accident

തിരുവനന്തപുരം: വാഹനാപകടത്തിൽ കേരള കൗമുദി ജീവനക്കാർക്ക് പരിക്കേറ്റ സംഭവത്തിൽ പൊലീസ് കേസ് ചാർജ് ചെയ്യാതെ വൈകിപ്പിക്കുന്നു. അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ തംബുരു, ഫീൽഡ് എക്സിക്യൂട്ടീവ് സൂഫിയാൻ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. സംഭവം നടന്നിട്ട് ഒരു മാസം പിന്നിടുമ്പോഴും അന്വേഷണം പൂർത്തിയായിട്ടില്ല. ഇതിനെക്കുറിച്ച് സ്റ്റേഷനിൽ അന്വേഷിച്ചാൽ വ്യക്തമായ മറുപടിയും ലഭിക്കുന്നില്ല.

കഴിഞ്ഞ മാസം 9ന് രാത്രി പാച്ചല്ലൂർ ചുടുകാട് ക്ഷേത്രത്തിനു മുമ്പിൽ ബൈപ്പാസിലായിരുന്നു അപകടം. ക്ഷേത്രത്തിലെ കേരളകൗമുദി സ്റ്റാളിൽ നിന്ന് ജോലി കഴിഞ്ഞ് ബൈക്കിൽ ബൈപ്പാസിലേക്ക് കയറവേ കോവളം ഭാഗത്തു നിന്ന് അമിത വേഗതയിൽ എത്തിയ വാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും ദിവസങ്ങളോളം അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേസ് അന്വേഷിച്ച തിരുവല്ലം സ്റ്റേഷനിലെ എസ്.ഐ ഷാജി തോമസ് എഫ്.ഐ.ആർ തയ്യാറാക്കിയപ്പോൾ വാഹനത്തിന്റെ നമ്പർ മാത്രമേ ചേർത്തിട്ടുള്ളൂവെന്നും വാഹനത്തിൽ ഉണ്ടായിരുന്നവർക്കെതിരെ വ്യക്തമായ അന്വേഷണം നടത്താതെയാണ് എഫ്.ഐ.ആർ തയ്യാറാക്കിയതെന്നും പരിക്കേറ്റവർ പരാതിപ്പെടുന്നു. കാർ ഓടിച്ചയാൾ ആരാണെന്ന് ഇപ്പൊഴും അറിയില്ലെന്നാണ് പൊലീസ് ഭാഷ്യം. ഇടിച്ച വാഹനത്തിൽ ഉണ്ടായിരുന്ന അഞ്ചു പേരും മദ്യപിച്ചിരുന്നതായി സംഭവസ്ഥലത്ത് കൂടിയ നാട്ടുകാരും പരിക്കേറ്റവരും പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പൊലീസ് ഉഴപ്പി. പിടികൂടിയ വാഹന ഉടമയെ കൊണ്ട് മെഡിക്കൽ എടുപ്പിക്കാൻ പൊലീസ് വിസമ്മതിച്ചു. കേരളകൗമുദി ജീവനക്കാരുടെ നിർബന്ധം കൊണ്ടാണ് മെഡിക്കൽ എടുത്തത്. എന്നാൽ വാഹനമോടിച്ചയാളുടേതല്ല, മറ്റൊരാളെയായിരുന്നു മെഡിക്കൽ എടുത്തത് എന്നാണ് അറിയുന്ന വിവരം. കേസ് ഒതുക്കിത്തീർക്കാൻ വാഹന ഉടമയടക്കം പൊലീസിനെ സ്വാധീനിച്ചുവെന്നും അറിയുന്നു. വിവരാവകാശം വഴി മെഡിക്കൽ ടെസ്റ്റിന്റെ കോപ്പി ആശുപത്രിയിൽ നിന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പരിക്കേറ്റ ജീവനക്കാർ പറയുന്നു.