നന്ദിയോട്: കാഴ്ചയിൽ വാഴ നേന്ത്രൻ പോലെ, കുല മൊന്തനും നേന്ത്രനും ചേർന്ന് കുറുകിയതു മാതിരി. മറ്റ് കുലകളെ പോലെ പടലയില്ലാത്തതിനാൽ ഓരോ കായ്കളും നന്നായി മുഴുത്തതാണ്. ശരാശരി ഒരു കായ്ക്ക് 300 ഗ്രാം തൂക്കവും അര അടി നീളവും വരും. ലാറ്റിനമേരിക്കയിൽ നിന്നും കഴിഞ്ഞ നാലുവർഷത്തിനിപ്പുറം കേരളത്തിൽ വിരുന്നെത്തി പ്രചാരം നേടി വരുന്ന ''പൊപ്പൗലു'' എന്ന വാഴയുടെ സവിശേഷതയാണ് ഇത്. കാഴ്ചക്കാർക്ക് ഒരു സ്വപ്നം പോലെ തോന്നാവുന്ന പൊപ്പൗലു കൗതുകം വിളഞ്ഞു നിൽക്കുകയാണ് ജൈവഗ്രാമമായ നന്ദിയോട് ആലംപാറ ഗിരീശന്റെ സ്വപ്നം എന്ന വീട്ടിൽ. ഒരു പരീക്ഷണമെന്ന നിലയിലാണ് താൻ പൊപ്പൗലുവിന്റെ തൈ നട്ടതെന്ന് ഗിരീശൻ പറഞ്ഞു. പ്രത്യേക പരിചരണമൊന്നുമില്ലായിരുന്നു. വീട്ടിലെ ജൈവാവശിഷ്ടങ്ങളും ചാണകപ്പൊടിയും മാത്രമാണ് നല്കിയത്. ഇതിന്റെ കൂടെ നട്ട നേന്ത്രവാഴ കാറ്റടിച്ച് വീണിട്ടും പൊപ്പൗലു കുലുക്കമില്ലാതെ നിന്നു. രോഗ കീടങ്ങളും ബാധിച്ചില്ല. നേന്ത്രവാഴ കുലച്ച് മൂന്നാഴ്ച കഴിഞ്ഞാണ് പൊപ്പൗലു കുലച്ചത്. കണ്ടാൽ തൊട്ടു നോക്കി മാത്രമേ കുലയാണെന്ന് ആരും സമ്മതിക്കൂ. പഴുക്കുന്തോറും കായയുടെ മദ്ധ്യഭാഗത്ത് നിറവ്യത്യാസം വരും. ചിപ്സിനാണ് പൊപ്പോലു നല്ലതെന്ന് പ്രശസ്ത ഫാം ജേർണലിസ്റ്റ് സുരേഷ് മുതുകുളം അഭിപ്രായപ്പെടുന്നു. നന്ദിയോട് കൃഷി ഓഫീസർ എസ്. ജയകുമാറും അസിസ്റ്റന്റ് കൃഷി ഓഫീസർ കെ. സജികുമാറും ചേർന്ന് വിളവെടുത്തു.
ഒരു കി.ഗ്രാം ചിപ്സ് വറ്റലിന് സാധാരണ നേന്ത്രക്കായ് മൂന്നര കി.ഗ്രാം വേണ്ടി വരു. എന്നാൽ ഈ വാഴയുടെ കായ് രണ്ട് കി.ഗ്രാം മതി
മഞ്ഞൾ ചേർക്കാതെ തന്നെ പൊപ്പൗലു ചിപ്സിന് നല്ല നിറം കിട്ടും
രുചിയിലും നേന്ത്രനേക്കാൾ ബഹുകേമൻ