modi-

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 12ന് കേരളത്തിലെത്തും. ദക്ഷിണേന്ത്യൻ പര്യടനത്തിന്റെ ഭാഗമായാണ് കേരളത്തിലെ രണ്ട് കേന്ദ്രങ്ങളിൽ അദ്ദേഹം എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കാനെത്തുന്നത്.

12ന് വൈകിട്ട് 5ന് കോഴിക്കോടും 7ന് തിരുവനന്തപുരത്തുമാണ് പ്രധാനമന്ത്രിയുടെ പരിപാടികളുണ്ടാവുക. തിരുവനന്തപുരത്ത് തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിലെയും കോഴിക്കോട് കോഴിക്കോട്, വയനാട് മണ്ഡലങ്ങളിലെയും പ്രചരണമാണ് സംസ്ഥാന ബി.ജെ.പി നേതൃത്വം ആലോചിക്കുന്നത്. മറ്റേതെങ്കിലും മണ്ഡലം കൂടി ഉൾപ്പെടുത്തുന്ന കാര്യവും ആലോചിക്കുന്നുണ്ടെങ്കിലും ഇത് അടുത്ത ദിവസങ്ങളിലേ തീരുമാനിക്കൂ. എന്നാൽ വയനാട്ടിലേക്ക് പോകുന്നില്ല.

തൃശൂരിലും കൊല്ലത്തും അടുത്തിടെ ബി.ജെ.പി പരിപാടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തിയിരുന്നു.

കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും ആർ.കെ. സിംഗും ഈ മാസം 9നും സുഷമ സ്വരാജ് 11നും രാജ്നാഥ് സിംഗ് 13നും നിതിൻ ഗഡ്കരി 15നും നിർമ്മല സീതാരാമൻ 16നും പീയൂഷ് ഗോയൽ 19നും മുഖ്താർ അബ്ബാസ് നഖ്‌വി 20നും കേരളത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 21നും കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ എട്ടിനും സംസ്ഥാനത്ത് പര്യടനം നടത്തും.