ksheera-karshakan

കല്ലമ്പലം:പാടത്തെ പുല്ലുകളെല്ലാം കരിഞ്ഞുണങ്ങി, കുളവും വറ്റി.കൊയ്തെടുത്ത വയ്ക്കോലെല്ലാം പാടത്ത് തന്നെ ഉപേക്ഷിച്ചു.ഇതാണ് ഇപ്പോഴത്തെ ഗ്രാമാന്തരീക്ഷങ്ങളിലെ തനത് കാഴ്ച.എന്നാൽ ഈ അവസ്ഥ ക്ഷീര മേഖലയെ തളർത്തി.

പാടത്തെ പച്ചപ്പുല്ലും വയ്ക്കോലുമൊക്കെ കിട്ടാതായതോടെ കന്നു കാലികളും ദുരിതത്തിലായി എന്നാൽ ഇതിനോടൊപ്പം കാലിത്തീറ്റയുടെ വില കൂടി വർദ്ധിച്ചതോടെ ക്ഷീരകർഷകരും കന്നുകാലികളും ഒരുപോലെ വെട്ടിലായി.

വയ്‌ക്കോലിന്റെ വില വർദ്ധനവും, പുല്ലുകൾ കരിഞ്ഞുണങ്ങിയതും കാലി വളർത്തലിനെ പ്രതികൂലമായി ബാധിച്ചു. പുല്ല് ശേഖരിക്കാൻ കഴിയാതെ നട്ടം തിരിയുകയാണ് കർഷകർ. ഒപ്പം ശുദ്ധമായ പാൽ ഉത്പാദനം കുറഞ്ഞതോടെ തമിഴ്‌നാട്ടിൽ നിന്നുള്ള പാലിനെ ആശ്രയിക്കുകയാണ് ആവശ്യക്കാർ. പശുവിൻ പാലിനെക്കാൾ വില കുറവായതും, കൂടുതൽ കൊഴുപ്പും കാരണം തമിഴ്നാടൻ പാലിന് ആവശ്യക്കാരേറെയാണ്.

കർഷകർ ആശ്രയിച്ചിരുന്ന തമിഴ്‌നാട്ടിൽ നിന്നുള്ള വയ്‌ക്കോലിന്റെ വരവും കുറഞ്ഞു. ഒരു കെട്ടിന് മുൻപ് നൽകിയിരുന്ന വിലയെക്കാൾ പതിനഞ്ച് രൂപയോളം വർദ്ധനവുണ്ട്. കാലിത്തീറ്റയ്ക്കും പത്ത് രൂപയുടെ വർദ്ധനവ് ഉണ്ട്. എന്നാൽ ഉത്പാദന ചെലവിന് അനുസരിച്ചുള്ള വരുമാനം ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി.

കടം വാങ്ങിയും ലോൺ എടുത്തും തൊഴുത്ത് നിർമ്മിച്ചവരും ലോണെടുത്ത് പശുക്കളെ വാങ്ങിയവരും ഇന്ന് കടക്കെണിയിലാണ്.

സ്വന്തമായി പുല്ല് കൃഷിചെയ്ത കർഷകരും വെട്ടിലായി കാശിറക്കി നട്ട പുല്ലെല്ലാം കരിഞ്ഞും പോയി പശുവിനുള്ള പുല്ല് വാങ്ങേണ്ടിയും വന്നു.ഇപ്പോൾ കാലികൾക്ക് ആകെ നൽകാൻ കഴിയുന്നത് അമിത വിലകൊടുത്തു വാങ്ങുന്ന വൈക്കോൽ മാത്രമാണ്. പാൽ ഉത്പാദനം കുറഞ്ഞതും വൈക്കോലിന്റെ വില വർദ്ധിക്കുന്നതും ഒപ്പം മറ്റ് വർധിച്ചുവരുന്ന ചെലവുകളും കണക്കിലെടുത്ത് പല കർഷകരും കാലിവളർത്തലിൽ നിന്ന് പിന്മാറുകയാണ്. ഇതിനിടയിൽ കാലികൾക്ക് സൂര്യതപം ഏൽക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

പുല്ല് കിട്ടാനില്ലാത്തതും, വയ്‌ക്കോലിന്റെയും കാലിതീറ്റയുടെയും വില വർദ്ധനവും ക്ഷീര കർഷകരെ പ്രതി സന്ധിയിലാക്കി. പഞ്ചായത്തധികൃതർ ഇടപെട്ട് കർഷകർക്ക് കുറഞ്ഞ വിലയ്ക്ക് വയ്‌ക്കോലും കാലിത്തീറ്റയും ലഭ്യമാക്കണം.

