പാലോട്: നന്ദിയോട്- ആനാട് സമഗ്ര കുടിവെള്ള പദ്ധതിക്ക് ഈ വേനലിലും നീരൊഴുക്കില്ല. എപ്പോൾ ചോദിച്ചാലും ഇപ്പോ ശരിയാക്കിത്തരാമെന്ന മറുപടി പറയുന്നതല്ലാതെ വാട്ടർ അതോറിട്ടിക്കാരെ ഈവഴിക്ക് കാണാൻ പോലും കിട്ടാറില്ല. കുടിവെള്ള ക്ഷാമം പിടിമുറുക്കിയ നന്ദിയോട്, കാളിപ്പാറ, താന്നിമൂട്, കുറുപുഴ, വഞ്ചുവം, ആട്ടുകാൽ, ചുള്ളിമാനൂർ പ്രദേശങ്ങളിലെ ജനങ്ങൾ കുടിനീരിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. നാല് വർഷമായി രണ്ടു പഞ്ചായത്തുകളിലെ ജനങ്ങൾ കാത്തിരിക്കുന്ന ശുദ്ധജല പദ്ധതി മാർച്ചിൽ ഭാഗീകമായി കമ്മിഷൻ ചെയ്യുമെന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനം. എന്നാൽ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഒന്നര വർഷമായി അനിശ്ചിതത്വത്തിലായ നിർമ്മാണ പ്രവർത്തനങ്ങൾ കഴിഞ്ഞ മൂന്ന് മാസം മുൻപാണ് പുനരാരംഭിച്ചത്. പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയാക്കി നന്ദിയോട് ഭാഗത്ത് കുടിവെള്ളമൊഴുക്കാൻ സർക്കാർ അനുവദിച്ചത് 16 കോടി രൂപയാണ്. എന്നാൽ ജല അതോറിട്ടി പ്രോജക്ട് വിഭാഗം ടെൻഡർ നടപടിയിൽ കുരുങ്ങി നിൽക്കുന്നതേയുള്ളു. മൂന്ന് വർഷം മുൻപ് നിർമ്മാണം ആരംഭിച്ച പദ്ധതിക്ക് ഇതുവരെ ചെലവിട്ടതാകട്ടെ 15 കോടി രൂപയും. 73 കോടി രൂപയുടെ എസ്റ്റ്മേറ്റാണ് സമഗ്രകുടിവെള്ള പദ്ധതിക്കായി തയാറാക്കിയിട്ടുള്ളത്.
ഉദ്യോഗസ്ഥ അനാസ്ഥയെന്ന് പരാതി
ആദ്യഘട്ടത്തിൽ വാമനപുരം നദിയുടെ പാലോട് കടവിൽ നിലവിലുള്ള പമ്പ് ഹൗസിന് സമീപം ഒമ്പത് മീറ്റർ വ്യാസമുള്ള കിണറും പുതിയ പമ്പ് ഹൗസും പൂർത്തിയാക്കി. പത്ത് ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഉപരിതല ജലസംഭരണിയും ശുദ്ധീകരിച്ച ജലം എത്തിക്കുന്നതിന് 100 മി.മീറ്റർ വ്യാസമുള്ള ഡക്റ്റയിൽ അയൺ പൈപ്പുകളും സ്ഥാപിച്ചു. 11.5 എം.എൽ.ഡിശേഷിയുള്ളതാണ് ജലശുദ്ധീകരണ ശാല. കൈതക്കാട്, താന്നിമൂട്, ആനക്കുഴി, ആലുംകുഴി എന്നിവിടങ്ങളിൽ ഉപരിതല ജലസംഭരണികളുടെ നിർമ്മാണവും പൈപ്പ്ലൈൻ സ്ഥാപിക്കലുമടക്കം സുപ്രധാന ദൗത്യമാണ് പൂർത്തിയാക്കാനുള്ളത്. ഇതിനാവശ്യമായ ഭൂമി ലഭ്യമാക്കുന്നതിൽ ഗ്രാമപഞ്ചായത്തുകളുടെ ഭാഗത്തുണ്ടായ അലംഭാവം നേരത്തെ വിവാദമായിരുന്നു. എന്നാൽ, നിലവിലെ ഭരണസമിതികൾ ഇടപെട്ട് വസ്തു ലഭ്യമാക്കിയിട്ടുണ്ട്. തുടർനടപടികളിലെ കാലതാമസം ഉദ്യോഗസ്ഥ അനാസ്ഥയാണെന്നാണ് പരാതി.
പദ്ധതി ആരംഭിച്ചിട്ട് ..........4 വർഷം
ഇതു വരെ ചെലവിട്ടത് ........ 15 കോടി
രണ്ടാംഘട്ടം അനുവദിച്ചത് .............16 കോടി
എസ്റ്റിമേറ്റ് തുക ........... 73 കോടി
ബാക്കിനിൽക്കുന്ന പ്രവർത്തികൾ
1. നന്ദിയോട് 10 ലക്ഷം ലിറ്റർ ശേഷിയുള്ള ഉപരിതല ജലസംഭരണിയും ശുദ്ധജലമെത്തിക്കാൻ 300 മി.മീറ്റർ വ്യാസമുള്ള ഡക്റ്റയിൽ അയൺ പൈപ്പ് ലൈനും സ്ഥാപിക്കൽ
2. താന്നിമൂട്ടിൽ 5.3 ലക്ഷം ലിറ്ററും ആലുംകുഴിയിൽ 4 ലക്ഷം ലിറ്ററും കൈതക്കാട് 1.70 ലക്ഷം ലിറ്ററും ശേഷിയുള്ള ഉപരിതല ജലസംഭരണികൾ സ്ഥാപിക്കൽ
3. പ്രധാന ശുദ്ധീകരണശാലയിൽ നിന്ന് സംഭരണികളിലേക്ക് പൈപ്പ് ലൈനുകൾ, പമ്പുസെറ്റുകൾ, ട്രാൻസ്‌ഫോർമർ, ജലവിതരണ ശൃഖലകൾ എന്നിവ സ്ഥാപിക്കൽ
പ്രതികരണം
--------------------
''ആനാട് ഗ്രാമപഞ്ചായത്ത് വെമ്പ് കൂപ്പിൽ 40 സെന്റും കൈതക്കാട്ട് 5 സെന്റും വാട്ടർ അതോറിട്ടിക്ക് കൈമാറിക്കഴിഞ്ഞു. ഇവിടെ ടാങ്കിന്റെയും പൈപ്പ്ലൈനിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ഈ മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കാൻ സർക്കാർ ഇടപെടണം''
---ആനാട് സുരേഷ്
(ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ആനാട്)