election

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആക്കം വർദ്ധിക്കുന്നതിനൊപ്പം പണമൊഴുക്കിന്റെ ഗതിവേഗവും കൂടിക്കൊണ്ടിരിക്കുകയാണ്. ഏത് മണ്ഡലത്തിലും കാണാം പണത്തിന്റെ കുത്തൊഴുക്ക്. ലോക്‌സഭാ മണ്ഡലത്തിൽ ഒരു സ്ഥാനാർത്ഥിക്ക് പ്രചാരണത്തിനായി പരമാവധി എഴുപതുലക്ഷം രൂപയുടെ പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും പ്രമുഖ സ്ഥാനാർത്ഥികൾ അതിന്റെ എത്രയോ മടങ്ങാണ് ചെലവഴിക്കുന്നത്.

ചെലവിന്റെ കണക്കുകൾ കൃത്യമായി തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിക്കണമെന്നാണ് ചട്ടം. ചെലവു വിലയിരുത്താൻ എല്ലാ മണ്ഡലത്തിലും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാരെ നിയോഗിച്ചിട്ടുമുണ്ട്. എന്നാൽ പ്രചാരണ രംഗത്തെ ധാരാളിത്തത്തെ ഒട്ടുംതന്നെ കുറയ്ക്കുന്നതല്ല ഇത്തരം നിയന്ത്രണങ്ങൾ. വെള്ളംപോലെയാണ് ഒാരോ പാർട്ടിയും പണം ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. പ്രചാരണം പരമാവധി കൊഴുപ്പിക്കാൻ മാത്രമല്ല പണം വാരി എറിയേണ്ടിവരുന്നത്. പണം നൽകി വോട്ടർമാരെ വശത്താക്കാനുള്ള പതിനെട്ടാമത്തെ അടവ് പ്രയോഗതലത്തിലെത്തിക്കാനും ധാരാളം പണം ആവശ്യമാണ്.

വാഹന പരിശോധന കർക്കശമാക്കിയതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വൻതോതിൽ കറൻസി പിടിച്ചെടുക്കുന്നതിനെക്കുറിച്ചുള്ള വാർത്തകൾ എത്തുന്നുണ്ട്. പണത്തിന് പകരം വോട്ട് സമ്പ്രദായം ആഴത്തിൽ വേരോടിയ സംസ്ഥാനങ്ങൾ പലതുമുണ്ട്. അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ വാഹനവ്യൂഹത്തിൽ ഉൾപ്പെട്ട രണ്ട് വാഹനങ്ങളിൽ നിന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ 1.8 കോടി രൂപ കണ്ടെടുത്തത് ചൊവ്വാഴ്ച രാത്രിയാണ്. വോട്ടർമാർക്കിടയിൽ വിതരണം ചെയ്യാൻ വേണ്ടി കൊണ്ടുപോയ പണമാണിതെന്ന ആരോപണവുമായി ഉടൻതന്നെ കോൺഗ്രസ് രംഗത്തെത്തുകയും ചെയ്തു. കോൺഗ്രസ് പാർട്ടിയിൽപെട്ടവർതന്നെ നൽകിയ വിവരം വച്ചുകൊണ്ടാണ് ഉദ്യോഗസ്ഥർ വാഹനങ്ങൾ തടഞ്ഞ് പരിശോധന നടത്തിയത്. ബി.ജെ.പി കേന്ദ്രങ്ങൾ വാർത്ത നിഷേധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പരിശോധനയിൽ പണം കണ്ടെടുത്തതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി ഇതിനകം തന്നെ കോടിക്കണക്കിന് രൂപ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനകളിൽ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവ്വകവുമാകണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ മാത്രമേ ശാഠ്യം കാണിക്കുന്നുള്ളു. ജീവന്മരണ പോരാട്ടത്തിലേർപ്പെട്ടിരിക്കുന്ന മുഖ്യ രാഷ്ട്രീയ കക്ഷികളെ സംബന്ധിച്ചിടത്തോളം ഏത് മാർഗത്തിലും തിരഞ്ഞെടുപ്പിൽ ജയിക്കുക എന്നത് മാത്രമാണ് പരമലക്ഷ്യം.

