തിരുവനന്തപുരം: വർഷങ്ങളോളം രാഹുലിന്റെയും കുടുംബത്തിന്റെയും മണ്ഡലമായിരുന്ന അമേഠിയിൽ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാൻ കോൺഗ്രസിന് സാധിച്ചിട്ടില്ലെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് ഡോ.വിനയ് സഹസ്രബുദ്ധെ എം.പി പറഞ്ഞു. തിരുവനന്തപുരത്ത് എൻ. ഡി.എയുടെ തിരഞ്ഞെടുപ്പ് ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനത്തിൽ ഏറെ പിന്നിലുള്ള അമേഠിയുടെ അവസ്ഥ വയനാട്ടിലെ വോട്ടർമാർ തിരിച്ചറിയണം. അമേഠിക്ക് സംഭവിച്ചത് വയനാടിൽ ആവർത്തിക്കപ്പെടാൻ അനുവദിക്കരുത്. വയനാട് സീറ്റ് തിരഞ്ഞെടുത്തതിന് പിന്നിൽ കോൺഗ്രസിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. രണ്ട് സീറ്റിലും രാഹുൽ പരാജയപ്പെടും. രാഷ്ട്രീയ പകപോക്കലിന്റെ ഏറ്റവും ഹീനമായ രൂപമാണ് സംസ്ഥാന സർക്കാർ എൻ.ഡി.എ സ്ഥാനാർത്ഥികളായ കെ.സുരേന്ദ്രനോടും പ്രകാശ് ബാബുവിനോടും സ്വീകരിക്കുന്നത്. ജനാധിപത്യ അവകാശങ്ങളെ ഇല്ലാതാക്കുന്ന നിലപാടിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒ.രാജഗോപാൽ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ സെക്രട്ടറി വൈ.സത്യകുമാർ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.പി വാവ, നാഷണലിസ്റ്റ് കേരള കോൺഗ്രസ് പ്രസിഡന്റ് കുരുവിള മാത്യു, പി.എസ്.പി ചെയർമാൻ കെ.കെ പൊന്നപ്പൻ, സോഷ്യലിസ്റ്റ് ജനതാദൾ പ്രസിഡന്റ് വി.വി രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.