mahaguru

ഉല്ലാസപ്രദമായ ഒഴിവുകാലം വന്നണഞ്ഞുവല്ലോ. നിങ്ങൾക്ക് എല്ലാപേർക്കും ഒഴിവുകാലാശംസകൾ! വളരെയധികം വിനോദങ്ങൾ ആസൂത്രണം ചെയ്തുകാണുമല്ലോ. സീരിയലുകൾ, സിനിമകൾ, കോമഡി ഷോകൾ ഇവ കാണുന്നതോടൊപ്പം നമ്മുടെ കൗമുദി ടിവിയിൽ ശ്രീ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന 'മഹാഗുരു" എന്ന മെഗാസീരിയൽ കൂടി കാണാൻ സമയം കണ്ടെത്തണമേ. ശ്രീനാരായണഗുരു ആരായിരുന്നു എന്നും ആ മഹാത്മാവിന്റെ ദർശനങ്ങൾ എന്തൊക്കെയായിരുന്നു എന്നും പ്രതിപാദിക്കുന്ന സീരിയലാണിത്. നല്ല ജീവിതമൂല്യങ്ങൾ വളർത്തിയെടുക്കാനും അത് നിങ്ങളെ സഹായിക്കും. അതിനായി ചെലവഴിക്കുന്ന സമയം ഒരിക്കലും പാഴാവുകയില്ല. നമ്മുടെ സമൂഹം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ പ്രതിസന്ധികളും നീങ്ങണമെങ്കിൽ നിങ്ങൾ ഗുരുവിനെ കുറിച്ച് രക്ഷിതാക്കളോടൊപ്പം പഠിക്കുക തന്നെ വേണം എന്ന് ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തുന്നു.

ശ്രീദേവി ടീച്ചർ അനുഗ്രഹ, പേരേറ്റിൽ

പി.എഫ് പെൻഷൻ

2018ൽ മിനിമം പെൻഷൻ 2000 രൂപയായി വർദ്ധിപ്പിക്കുമെന്ന് സർക്കാരും തൊഴിൽ മന്ത്രാലയത്തിലെ സമിതിയും പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും അതും സർക്കാരിന്റെ ജലരേഖയായി മാറിക്കഴിഞ്ഞു.

ഇപ്പോൾ സർക്കാർ പറയുന്നു 2000 രൂപ കുറഞ്ഞ പെൻഷൻ നൽകിയാൽ 1500 കോടി രൂപയുടെ അധിക ബാദ്ധ്യതയുണ്ടാകുമെന്ന്. പി.എഫിലെ കോടാനുകോടി രൂപ എങ്ങോട്ടുപോയി. ആര് സമാധാനം പറയും? പാവങ്ങളായ പെൻഷൻകാരുടെ ആനുകൂല്യങ്ങൾ ചോദിക്കുമ്പോൾ സർക്കാരും തൊഴിൽ മന്ത്രാലയത്തിലെ വെള്ളാനകളും ഒത്തുകളിച്ച് മരണത്തോട് മല്ലിടുന്ന പെൻഷൻകാരെ ഇക്കൂട്ടർ ദുഷ്ടലാക്കോടെ അവഗണിക്കുന്നു. ജനാധിപത്യ രാഷ്ട്രത്തിന്റെ കാവൽക്കാരൻ ഉൾപ്പെടെയുള്ള ആഡംബരപ്രിയരായ ഭരണാധിപന്മാർ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

1000 രൂപയും അതിനു താഴെ പെൻഷൻ ലഭിക്കുന്ന അവശരും അശരണരുമായവർ രാജ്യത്ത് ദിനം പ്രതി ആയിരക്കണക്കിനുപേർ സർക്കാരിന്റെ അവഗണനയിൽ പട്ടിണിക്കു പുറമേ പലവിധ മാരക രോഗങ്ങൾക്കും അടിമപ്പെട്ട് മരണമടഞ്ഞുകൊണ്ടിരിക്കുകയാണ്.

കണ്ണിൽ ചോരയില്ലാത്ത ഭരണാധിപന്മാരെ പാവങ്ങൾക്ക് വിശന്ന് കരഞ്ഞാൽ ശബ്ദവുമില്ല. കണ്ണുനീരുമില്ലാത്ത ഗുരുതരമായ അവസ്ഥയിലാണ് പെൻഷൻകാരുടെ അവസാന ഘട്ടം.

പട്ടം എൻ. ശശിധരൻ നെട്ടയം, തിരുവനന്തപുരം