vellayani

തിരുവനന്തപുരം : വെയിൽ കത്തിക്കാളുകയാണ്. കവലകളിലെ രാഷ്ട്രീയ വർത്തമാനത്തിനിപ്പോൾ ഉച്ചവെയിലിനെക്കാൾ ചൂട്. വെള്ളായണി ക്ഷേത്രത്തിനു മുന്നിലെ ഓലമേഞ്ഞ 'കളിത്തട്ടിൽ " മുറുക്കാൻ വില്പന നടത്തുന്ന ഗൗരിയും കളിത്തട്ടിൽ കാറ്റേറ്റിരിക്കുന്ന നാട്ടുകാരുമായി തുടങ്ങിയ രാഷ്ട്രീയ വർത്തമാനം കത്തിക്കയറുകയാണ്‌.
-കീറിയെടുത്ത ഉപ്പുമാങ്ങ പ്ലാസ്റ്റിക് കവറിൽ കെട്ടി വിൽക്കാനായി തയാറാക്കുന്നതിനിടെ ഗൗരി സമീപത്തിരുന്ന മനോഹരനെ നോക്കി പറഞ്ഞു-' എടാ ചെറുക്കാ , വോട്ടുചെയ്തു തുടങ്ങിയതു മുതൽ ചുവപ്പിനല്ലാതെ ഞാൻ വോട്ട് ചെയ്തിട്ടില്ല, ഇപ്പഴും അങ്ങനേ ചെയ്യൂ "
' നിങ്ങളൊന്നു പോയാണ് ചേച്ചീ ..., അതിനെവിടാണ് ചുവപ്പ്, അത് കാണണോങ്കിൽ റെയിൽവേ സ്റ്റേഷനിൽ പോണ്ടേ , " - സമീപത്തിരുന്ന് മനോഹരൻ ഇങ്ങനെ പറഞ്ഞശേഷം ഉറക്കെ ചിരിച്ചു.

ഗൗരിക്ക് അതൊട്ടും സുഖിച്ചില്ല.-' എടാ .. ചുവപ്പ് കൊടി എന്നും കാണും ,പക്ഷേ താമരപ്പൂ രണ്ടു ദിവസം കഴിയുമ്പം വാടികരിഞ്ഞു പോകും കേട്ടാ . ദിവാകരനെ ഞാൻ നേരിട്ട് കണ്ടിട്ടില്ല, പക്ഷേ മന്ത്രിയായിരുന്നപ്പോൾ ടി.വീല് കണ്ടിട്ടുണ്ട്. നല്ല മന്ത്രിയായിരുന്ന് ,അങ്ങേർക്ക് തന്നെ ഞാൻ വോട്ടുകൊടുക്കും ". ഗൗരി പറഞ്ഞു.
' വോട്ട് ചെയ്യാൻ കറുപ്പുമുടുത്തോണ്ടേ പോവൂ ,എന്റെ വോട്ട് ഞാൻ കുമ്മനത്തിനേ കൊടുക്കൂ, അയ്യപ്പനാണ് ഇപ്പഴത്തെ എന്റെ വോട്ട് .-മനോഹരൻ തിരിച്ചടിച്ചു.

പാചകക്കാരനായ അനിൽകുമാർ ഇടപെട്ടു, ' അൻപത് വർഷത്തെ ഭരണനേട്ടമല്ലാതെ കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് എന്തരൊക്കെയാണ് ഇവിടെ ഉണ്ടായത്. രാജ്യം രക്ഷപ്പെടണോങ്കി കോൺഗ്രസിന് തന്നെ വോട്ട് ചെയ്യണം. വർഗീയത മാറണം , ജനങ്ങൾ രക്ഷപ്പെടണം , കാര്യങ്ങൾ അറിയുന്നോരെല്ലാം തരൂരിന് തന്നെ വോട്ടു ചെയ്യും . "

ടയർകട നടത്തുന്ന സുരേഷ് ഇടപെട്ടു. ' അണ്ണാ , കഴിഞ്ഞ പത്തുവർഷത്തിനകത്ത് അമ്പലത്തിന്റെ മുമ്പിൽ ഹൈമാസ്റ്റ് ലൈറ്റ് വച്ചതല്ലാതെ വേറെ എന്തെങ്കിലും ഇവിടെ നടന്നാ. ജയിക്കുന്നവർ ആരായാലും വികസനം കൊണ്ടുവരണം. അല്ലാതെ വോട്ടുകാലത്ത് മാത്രം വന്നാൽ പോര ." - ശിവപ്രസാദും , ശശിയും ഇതിനെ അനുകൂലിച്ചു.

തൊട്ടടുത്ത സ്റ്റേഷനറി കടയിൽ സാധനങ്ങൾ കൊണ്ടുവന്ന ഡെലിവറി വാനിലെ സെയിൽസ്‌മാൻ പേയാട് സ്വദേശി സന്തോഷ് ചർച്ച കേട്ട് അങ്ങോട്ട് എത്തി. 'എനിക്ക് വോട്ട് ആറ്റിങ്ങൽ മണ്ഡലത്തിലാണ്. പക്ഷേ ആളുകൾ പറയുന്നത് കേട്ടിട്ട് കടുത്ത മത്സരമാണ് ഇവിടെ നടക്കുന്നതെന്ന് അറിയാം. ആര് ജയിക്കുമെന്ന് പറയാൻ പറ്റില്ല . കട്ടയ്ക്കാണ് മത്സരം."
എല്ലാവരും ഒരേസ്വരത്തിൽ സമ്മതിച്ചു, "അതെ, ഇപ്പഴത്തെ മത്‌സരം കടുത്തത് തന്നെ ".