vithura

വിതുര: ചിറ്റാറും വാമനപുരം നദിയും കൊണ്ട് ജല സമൃദ്ധമായ ആനപ്പാറ, തേവിയോട്, വാർഡുകളിലെ ജനങ്ങൾ വേനൽ കടുത്തതോടെ കുടിനീരിനായി നട്ടം തിരിയുകയാണ്. ഈ പ്രദേശങ്ങളിൽ ശുദ്ധജല ക്ഷാമം രൂക്ഷമായിട്ട് ഒരു മാസത്തിൽ ഏറെയായി. വരൾച്ച ഏറെ ബാധിച്ച ചിറ്റാർ മേഖലയിലെ ഭൂരിഭാഗം കിണറുകളും വറ്റി. ശേഷിക്കുന്നവയും നാമമാത്രയായ വെള്ളമാണ് ഉള്ളത്. അതും വരൾച്ചയുടെ ഭീഷണിയിലാണ്. കിണറുൾ ഇല്ലാത്ത പൈപ്പ് വെള്ളത്തെ മാത്രം അശ്രയിച്ച് കഴിയുന്ന കുടുബങ്ങളും ഇവിടെയുണ്ട്. ഇവിടെയാകട്ടെ പൈപ്പ് വെള്ളം കിട്ടിയിട്ട് ഒരു മാസത്തിൽ ഏറെയായി. വെള്ളം കിട്ടാൻ ഹൈസ് കണക്ഷനെടുത്ത വീട്ടുകാർക്ക് വെള്ളം കിട്ടിയിട്ടാറില്ലെങ്കിലും കൃത്യമായി വെള്ളക്കരം എത്താറുണ്ട്. പൈപ്പ്കണക്ഷൻ ഉള്ളവർവരെ സ്വകാര്യവാഹനങ്ങളിലും മറ്റുമായി ദൂരെ സ്ഥലങ്ങലിൽ നിന്നും നദികളിൽ നിന്നും വെള്ളം ശേഖരിച്ച് കൊണ്ടുവരാറാണ് പതിവ്. വേനൽ കടുത്തതോടെ അടിസ്ഥാന ആവശ്യങ്ങൾക്കുപോലും ബുദ്ധിമുട്ടുകയാണെന്നാണ് ചിറ്റാർ നിവാസികളുടെ പരാതി. എല്ലാവർഷവും വേനൽ കടുക്കുമ്പോൾ ചിറ്റാർ നിവാസികൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ഈ ജലക്ഷാമം. ഈ പ്രശ്നത്തിന് ശമനം കിട്ടണമെങ്കിൽ മഴ തുടങ്ങണം. എന്നാൽ പഞ്ചായത്തിലും മറ്റ് അധികൃതർക്കും പല തവണ പരാതി നൽകിയിട്ടും ജനങ്ങൾ തുടരെ നേരിടുന്ന ജലക്ഷാമത്തിന് പരിഹാരം കാണാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നും ആക്ഷേപമുണ്ട്. കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്നും പൈപ്പ് ജലവിതരണം സുഗമമാക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് പടിക്കൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുവാനുള്ള തീരുമാനത്തിലാണ് ചിറ്റാർ നിവാസികൾ.

മീനച്ചൂട് കടുത്തതോടെ ചിറ്റാർ നദി വരണ്ടുണങ്ങി. ബോണക്കാട് മലനിരകളിൽ നിന്നും ഉത്ഭവിച്ച് ചിറ്റാറിലൂടെ വാമനപുരം നദിയിലേക്കാണ് പതിക്കുന്നത്. എന്നാൽ ഇപ്പോൾ ചിറ്റാർ 90 ശതമാനവും വറ്റി പൂർണമായും നീരോഴുക്ക് നിലച്ചിരിക്കുകയാണ്. ബോണക്കാട് മലയടിവാരത്ത് മഴകനക്കുമ്പോൾ ചിറ്റാർപാലത്തിന് മുകളിലുടെ കരകവിഞ്ഞോഴുകുന്ന ചിറ്റാർ നദിയാണ് വേനൽ കടുത്തതോടെ വറ്റിവരണ്ട് നിശ്ചലമായി കിടക്കുന്നത്.

കല്ലാറിൽ നിന്നും ഉത്ഭവിക്കുന്ന വാമനപുരം നദിയിലും വെള്ളത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞു. കല്ലാർ, വിതുര, തൊളിക്കോട്, ചായം തുടങ്ങി നിരവധി പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രധാന ആശ്രയമായ വാമനപുരം നദിയുടെ അവസ്ഥയും വിഭിന്നമല്ല. വെള്ളത്തിന്റെ ഒഴുക്കിൽ ഗണ്യമായ കുറവാണ് ഉള്ളത്. നദിയിലേക്ക് മാലിന്യനിക്ഷേപം ഉൾപ്പടെയുള്ള കടന്നുകയറ്റം ഉണ്ടെങ്കിലും തലസ്ഥാനം ഉൾപ്പടെ പലസ്ഥലങ്ങളിലേക്കും വെള്ളം നൽകുന്ന വാമനപുരം നദിയും വരൾച്ചയുടെ ഭീഷണിയിലാണ്.