വിഴിഞ്ഞം: വെന്തുരുകുന്ന ചൂടിലും അന്നം തേടി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾ കരയിലെത്തുന്നത് വെറും കൈയോടെ. മത്സ്യലഭ്യതയിൽ വന്ന ഗണ്യമായ കുറവാണ് തീരദേശത്തെയും മത്സ്യത്തൊഴിലാളികളെയും പട്ടിണിയിലേക്ക് തള്ളിവിട്ടത്. കടം വാങ്ങിയും പലിശക്കെടുത്തും മണ്ണെണ്ണയും ഡീസലുമൊക്കെ വാങ്ങി പ്രതീക്ഷയോടെ കടലിലിറങ്ങിയിട്ടും പട്ടിണിയും കടക്കെണിയും മാത്രമാണ് മിച്ചമെന്ന് തൊഴിലാളികൾ പറയുന്നു. കടലിലെ ആവാസ വ്യവസ്ഥയിൽ പൊതുവെ ഉണ്ടായിട്ടുള്ള മാറ്റവും തുറമുഖ നിർമ്മാണത്തെ തുടർന്നുണ്ടായ മാറ്റങ്ങളും മത്സ്യങ്ങളെ കിട്ടാക്കനിയാക്കി.
ലൈറ്റുപയോഗിച്ചുള്ള മത്സ്യബന്ധനത്തിന് നിരോധനമുണ്ട്. എങ്കിലും രാത്രി കാലങ്ങളിൽ മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള മത്സ്യബന്ധന വള്ളങ്ങൾ എത്തി വിഴിഞ്ഞത്ത് ലൈറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത് വ്യാപകമാണ്. ഇതിനെതിരെ മറൈൻ എൻഫോഴ്സ്‌മെന്റോ തീരദേശപൊലീസോ ശക്തമായ നടപടികൾ സ്വീകരിക്കുന്നില്ല. നേരത്തെ നല്ല പിടയ്ക്കുന്ന മീനുകൾക്ക് പേര് കേട്ട വിഴിഞ്ഞത്ത് കറിവയ്ക്കാനുള്ള മീൻ പോലും ഇപ്പോൾ ലഭിക്കുന്നില്ല. നിലവിൽ അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന മായം കലർന്ന മീനിനെ ആശ്രയിക്കേണ്ട ഗതികേടിലാണ്. പട്ടിണിയും പരിവട്ടവും വർദ്ധിക്കുമ്പോഴും കടലമ്മ തങ്ങളെ കൈവിടില്ലെന്ന പ്രതീക്ഷയിലാണ് മത്സ്യതൊഴിലാളികളും ചെറുകിട കച്ചവടക്കാരും.