ayurveda

തിരുവനന്തപുരം: ഫേസ്ബുക്കും വാട്സാപ്പുമായി ചുറ്റിക്കറങ്ങുന്ന ന്യൂജെൻ പിള്ളേർക്ക് രാജ്യത്തിന്റെ വികസനത്തെക്കുറിച്ചും അതിന് നേതൃത്വം നൽകുന്ന ഭരണാധികാരികളെക്കുറിച്ചും തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചും ചിന്തിക്കാൻ എവിടെ നേരം എന്ന് ചിന്തിക്കുന്ന പഴമക്കാർക്ക് തെറ്റി. വേനൽചൂടിനൊപ്പം തിരഞ്ഞെടുപ്പ് ചൂടും കേരളത്തിലെ കലാലയങ്ങളിലെ ചുട്ടുപൊള്ളിക്കുകയാണ്. തലസ്ഥാനത്തെ സർക്കാർ ആയുർവേദ കോളേജിന്റെ നടുമുറ്റത്തെ മാവിൻ ചുവട്ടിൽ പെൺകൂട്ടത്തിന്റെ സഭ നടക്കുകയാണ്. സംസ്ഥാനം തിര‌ഞ്ഞെടുപ്പ് ചൂടിൽ അമർന്നിരിക്കുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് തന്നെയാണ് പെൺകൂട്ടങ്ങളുടെ പ്രധാന ചർച്ചാ വിഷയം.

"രാജ്യത്തിന്റെ തലപ്പത്തിരിക്കാൻ യോഗ്യൻ എപ്പോഴും ചങ്കുറപ്പോടെ തീരുമാനങ്ങളെടുക്കാൻ കഴിവുള്ളവർ മാത്രമാണ്. ജനന്മയ്‌ക്ക് ഉതകുന്ന ശക്തമായ പദ്ധതികൾ കൊണ്ടുവരാൻ കഴിവുള്ളവരാകണം രാജ്യത്തിന്റെ തലപ്പത്തെത്തേണ്ടത്." എന്ന് ബി.എ.എം.എസ്. അവസാന വർഷ വിദ്യാർത്ഥി തീർത്ഥ ഉറച്ച ശബ്ദത്തിൽ പറയുന്നു.

ഭരണനേട്ടമെന്ന് വിളിച്ച് പറയാൻ അധികാരത്തിലിരിക്കുന്ന കാലത്ത് മലവെള്ളപ്പാച്ചിൽ പോലെ പദ്ധതികൾ പ്രഖ്യാപിക്കുന്നവരല്ല യഥാർത്ഥ ഭരണാധികാരികളെന്നാണ് ബി.എ.എം.എസ് മൂന്നാം വർ‌ഷ വിദ്യാർത്ഥിനി വന്ദനയുടെ പക്ഷം. " ജി.എസ്.ടിയും നോട്ടു നിരോധനവും ഉൾപ്പെടെ ഒരു പാവങ്ങളുടെ തലയിൽ തീകോരിയിരുന്ന തീരുമാനങ്ങൾ വീണ്ടുവിചാരമില്ലാതെ നടപ്പിലാക്കിയ കേന്ദ്ര സ‌ർക്കാരിന്റെ പിടിപ്പുകേടിൽ ലക്ഷക്കണക്കിന് ജനങ്ങൾ വല‍ഞ്ഞത് നമ്മൾ കണ്ടതാണ്. ​പാവപ്പെട്ടവനും പണക്കാരനും വേണ്ടി ഒരുപോലെ ചിന്തിക്കുന്ന ഒരു ഭരണാധികാരി വേണം രാജ്യം ഭരിക്കേണ്ടതെന്ന് " തന്റെ നയം വ്യക്തമാക്കുകയാണ് നന്ദന. എന്നാൽ പുതുതലമുറയുടെ വിദ്യാഭ്യാസത്തിന് മുൻതൂക്കം നൽകുന്ന ഒരു സർക്കാർ അധികാരത്തിലെത്തണമെന്നാണ് കോളേജിലെ ചെയർപേഴ്സണും ബി.എ.എം.എസ് അവസാന വർഷ വിദ്യാർത്ഥിനിയുമായ സെറീനയുടെ അഭിപ്രായം. കാരണം രാജ്യത്തിന്റെ ഭാവി പുതുതലമുറയുടെ കൈകളിലാണ്. വിദ്യാസമ്പന്നരായ പുതുതലമുറയ്‌ക്ക് മാത്രമേ രാജ്യത്തിന്റെ ഭാവി ശോഭനമാക്കാൻ കഴിയൂ. അവരെ അതിന് പ്രാപ്തരാക്കാൻ സർക്കാർ സാമ്പത്തിക സഹായങ്ങൾ അടക്കം നൽകണമെന്നും സെറീന പറയുന്നു. " പാവപ്പെട്ട കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ സാമ്പത്തികം നൽകുന്നതൊക്കെ കൊള്ളാം പക്ഷേ, സാമുദായിക സംവരണങ്ങൾ നടപ്പിലാക്കി അവരെ മടിയന്മാരാക്കി മാറ്റുന്നതിനോട് എനിക്ക് വിജോയിപ്പുണ്ട്." ഇടം വലം നോക്കാതെ ബി.എ.എം.എസ് അവസാന വർഷ വിദ്യാർത്ഥിനി ശബ്ന തുറന്നടിച്ചു. " കഴിവുള്ളവർ സാമ്പത്തിക തടസമില്ലാതെ എല്ലാ മേഖലകളിലും ഉയർന്ന് വരണം. സ്ത്രീ - സാമുദായിക സംവരണങ്ങൾ ഏ‍ർപ്പെടുത്താൻ പാടില്ലെന്നാണ് ശബ്ന പറയുന്നത്. ചങ്ങലക്കണ്ണികൾ തൊടുത്തു പോകും കണക്കെ ചർച്ച പുരോഗമിച്ചുകൊണ്ടേയിരിക്കുന്നു.