തിരുവനന്തപുരം:കോൺഗ്രസ് വഞ്ചന കാണിച്ചാൽ അതിനർത്ഥം കേന്ദ്രത്തിൽ മതനിരപേക്ഷ ബദലുണ്ടാവില്ല എന്നല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം മതനിരപേക്ഷ ജനാധിപത്യ ബദലിന് കോൺഗ്രസാണോ നേതൃത്വം കൊടുക്കുക എന്നൊക്കെ ഫലം വരുന്ന മേയ് 23ന് ശേഷം തീരുമാനിച്ചാൽ മതിയെന്നും കേസരി ഹാളിൽ മുഖാമുഖം പരിപാടിയിൽ കാനം പറഞ്ഞു.
മോദിക്കും ബി.ജെ.പിക്കുമെതിരെ ശക്തമായ വിമർശനമുയർത്തുന്ന രാഹുൽഗാന്ധിയും ശശിതരൂരും കേരളത്തിൽ സി.പി.ഐക്കെതിരെ മത്സരിക്കുന്നത് അവരുടെ രാഷ്ട്രീയ അപചയമാണ്. അതിന് അവരോട് കരുണ കാട്ടേണ്ടതില്ല. മോദിക്കെതിരെ പ്രതിപക്ഷത്ത് വിശാല ഐക്യനിര പടുത്തുയർത്തുന്നതിനിടയിലാണ് കോൺഗ്രസ് ഇവിടെ വഞ്ചന കാട്ടിയത്.
പഴയ കോൺഗ്രസല്ല, ഇപ്പോഴത്തെ കോൺഗ്രസ്. ഭൂരിപക്ഷ സമുദായങ്ങളെ സ്വാധീനിക്കാൻ കോൺഗ്രസ് നിലപാട് മാറ്റുന്നതിനാലാണ് രാമക്ഷേത്രം നിർമ്മിക്കുമെന്ന് എ.ഐ.സി.സി ജനറൽസെക്രട്ടറി ഹരീഷ് റാവത്ത് പറയുന്നത്. പാവപ്പെട്ട ന്യൂനപക്ഷങ്ങൾക്ക് ഇത് മനസിലാവുന്നില്ല. രാഹുൽ രാജ്യം ഭരിക്കുമെന്ന് സി.പി.എമ്മോ സി.പി.ഐയോ ഒരുകാലത്തും പറഞ്ഞിട്ടില്ല. മോദിയെ പുറത്താക്കുന്നതിനാണ് മുൻഗണന. തിരഞ്ഞെടുപ്പിന് ശേഷം ശൂന്യതയുണ്ടാവില്ല. ഇന്ത്യയൊട്ടാകെ ബി.ജെ.പിയെ പുറത്താക്കാൻ ശക്തമായ പ്രചാരണം നടത്തുന്ന എ.ഐ.സി.സി പ്രസിഡന്റ് ബി.ജെ.പിക്ക് കെട്ടിവച്ച കാശ് നഷ്ടപ്പെട്ട മണ്ഡലത്തിൽ ഇടതിനെതിരെ മത്സരിക്കുന്നത് തെറ്റായ സന്ദേശം നൽകുന്നതാണ്. അതിന്റെ രാഷ്ട്രീയം വിശദീകരിക്കാൻ കോൺഗ്രസിനായിട്ടില്ല.
പ്രളയം: അന്തിമവിധി വരട്ടെ
പ്രളയക്കെടുതി സംബന്ധിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് അന്തിമമല്ല. കോടതിവിധി വരാനിരിക്കുന്നതേയുള്ളൂ. സർക്കാരിന്റെ വാദം കേൾക്കാനിരിക്കുന്നതേയുള്ളൂ. കോടതിയെ സഹായിക്കാൻ നിയോഗിക്കപ്പെട്ട അമിക്കസ് ക്യൂറി സാങ്കേതികവിദഗ്ദ്ധനല്ല. അദ്ദേഹമൊരു ശുപാർശ സമർപ്പിച്ചപ്പോൾ സർക്കാരിനെതിരെ മാരകായുധം കിട്ടിയെന്ന മട്ടിൽ കോർപ്പറേറ്റ് മാദ്ധ്യമങ്ങൾ ഉപയോഗിക്കുകയാണ്. കേന്ദ്രസർക്കാർ ഇതിലെന്ത് സത്യവാങ്മൂലം നൽകിയെന്ന് കൂടി പരിശോധിക്കുന്നത് നല്ലതായിരിക്കും. ഇടതുപക്ഷത്തെ ആക്രമിക്കാൻ എന്ത് ക്യൂറിയെ ആയാലും ഉപയോഗിക്കുക എന്നത് പാപ്പരായ രാഷ്ട്രീയമാണ്.
വിജയരാഘവന്റെ പരാമർശം ഒഴിവാക്കേണ്ടത്
ആലത്തൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരായ എൽ.ഡി.എഫ് കൺവീനറുടെ വിവാദപരാമർശം ഒഴിവാക്കേണ്ടതായിരുന്നു. പരാമർശങ്ങൾ നടത്തുമ്പോൾ രാഷ്ട്രീയനേതാക്കൾ നിയന്ത്രണം പാലിക്കണം.കോഴിക്കോട് യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരായ ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉചിതമായ നടപടിയെടുക്കട്ടെ.
വിശ്വാസികളുടെയും അവിശ്വാസികളുടെയും പ്രശ്നമല്ല തിരഞ്ഞെടുപ്പ്. സർക്കാരിന്റെ ആയിരം ദിവസത്തെ പ്രവർത്തനം നന്നായി തുണയ്ക്കും. തിരുവനന്തപുരത്ത് സി. ദിവാകരനും ശശി തരൂരും തമ്മിലാണ് പ്രധാന മത്സരം.
രാഹുൽഗാന്ധിക്ക് എന്തിനാണ് വിമർശനങ്ങളോട് അലർജി ? വിമർശനങ്ങളോടുള്ള അസഹിഷ്ണുത മോദിയുടെ സ്വഭാവമാണ്. വിമർശനത്തിന്റെ ഭാഷ ഓരോരുത്തരും ചിന്തിക്കേണ്ടതാണെന്ന് ദേശാഭിമാനി മുഖപ്രസംഗത്തെപ്പറ്റി കാനം പറഞ്ഞു.