തിരുവനന്തപുരം: കൊല്ലം പള്ളിമേൽ കിഴക്കേകരയിൽ വൃദ്ധയെ ഭക്ഷണവും മരുന്നും നൽകാതെ തനിച്ചാക്കിയ മകനെ വനിതാ കമ്മിഷൻ കർശന താക്കീത് ചെയ്തു. വൃദ്ധയ്‌ക്ക് മതിയായ സംരക്ഷണവും മറ്റ് കാര്യങ്ങളും കൃത്യമായി നിർവഹിച്ച് അക്കാര്യം കമ്മിഷനെ അറിയിക്കണം. വീഴ്‌ചയുണ്ടായാൽ മകനും മരുമകൾക്കുമെതിരെ കർശന നടപടിയെടുക്കുമെന്നും വനിതാ കമ്മിഷൻ അംഗം ഡോ. ഷാഹിദാ കമാൽ അറിയിച്ചു.
മകനും മരുമകളും നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ വൃദ്ധയുടെ സംരക്ഷണം ഉറപ്പാക്കി സർക്കാർ സ്ഥാപനത്തിലേക്ക് മാറ്റുമെന്നും ഷാഹിദാ കമാൽ അറിയിച്ചു. വൃദ്ധയെ മകനും മരുമകളും തനിച്ചാക്കി പട്ടിണിക്കിടുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് ഷാഹിദാ കമാൽ കൊല്ലത്തെ വീട്ടിൽ അന്വേഷണത്തിനെത്തിയത്. ഈ സമയം വീട്ടിൽ വൃദ്ധയുടെ മരുമകളുണ്ടായിരുന്നു. തുടർന്ന് മകനുമായി ഫോണിൽ സംസാരിച്ചു. ഭർത്താവും മൂന്ന് മക്കളും മരിച്ചതോടെയാണ് ആശ്രയത്തിന് കൊല്ലത്തുള്ള മകന്റെ അടുത്തെത്തിയത്.