മുടപുരം: ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകുന്ന ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ അന്നശ്രീ പദ്ധതി മൂന്നാം വർഷത്തിലേക്ക് കടന്നു. ആരാധനാലയങ്ങൾ, സർക്കാർ - അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, സ്കൂൾ, കോളേജ്, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, ക്ലബുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, റോട്ടറി ക്ലബുകൾ, വ്യക്തികൾ എന്നിവരുടെ സഹായത്താലാണ് പദ്ധതി നടന്നു വരുന്നത്. 2017 ഏപ്രിൽ 2 നാണ് അന്നശ്രീ പദ്ധതി ആരംഭിച്ചത്.
ഇന്നു മുതൽ 12 വരെ നെടുങ്ങണ്ട വിടുതി ഉലകുടയ പെരുമാൾ തമ്പുരാൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് ഉച്ചഭക്ഷണം നൽകുന്നത്. ഇന്നലത്തെ ഭക്ഷണ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും അന്നശ്രീ കോർഡിനേറ്ററുമായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം എസ്.സിന്ധു, ചിറയിൻകീഴ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി.കനകദാസ്, ആശുപത്രി സൂപ്രണ്ട് ഡോ.ശബ്ന, ക്ഷേത്രോത്സവ ഭാരവാഹിയായ സുരേഷ് ബാബു,സജീവ്, ആർ.കെ.ബാബു തുടങ്ങിയവർ പങ്കെടുത്തു.