വിറ്റുവരവിൽ റെക്കാഡ്; ₹542.50 കോടി
തിരുവനന്തപുരം: സംസ്ഥാന ഇലക്‌ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെൽട്രോൺ) 2018-19 സാമ്പത്തിക വർഷം 14 ശതമാനം വർദ്ധനയോടെ 542.50 കോടി രൂപയുടെ റെക്കാഡ് വിറ്റുവരവ് രേഖപ്പെടുത്തി. കെൽട്രോൺ 459.50 കോടി രൂപ, ഉപസ്ഥാപനങ്ങളായ കെ.സി.സി.എൽ (കണ്ണൂർ) 68.25 കോടി രൂപ, കെ.ഇ.സി.എൽ (കുറ്രിപ്പുറം) 14.75 കോടി രൂപ എന്നിങ്ങനെയാണ് വിറ്റുവരവ് നേടിയത്. നിലവിൽ 692 കോടി രൂപയുടെ ഓർഡർ ബുക്കിംഗും കെൽട്രോണിനുണ്ട്.
പ്ളാന്റുകളുടെ ആധുനികവത്കരണം, പുതിയ യന്ത്രസാമഗ്രികളുടെ സ്ഥാപനം എന്നിവയിലൂടെ വിവിധ യൂണിറ്റുകളുടെ ഉത്‌പാദനം കൂട്ടാനായാത് വിറ്റുവരവിൽ കുതിപ്പുണ്ടാക്കി. വിവിധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ കമ്പ്യൂട്ടർ, അനുബന്ധ ഐ.ടി ഉപകരണങ്ങൾ വാങ്ങിച്ചു നൽകാനുള്ള സംസ്ഥാന കരാർ കെൽട്രോണിന് ലഭിച്ചിരുന്നു. ട്രാഫിക് സിഗ്‌നൽ, സെക്യൂരിറ്റി സർവേലൻസ്, എൽ.ഇ.ഡി ലൈറ്റുകൾ തുടങ്ങിയ പദ്ധതികളുടെയും ഓർഡറുകൾ കെൽട്രോണിന് ലഭിച്ചു.
സാമൂഹിക പ്രതിബദ്ധത മുൻനിറുത്തി രണ്ടു മികച്ച ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ കെൽട്രോൺ പുറത്തിറക്കിയിരുന്നു. സിഡാക് സാങ്കേതികവിദ്യ ഉപയോഗിച്ച് കെൽട്രോൺ, സാധാരണക്കാർക്ക് പ്രാപ്യമായ വിലയിൽ ഡിജിറ്റൽ ഹിയറിംഗ് എയ്ഡ് വിപണിയിലെത്തിച്ചു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷാർത്ഥം ഐ.എസ്.ആർ.ഒയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് ഫിഷറീസ് വകുപ്പിന് വേണ്ടി നാവിക് ഉപകരണങ്ങളും നിർമ്മിച്ചു. ഈവർഷത്തെ സംസ്ഥാന ബഡ്‌ജറ്രിൽ കെൽട്രോണിന് 19.5 കോടി രൂപയും കെ.സി.സി.എല്ലിന് 10 കോടി രൂപയും സർക്കാർ വകയിരുത്തിയിട്ടുണ്ട്.
₹1,000 കോടി
മുന്നോട്ട്