തിരുവനന്തപുരം: കേരള ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (കെ.എസ്.ഡി.പി)​ ലിമിറ്റഡ് 2018-19ൽ നേടിയത് 2.75 കോടി രൂപയുടെ ലാഭം. മൊത്തം ഉത്പാദനം 58.37 കോടി രൂപയും വിറ്റുവരവ് 54.93 കോടി രൂപയുമാണ്. ഇതു റെക്കാഡാണ്. 2011-12ൽ നേടിയ 34.94 കോടി രൂപയുടെ നേട്ടമാണ് പഴങ്കഥയായത്. 2015-16ൽ 4.98 കോടി രൂപ നഷ്‌ടത്തിലായിരുന്ന കെ.എസ്.ഡി.പി 2016-17ൽ നഷ്‌ടം 4.27 കോടി രൂപയായി കുറച്ചു. 2017-18ൽ 2.12 കോടി രൂപ ലാഭം നേടിയിരുന്നു.

ലോകാരോഗ്യ സംഘടന (ഡബ്ള്യു.എച്ച്.ഒ) 2011ൽ പുതിയ നിബന്ധനകൾ കൊണ്ടുവന്നതോടെ കെ.എസ്.ഡി.പിയുടെ മരുന്നുകൾ വില്ക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന്, സർക്കാർ ആശുപത്രികളിൽ ഇവ വിതരണം ചെയ്‌തു. പിന്നാലെ ഡബ്ള്യു.എച്ച്.ഒയുടെ മാനദണ്ഡങ്ങൾ പാലിച്ച് ബീറ്റാലാക്ടം പ്ളാന്റും നിർമ്മിച്ചു. 2017ൽ പൂർത്തിയായ ബീറ്റാലാക്ടം ഡ്രൈപവർ ഇൻജക്‌ഷൻ പ്ളാന്റിൽ നിന്ന് ആന്റിബയോട്ടിക്കുകളടക്കം പതിനൊന്ന് മരുന്നുകൾ ഉത്പാദിപ്പിക്കുന്നു. നോൺ ബീറ്റാലാക്ടം പ്ലാന്റ് 2018 ഫെബ്രുവരിയിൽ പ്രവർത്തനക്ഷമമായി. ഇവിടെ നിന്ന് പാരസെറ്റമോളടക്കം 181 കോടി ഗുളികകൾ, 5.03 കോടി ക്യാപ്‌സ്യൂൾ, 1.08 കോടി കുപ്പിമരുന്ന് എന്നിവ ഉത്പാദിപ്പിക്കാം.

ജൈവ-രാസ പരിശോധനയ്‌ക്കായുള്ള നാഷണൽ അക്രെഡിറ്റഡ് ലാബും കെ.എസ്.‌ഡി.പിക്കുണ്ട്. ഡബ്ല്യു.എച്ച്.ഒ മാനദണ്ഡപ്രകാരം ഉത്പാദിപ്പിക്കാവുന്ന നോൺ ബീറ്റാ ലാക്ടം പ്ലാന്റ് ഫെബ്രുവരിയിൽ പ്രവർത്തനം തുടങ്ങി. നിലവിൽ ആന്ധ്ര,​ തെലുങ്കാന,​ കർണാടക എന്നിവിടങ്ങളിലും ജൻഔഷധിക്കും മരുന്നുകൾ വില്ക്കുന്നുണ്ട്.

''ചരിത്രത്തിലെ ഏറ്റവും മികച്ച പ്രവർത്തന ലാഭമാണിത്. അവയവമാറ്റം നടത്തിയവർക്കുവേണ്ടി ചുരുങ്ങിയ ചെലവിൽ ഗുണമേന്മയുള്ള മരുന്ന് കെ.എസ്.ഡി.പി ഉത്പാദിപ്പിക്കും"

എസ്. ശ്യാമള,​ മാനേജിംഗ് ഡയറക്‌ടർ, കെ.എസ്.‌ഡി.പി