സുനിൽ വെട്ടിയറ, പൊതു പ്രവർത്തകൻ.

 കന്നുകാലികൾക്ക് പൊള്ളലേറ്റാൽ

സോഡിയം ബൈകാർബണേറ്റ് ലായനിയിൽ മുക്കിയ തുണിയോ പരുത്തിയോ പൊള്ളലേറ്റ ഭാഗത്ത് വെക്കാം

 പൊള്ളലേറ്റ ഭാഗം തണുത്ത വെള്ളത്തിൽ മുക്കിവെക്കുകയോ ആ ഭാഗം തണുത്തവെള്ളമോ ഐസോകൊണ്ട് തണുപ്പിക്കുക

 ഉടൻ തണുത്തവെള്ളം കുടിക്കാൻ കൊടുക്കണം.

 പൊള്ളലേറ്റ ഭാഗത്തെ വീർത്തിരിക്കുന്ന കുമിളകൾ പൊട്ടാതെ സൂക്ഷിക്കുക

 കണ്ണുകൾക്ക് പൊള്ളലേറ്രാൽ

 കൺപോളകൾക്കിടയിൽ ഒന്നോരണ്ടോ തുള്ളി ആവണക്കെണ്ണ ഒഴിക്കുക

 വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം

 വയ്ക്കോലും കിട്ടാതായി

മുൻപ് കൊയ്ത്ത് കഴിഞ്ഞ ശേഷം കച്ചിലുണക്കിയെടുത്ത് കൂനകൂട്ടി സൂക്ഷിക്കുകയും അവ ആവശ്യക്കാർക്ക് വിതരണം ചെയ്യുകയുമായിരുന്നു പതിവ്.എന്നാൽ ഇപ്പോൾ കച്ചിൽ കിട്ടാനേയില്ല. പുതിയ കൊയ്ത്ത് യന്ത്രം വന്നതോടെയാണ് കച്ചിൽ കിട്ടാതായതെന്നാണ് ക്ഷീര കർഷകർ പറയുന്നത്.

95 ശതമാനം സങ്കരയിനം പശുക്കളുള്ള കേരളത്തിൽ അന്തരീഷ ഊഷ്മാവിൽ ശരാശരിയിൽ നിന്നും രണ്ടു ഡിഗ്രി സെൽഷ്യസ് വർദ്ധിക്കും.

 പശുക്കളെ പകൽ രാവിലെ 11 മുതൽ3 വരെ പുറത്ത് മേയാൻ വിടരുത്

 തീറ്റ അല്പം വെള്ളത്തിൽക്കുഴച്ച് വെള്ളം പ്രത്യേകമായി നൽകണം
 കൂടുതൽ തീറ്റ നൽകരുത്. ചൂട് കുറഞ്ഞ സമയം കാലത്തും വൈകീട്ടും നൽകാം

 2മണിക്കൂർ ഇടവിട്ട് യഥേഷ്ടം ശുദ്ധമായ വെള്ളം നൽകണം
 രാത്രി കർഷകർ ഉറങ്ങാൻ കിടക്കുന്നതിനുമുമ്പ് യഥേഷ്ടം ശുദ്ധജലം നൽകണം
 പച്ചപ്പുല്ലിന്റെ ക്ഷാമം ജീവകം എയുടെ കുറവ് വരുത്തും

മീനെണ്ണ ഓരോ ഔൺസുവീതം ആഴ്ചയിൽ മൂന്നുദിവസം നൽകണം

 വിറ്റാമിൻ ധാതുലവണമിശ്രിതം പതിവായി 6070 ഗ്രാം ദിവസേന നൽകണം