rahul

തിരുവനന്തപുരം: കോൺഗ്രസ് അണികളിൽ ആവേശം സൃഷ്ടിച്ച് രാഹുൽഗാന്ധി വയനാട്ടിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചതോടെ വയനാടൻ കളരിയിൽ നിന്നുകൊണ്ട് സംസ്ഥാനത്ത് ഇടത്- കോൺഗ്രസ് യുദ്ധത്തിന്റെ പുതിയ സൈറൺ മുഴങ്ങി. ഇന്നലത്തെ വയനാട്ടിലെ ആരവം സംസ്ഥാനമാകെ പടരാതിരിക്കാനുള്ള മാർഗങ്ങളാണ് ഇടതുപക്ഷം ശക്തിപ്പെടുത്തുന്നത്.

പക്ഷേ, സി.പി.എം സഹോദരങ്ങൾക്കെതിരെ എത്ര പ്രകോപനമുണ്ടായാലും മിണ്ടില്ലെന്ന രാഹുൽഗാന്ധിയുടെ പ്രതികരണം മറ്റൊരു പൂഴിക്കടകനാണ്. ഇടതിനെ പ്രതിരോധത്തിലാക്കാൻ ഉദ്ദേശിച്ചുള്ള ഈ പ്രസ്താവന ആയുധമാക്കി എൻ.ഡി.എ ക്യാമ്പ് രാഷ്ട്രീയാക്രമണം ആരംഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ ബി.ജെ.പിക്കെതിരെ പോരാടാനാണെങ്കിൽ അവർക്ക് ശക്തിയുള്ള കർണടകയിൽ മത്സരിക്കുന്നതിനു പകരം ശക്തിയേ ഇല്ലാത്ത വയനാട്ടിൽ മത്സരിക്കുന്നതല്ലേ ഇടതിനെതിരായ ആക്രമണമെന്ന മറുചോദ്യമാണ് സി.പി.എം, സി.പി.ഐ നേതൃത്വങ്ങളുടേത്. രാഹുൽഗാന്ധിക്കെതിരെ രാഷ്ട്രീയമായ ആക്രമണം ശക്തമാക്കി തിരിച്ചടിക്കാനുള്ള പ്രചാരണ തന്ത്രങ്ങളാണ് അവർ മെനയുന്നത്.

ഒന്നാം യു.പി.എ കാലത്തുണ്ടായ നിയന്ത്രണങ്ങളും പിന്നീടിങ്ങോട്ട് ഇടതുപക്ഷത്തിന്റെ എതിർപ്പുകളുമെല്ലാം കോൺഗ്രസിന് തടസ്സമായുണ്ടായിരുന്നെങ്കിൽ ആ ഭീഷണി തീർത്തും ഇല്ലാതാക്കുകയെന്ന തന്ത്രം അവരിൽ ഒളിഞ്ഞു കിടപ്പുണ്ടെന്ന നിരീക്ഷണമാണ് ഇടതുക്യാമ്പുകളിൽ. ബി.ജെ.പിക്കെതിരെ പൊരുതുന്നതിനു പകരം ഇടതുപക്ഷത്തെ ലക്ഷ്യമാക്കാനാണ് രാഹുൽഗാന്ധി തയ്യാറായതെന്ന് സി.പി.എം ആരോപിക്കുന്നതും അതിനാലാണ്.

ഇത്തരമൊരു തീരുമാനത്തിന്റെ ഉത്തരവാദിത്വം മുഴുവൻ കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിൽ രാഹുൽ ഗാന്ധിയുടേതാണെന്ന് ഇന്നലെ സി.പി.എം പി.ബി അംഗം പ്രകാശ് കാരാട്ട് പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടി. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും ഇത്തരമൊരു തീരുമാനത്തിലെത്തിയിട്ടുണ്ടാവുക എന്നും ഇതിലെത്താവുന്ന ഏക നിഗമനം ശ്രദ്ധാപൂർവം ഏറെ ചിന്തിച്ചുതന്നെ കോൺഗ്രസ് നേതൃത്വമെടുത്ത തീരുമാനമാണ് ഇതെന്നാണെന്നും കാരാട്ട് പറഞ്ഞുവച്ചു.

