shameer

തിരുവനന്തപുരം: വിദ്യാർത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്ന രണ്ട് പേരെ സി​റ്റി ഷാഡോ പൊലീസ് പിടികൂടി. തിരുമല ആനയിടവഴി 'അഞ്ജന'ത്തിൽ പ്രശാന്ത് മുരളി (24), മലയിൻകീഴ് പെരുകാവ് സ്വദേശി ഷമീർ (19) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും ഒന്നരക്കിലോ കഞ്ചാവും പിടിച്ചെടുത്തു. നഗരത്തിൽ ലഹരി വില്പന നടത്തുന്ന ചെറുകിട കച്ചവടക്കാരെയും മൊത്തക്കച്ചവടക്കാരെയും പിടികൂടാൻ സി​റ്റി പൊലീസ് കമ്മിഷണറുടെ നിർദ്ദേശപ്രകാരം നടത്തിയ പ്രത്യേക ദൗത്യത്തിലാണ് ഇവർ പിടിയിലായത്. ഡി.സി.പി ആദിത്യ, സ്‌പെഷ്യൽ ബ്രാഞ്ച് അസി. കമ്മിഷണർ പ്രമോദ് കുമാർ. എ, കൺട്രോൾ റൂം അസി. കമ്മിഷണർ ശിവസുതൻ പിള്ള, പൂജപ്പുര സി.ഐ. രാജേന്ദ്രൻ പിള്ള, ഷാഡോ എസ്.ഐ സുനിൽ ലാൽ, എ.എസ്.ഐ ഗോപകുമാർ, സി​റ്റി ഷാഡോ ടീമംഗങ്ങൾ എന്നിവർ അറസ്​റ്റിനും അന്വേഷണത്തിനും നേതൃത്വം നൽകി. നഗരത്തിൽ ലഹരിമരുന്നിന്റെ ചില്ലറ വില്പനക്കാരെയും വൻതോതിൽ കഞ്ചാവ് എത്തിക്കുന്നവരെയും അവർ കഞ്ചാവ് എത്തിക്കുന്ന മാർഗങ്ങളും നിരീക്ഷിച്ച് ശക്തമായ നടപടികൾ തുടരുമെന്ന് സി​റ്റി പൊലീസ് കമ്മിഷണർ സഞ്ജയ് കുമാർ ഗുരുദിൻ പറഞ്ഞു.