തിരഞ്ഞെടുപ്പ് ചെലവുകൾക്ക് പരിധി കല്പിച്ചിട്ടുണ്ടെങ്കിലും ജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥികൾക്ക് കൈയയച്ചു ചെലവാക്കാൻ എത്രവേണമെങ്കിലും പണം എത്തുമെന്നതാണ് എടുത്തുപറയേണ്ടത്. യഥാർത്ഥത്തിൽ അഴിമതിയുടെ ഉറവിടം തുടങ്ങുന്നത് തിരഞ്ഞെടുപ്പിലൂടെയാണെന്ന് പറയാം. സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിലേക്ക് കണക്കിലധികം 'സംഭാവന" നൽകുന്നവർ ഒന്നും കാണാതെയല്ല അതിന് മുതിരുന്നത്. ജയിച്ച് പാർലമെന്റിലെത്തിയാൽ താൻ സഹായിച്ച നേതാവിനെക്കൊണ്ട് നേടിയെടുക്കേണ്ട കാര്യങ്ങൾ പട്ടികപോലെ മനസിൽ കോറിയിട്ടശേഷമാകും സഹായഹസ്തം നീളുന്നത്. പ്രത്യുപകാരം മോഹിക്കാത്ത സംഭാവനകൾ തീരെ കുറവായിരിക്കും. ഒരിക്കൽ സ്ഥാനത്തെത്തിക്കഴിഞ്ഞാൽ അത് നിലനിറുത്താനുള്ള വഴി താനേ വന്നുചേരുന്നതാണ് ജനാധിപത്യത്തിലെ രീതി. അഞ്ചും ആറും തവണ എം.പിയായി സ്വാധീനമുറപ്പിച്ച നേതാവ് ആ സ്ഥാനം ഉപേക്ഷിക്കാൻ നിർബന്ധിതനാകുമ്പോൾ പൊടുന്നനെ ദുർമുഖം കാട്ടുന്നതും തന്നെ വളർത്തി ആളാക്കിയ പാർട്ടിയെ തള്ളിപ്പറയാൻ ഒരുങ്ങുന്നതും കണ്ടാലറിയാം പദവിയുടെ വില.

തിരഞ്ഞെടുപ്പ് അഴിമതിരഹിതമാക്കാനുള്ള മാർഗങ്ങളിലൊന്ന് തിരഞ്ഞെടുപ്പ് ചെലവ് പൂർണമായും സർക്കാർ ഏറ്റെടുക്കുകയാണ്. പ്രചാരണത്തിന്റെ പേരിൽ ഇപ്പോൾ രാജ്യത്തുനടക്കുന്ന കോലാഹലങ്ങൾ നിയന്ത്രിക്കപ്പെടേണ്ടതുതന്നെയാണ്. സാക്ഷരത വർദ്ധിക്കുകയും വാർത്താവിനിമയ സംവിധാനങ്ങൾ പരക്കെ പ്രചാരത്തിലാവുകയും ചെയ്ത പശ്ചാത്തലത്തിൽ പ്രകടനാത്മകമായ പ്രചാരണങ്ങൾക്ക് പ്രസക്തി കുറയേണ്ടതാണ്. ഒരു സ്ഥാനാർത്ഥിക്ക് 70 ലക്ഷം രൂപ പരിധി നിശ്ചയിച്ചപ്പോൾപോലും അതിന്റെ ഉറവിടം സത്യസന്ധമായി വിലയിരുത്തപ്പെടുന്നില്ല എന്നതാണ് വാസ്തവം. എഴുപതുലക്ഷത്തിന്റെ സ്ഥാനത്ത് എഴുപതുകോടി മുടക്കുന്നവർപോലുമുണ്ടെന്ന യാഥാർത്ഥ്യവും വിസ്മരിച്ചുകൂടാ. പൊതുരംഗത്ത് അഴിമതി വളർത്താൻ മാത്രമേ ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് സമ്പ്രദായം ഉതകുന്നുള്ളൂ.