മുന കൂർപ്പിച്ച്

പിണറായി

കോൺഗ്ര

സിന്റെ തെറ്റായ സാമ്പത്തിക നയങ്ങളുടെ ഫലമായി 2016-നു മുമ്പ് വയനാട്ടിൽ മാത്രം അഞ്ഞൂറിൽപ്പരം കർഷകർ ആത്മഹത്യ ചെയ്‌തെന്ന ആക്ഷേപം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ മാവേലിക്കരയിലെ പ്രചാരണയോഗത്തിൽ ഉയർത്തിയത്, രാഹുലിനെതിരെ ഇടതുപക്ഷം രാഷ്ട്രീയാക്രമണം ശക്തമാക്കുന്നതിന്റെ സൂചനയാണ്. ആസിയാൻ കരാറിൽ രണ്ടാം യു.പി.എ സർക്കാർ ഒപ്പുവച്ചതിന്റെ ദുരന്തമാണ് കർഷകർ അനുഭവിക്കുന്നതെന്ന വാദമാണ് ഇടതിന്റേത്.

ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും സാമ്പത്തികനയങ്ങൾ ഒന്നാണ് എന്നതുകൊണ്ടുതന്നെ, അതിനെതിരെ നിലകൊള്ളുന്ന ഇടതുപക്ഷത്തെ ദീർഘകാലാടിസ്ഥാനത്തിൽ ഇല്ലാതാക്കുകയെന്ന കോൺഗ്രസ് തന്ത്രവും രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിനു പിന്നിലുണ്ടെന്നാണ് സി.പി.എം കേന്ദ്രങ്ങളിലെ വാദം. 2019-ൽ സാധിച്ചില്ലെങ്കിലും 2024-ൽ കോൺഗ്രസിന് വലിയ ഒറ്റക്കക്ഷിയാകാൻ സാധിച്ചാൽ അന്ന് സാമ്പത്തികനയം സ്വതന്ത്രമായി നടപ്പാക്കാൻ തടസ്സങ്ങളുണ്ടാവില്ല. ഇത് സി.പി.എം മുന്നിൽക്കാണുന്നുണ്ട്.

പറ്റിക്കാനാവില്ല:

കാരാട്ട്

കേരളത്തിൽ സി.പി.എമ്മും ഇടതുമുന്നണിയുമാണ് ബി.ജെ.പിക്കും ആർ .എസ്.എസിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതുന്നതെന്നും, കോൺഗ്രസും യു.ഡി.എഫും പല ഘട്ടങ്ങളിലും വർഗീയശക്തികൾക്ക് കീഴടങ്ങിയിട്ടുണ്ടെന്നും, ഇതെല്ലാം കേരളത്തിലെ ന്യൂനപക്ഷത്തിന് അറിയാവുന്നതുകൊണ്ട് തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും ഇന്നലെ പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ കാരാട്ട് പറയുന്നു. ഉത്തരേന്ത്യയിലെ പശുസംരക്ഷണ വാദങ്ങൾ, രാമക്ഷേത്ര വിഷയത്തിലെ മൃദുനിലപാട്, ബി.ജെ.പിയിലേക്കൊഴുകുന്ന കോൺഗ്രസ് നേതാക്കളുടെ വിശ്വാസ്യതയില്ലായ്‌മ എന്നിവയെല്ലാം വരുംദിവസങ്ങളിൽ കോൺഗ്രസിനെതിരെ ശക്തമായി ഉയർത്താനാണ് നീക്കം. രാഹുലിന്റെ സ്ഥാനാർത്ഥിത്വം മതന്യൂനപക്ഷങ്ങളുടെ ഏകീകരണം യു.ഡി.എഫിന് അനുകൂലമാക്കുമെന്ന തോന്നലുളവാക്കിയിട്ടുണ്ട്. ഇന്നലെ രാഹുലിനെ കാണാനെത്തിയ ജനസഞ്ചയത്തിന്റെ സ്വഭാവം ഇത് ശക്തിപ്പെടുത്തുന്നുമുണ്ട്. ഇതിനു തടയിടാനുള്ള രാഷ്ട്രീയപ്രചാരണമാകും ഇടതുപക്ഷം വരുംദിവസങ്ങളിൽ ശക്തിപ്പെടുത്തുക.