election

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ശരത് യാദവ്,​ എം.പി വീരേന്ദ്രകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി), ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളിൽ (ആർ.ജെ.ഡി) ലയിക്കും. ഇക്കാര്യം എൽ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറി പ്രൊഫ. വർഗീസ് ജോർജ് 'ഫ്ളാഷി'നോട് സ്ഥിരീകരിച്ചു. കേരളത്തിൽ ഇടതുമുന്നണിയുടെ ഭാഗമാണ് എൽ.ജെ.ഡി.

ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ദേശീയ നേതാവ് ശരത് യാദവ് ബിഹാറിൽ ആർ.ജെ.ഡി ചിഹ്നത്തിലാണ് മത്സരിക്കുന്നത്. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യുവിൽ നിന്ന് പിളർന്ന് മാറിയപ്പോൾ രാജ്യസഭാ എം.പിയായിരുന്ന ശരത് യാദവ് കൂറുമാറ്റ നിരോധന നിയമക്കുരുക്കിൽ പെട്ടിരുന്നു. ഇതിനെതിരെ അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. പാർലമെന്റ് തിര‌ഞ്ഞെടുപ്പിൽ ശരത് യാദവ് വിജയിച്ചാൽ എൽ.ജെ.ഡി ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡിയുടെ ഭാഗമായേക്കും.

ബി.ജെ.പി സഖ്യത്തിൽ ചേരാൻ നിതീഷ് കുമാർ തീരുമാനമെടുത്തതോടെ കഴിഞ്ഞ മെയ് 18നാണ് ശരത് യാദവും കേരള ഘടകവും ഉൾപ്പെടെ ജെ.ഡി.യു വിട്ടത്. തുടർന്നാണ് ലോക് താന്ത്രിക് ജനതാദളിന് രൂപം നൽകിയത്. കേരളത്തിൽ വീരേന്ദ്ര കുമാർ വിഭാഗം യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയുടെ ഭാഗമായി.

അതേസമയം സാങ്കേതികമായി ശരത് യാദവ് പാർട്ടി അംഗമല്ലെന്നും അതുകൊണ്ട് വേണമെങ്കിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ സ്വതന്ത്രമായ പാർട്ടിയായും നിലനിൽക്കാൻ കഴിയുമെന്ന് പ്രൊഫ. വർഗീസ് ജോർജ് പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം വടക്കേ ഇന്ത്യയിൽ പാർട്ടികൾക്കിടയിൽ പുനരേകീകരണം ഉണ്ടാകും. സമാജ് വാദി പാർട്ടി, ആർ‌.ജെ.ഡി തുടങ്ങിയ പാർട്ടികൾ തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ട്. പുതുതലമുറ നേതാക്കളായ അഖിലേഷ് യാദവ്, തേജസ്വി യാദവ് തുടങ്ങിയവർക്കായിരിക്കും ഇനി പൂർണമായ നേതൃത്വമെന്നും വർഗീസ് ജോർജ് പറഞ്ഞു.

രാഹുലിന്റെ വരവ് ചലനമുണ്ടാക്കില്ല

കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം കേരളത്തിൽ പ്രത്യേകിച്ച് ചലനങ്ങളുണ്ടാക്കില്ലെന്ന് എൽ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറി പ്രൊഫ. വർഗീസ് ജോർജ് പറഞ്ഞു. ഞങ്ങളുടെ പാർട്ടിക്ക് കേരളത്തിൽ ശക്തിയുള്ള കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി രംഗത്തിറങ്ങും. കണ്ണൂർ, വടകര, കോഴിക്കോട് മണ്‌ഡലങ്ങളിൽ എൽ.ഡ‌ി.എഫ് സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാണ്. വർഗീസ് ജോർജ് 'ഫ്ളാഷി'നോട് സംസാരിക്കുന്നു:

നിയമസഭാ സീറ്ര് ഉറപ്പ് നൽകിയിട്ടില്ല

ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽ.ജെ.ഡിക്ക് ഇടതുമുന്നണി ലോക് ‌സഭാ സീറ്ര് തന്നില്ല. എന്നാൽ നിയമസഭാ സീറ്രിനെക്കുറിച്ച് ഉറപ്പ് കിട്ടിയതിന് ശേഷമല്ല തങ്ങൾ പ്രവർത്തിക്കാൻ തീരുമാനിച്ചത്. എൽ.ഡി.എഫിൽ സി.പി.എമ്മും സി.പി.ഐയും മാത്രം മത്സരിക്കുന്നത് മുന്നണി തീരുമാനപ്രകാരമാണ്. മുന്നണി മര്യാദ അനുസരിച്ച് പ്രവർ‌ത്തിക്കും. എന്നാൽ മുമ്പിങ്ങനെ സംഭവിച്ചിട്ടില്ല. ലോക്സഭാ സീറ്ര് കിട്ടാത്തതിൽ ആദ്യം പാർട്ടിക്ക് പ്രയാസമുണ്ടായിരുന്നു. എന്നാൽ എൽ.ഡി.എഫിന് ഞങ്ങളുടെ ശക്തി അറിയാം. വടകരപോലുള്ള മണ്ഡലങ്ങളിൽ അത് പ്രതിഫലിക്കും.

ലയന സാദ്ധ്യത

കേരളത്തിൽ ഒരേ മുന്നണിയിലുള്ള രണ്ടു ജനതാദളുകൾ പ്രത്യേകമായി നിൽക്കുന്നതിന് പകരം ഒന്നാകുന്നതിനെക്കുറിച്ചുള്ള ആലോചനകൾ നടക്കുന്നുണ്ട്. ജനതാദൾ എസും ഇതിനനുകൂലമാണെന്ന് കരുതുന്നു. തങ്ങളുടെ പാർട്ടിയെ ശക്തിപ്പെടുത്തിയ ശേഷം ഇക്കാര്യത്തെക്കുറിച്ച് ചിന്തിക്കാമെന്ന് കരുതി.

ശബരിമല നിർണായകമാവില്ല

ശബരിമല പ്രശ്നത്തിന്റെ പേരിൽ ഇടതുപക്ഷത്തിന് കുറച്ച് വോട്ട് നഷ്ടപ്പെടുമെങ്കിലും അതിനേക്കാൾ പിന്നാക്ക - പട്ടിക ജാതി വോട്ടുകൾ കൂടുതലായി ലഭിക്കും. പത്തനംതിട്ട മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാജോ‌ർജ്ജിന്റെ വിജയം സുനിശ്ചിതമാണ്.