തിരുവനന്തപുരം : നഗരത്തിലെ കുറ്രവാളികളെ കണ്ടെത്താൻ സിറ്റി പൊലീസ് നടത്തിയ വ്യാപക റെയ്ഡിൽ 478 പേർ അറസ്റ്റിൽ. രണ്ട് പേരെ കാപ്പ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. കിരൺ എന്നയാളെ നേമം പൊലീസും കഴക്കൂട്ടം കിഴക്കുംഭാഗം കുമഴിക്കര എം.എസ് നിവാസിൽ ഉണ്ണി എന്ന മിഥുനെ (25) കഴക്കൂട്ടം പൊലീസുമാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ ഇന്നലെ ഉച്ചയ്ക്ക് 12 മണി വരെയായിരുന്നു പൊലീസിന്റെ ഓപ്പറേഷൻ. വാറണ്ട് പുറപ്പെടുവിച്ചിട്ടും ഹാജരാകാതിരുന്ന 39പേർ അറസ്റ്റിലായി. ജാമ്യമില്ലാ വകുപ്പ് പ്രകാരം 182 പേരെ അറസ്റ്റ് ചെയ്തു. ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാദ്ധ്യതയുള്ള 55 സാമൂഹ്യവിരുദ്ധരെ കരുതൽ തടങ്കലിലാക്കി. വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിലെ കേസുകളിൽ 202പേരെയും അറസ്റ്റു ചെയ്തു. പൊതുസ്ഥലത്ത് മദ്യപാനം, മദ്യപിച്ച് ബഹളമുണ്ടാക്കൽ, മദ്യപിച്ച് വാഹനം ഓടിക്കൽ, അബ്കാരി തുടങ്ങിയ കേസുകളിലായാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. 257പേർക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായവരെല്ലാം നിരവധി ക്രിമിനൽ കേസുകളിലും കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ടിട്ടുള്ളവരാണ്. കൊലപാതക ശ്രമം, രാഷ്ട്രീയ അക്രമങ്ങൾ എന്നീ കേസുകളിൽ അറസ്റ്റിലായ ശേഷം അടുത്തിടെ ജയിൽ മോചിതരായ 66 പേർ പൊലീസ് നിരീക്ഷണത്തിലാണ്. സിറ്റി പൊലീസ് കമ്മിഷണർ സഞ്ജയ് കുമാർ ഗുരുദിൻ, ഡെപ്യൂട്ടി കമ്മിഷണർ ആർ. ആദിത്യ എന്നിവരുടെ നേതൃതൃത്വത്തിലാണ് റെയ്ഡ് നടന്നത്.