വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖ നിർമ്മാണസ്ഥലത്ത് ഫെൻഡർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ച സംഭവത്തിൽ തെളിവെടുപ്പ് നടന്നു. വിഴിഞ്ഞം പൊലീസും തുറമുഖ കമ്പനിയുടെ ഡ്രെഡ്‌ജിംഗ് സുരക്ഷാവിഭാഗത്തിലെ സീനിയർ ഉദ്യോഗസ്ഥരുമാണ് ഇന്നലെ തെളിവെടുപ്പ് നടത്തിയത്. അപകടം നടന്ന ശാന്തിസാഗർ- 11 എന്ന ഡ്രെഡ്‌ജറിലെത്തിയാണ് പരിശോധ പൂർത്തിയാക്കിയത്. അപകടത്തിനിടയാക്കിയ ഫെൻഡറും അനുബന്ധ ഉപകരങ്ങളും സംഘം പരിശോധിച്ചു. അപകടസമയത്ത് ഡ്രഡ്‌ജറിലുണ്ടായിരുന്ന ആറ് തൊഴിലാളികളിൽ നാലുപേരെ ചോദ്യം ചെയ്തു. മറ്റു രണ്ട് പേർ അപകടത്തിൽ മരിച്ചയാളുടെ മൃതദേഹവുമായി ആംബുലൻസിൽ ആന്ധ്രയിലേക്ക് പോയിരിക്കുകയാണ്. ഇവർ മടങ്ങിയെത്തിയശേഷം ചോദ്യംചെയ്യുമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ തുറമുഖ കമ്പനിയുടെ സുരക്ഷാവിഭാഗം മേധാവിയായ കൃഷ്ണാനന്ദ് മാർവിൻ പാർവെ അപകടത്തെക്കുറിച്ച് അന്വേഷിക്കാനെത്തും. പ്രാഥമിക അന്വേഷണത്തിൽ കംപ്രസറുപയോഗിച്ച് ഫെൻഡറിൽ വായുനിറക്കുമ്പോൾ മർദ്ദം കൂടി പൊട്ടിത്തെറിച്ചെന്നാണ് പൊലീസ് പറയുന്നത്. തുറമുഖ നിർമ്മാണ കമ്പനിയുടെ സേഫ്ടി വിഭാഗം സംഭവസ്ഥലം സന്ദർശിച്ച് തയ്യാറാക്കിയിട്ടുളള വിശദ റിപ്പോർട്ട് വിഴിഞ്ഞം പൊലീസിന് കൈമാറും. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3.30നായിരുന്നു അപകടം നടന്നത്. വിഴിഞ്ഞം എസ്.ഐ. തൃദീപ് ചന്ദ്രൻ, എ.എസ്.ഐ. ബാബുമോഹൻ എന്നിവരും ഡ്രെഡ്‌ജിംഗ് സുരക്ഷാവിഭാഗം സീനീയർ ഓഫീസർ കാർത്തികേയൻ അടക്കമുള്ള സംഘവുമാണ് തെളിവെടുപ്പിനെത്തിയത്.