ കുളത്തൂപ്പുഴ ടിംബർ ഡിപ്പോ ഭാഗം മൂലയിൽ വീട്ടിൽ സജിൻ ഷറഫുദ്ദീനാണ് (41) കേസിലെ ഒന്നാം പ്രതി. സജിൻ ഒളിവിലാണ്. ഒമാനിൽ പുതുതായി തുടങ്ങുന്ന ആശുപത്രിയിലേക്ക് വിസ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. വിവിധ ആശുപത്രികളിൽ ജോലി ചെയ്തിരുന്ന നഴ്സുമാർ ആറ് ലക്ഷത്തിലധികം രൂപ നൽകിയാണ് വിസയ്ക്കായി കാത്തിരുന്നത്. തട്ടിപ്പാണെന്ന് മനസിലായതോടെയാണ് ഇടുക്കി തൊടുപുഴ സ്വദേശി ജോയ്സി, എറണാകുളം അങ്കമാലി സ്വദേശി റിയ, തൃശൂർ സ്വദേശി അഞ്ചു, പത്തനംതിട്ട തിരുവല്ല സ്വദേശികളായ നിഷ, സോണി എന്നിവർ പരാതിയുമായി കുളത്തൂപ്പുഴ പൊലീസിനെ സമീപിച്ചത്. പിന്നീട് കൂടുതൽ പരാതിക്കാരുമെത്തി. തട്ടിപ്പിന് ഇരയായ ഒരു യുവതിയുടെ പിതാവ് പണം നഷ്ടപ്പെട്ട മനോവിഷമത്തിൽ ജീവനൊടുക്കിയതായും പരാതിയുണ്ട്. ഈ വിഷയവും അന്വേഷണ പരിധിയിൽ എത്തിയേക്കും.