ചിറയിൻകീഴ്: ശാർക്കര മീനഭരണി ഉത്സവാഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രനഗരിയിലെ ശ്രീനാരായണ ഗുരുക്ഷേത്ര സന്നിധിയിലെ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള പവലിയനിൽ ത്രിദിന പ്രദർശനം നടക്കും.ശ്രീനാരായണ ഗുരുദേവന്റെ സമ്പൂർണ കൃതികൾ, ജീവചരിത്രം, അപൂർവ ഫോട്ടോകൾ, ഗുരുവിന്റെ വിവിധ തരത്തിലുള്ള വിഗ്രഹങ്ങൾ, ഗുരുദേവ കൃതികളുടെ സംഗീതാവിഷ്കാരം അടക്കം ചെയ്തിട്ടുള്ള സി.ഡികൾ എന്നിവ ഉൾക്കൊള്ളിച്ചുള്ള പ്രദർശനം നാളെ തുടങ്ങും. തിങ്കളാഴ്ച വരെ രാവിലെ 6.30 മുതൽ 11 വരെയും വൈകിട്ട് 4.30 മുതൽ രാത്രി 9.30 വരെയും നടക്കുന്ന പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്. ഇന്ന് വൈകിട്ട് 5.30ന് ഗുരുക്ഷേത്ര മണ്ഡപത്തിൽ എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. ഗുരുക്ഷേത്രസമിതി പ്രസിഡന്റ് ഡോ. ബി.സീരപാണിയുടെ അദ്ധ്യക്ഷതയിൽ ശിവഗിരി മഠത്തിലെ സ്വാമി വിശാലാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ക്ഷേത്രസെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് എസ്.സുന്ദരേശൻ, ജോയിന്റ് സെക്രട്ടറി എസ്.പ്രശാന്തൻ, ട്രഷറർ ചന്ദ്രസേനൻ, അഡ്വ.എ. ബാബു, ഡോ.ബി.രാമചന്ദ്രൻ, പുതുക്കരി സിദ്ധാർത്ഥൻ, രാജൻ സൗപർണിക, ശിവഗിരി എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി അജി.എസ്.ആർ.എം, ചിറയിൻകീഴ് യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർമാരായ ഡി.വിപിൻ രാജ്, അഴൂർ ബിജു, കൗൺസിലർമാരായ ഡി.ചിത്രാംഗദൻ, ജി.ജയചന്ദ്രൻ, സി. കൃത്തിദാസ്, ഉണ്ണിക്കൃഷ്ണൻ ഗോപിക എന്നിവർ പ്രസംഗിക്കും.ഗുരുദേവന്റെ പൂർണകായ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയോടെ, ശിവഗിരി ശാരദാ മഠം മാതൃകയിൽ നിർമിച്ചിട്ടുള്ള ഗുരുക്ഷേത്രത്തിൽ വൈദ്യുത ദീപാലങ്കാരം കാണുന്നതിനും ഭക്തജനങ്ങൾക്ക് മുഴുവൻ സമയ സന്ദർശനമൊരുക്കുന്നതിന്റെ ഭാഗവുമായി അശ്വതി, ഭരണി ദിവസങ്ങളിൽ ക്ഷേത്രം പൂർണമായി തുറന്നിടുമെന്ന് ക്ഷേത്ര കാര്യദർശി ജി.ജയചന്ദ്രൻ അറിയിച്ചു. ഫോൺ: 9633394130.