വർക്കല: മെഡിക്കൽസീറ്റ് വാഗ്ദാനം നൽകി 40 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ഏറനാട് അരീക്കോട് ഊർങ്ങാടിൽ വീട്ടിൽ ഷോയിബ് അലി (40) യെയാണ് വർക്കല സി ഐ ജി. ഗോപകുമാർ, എസ്.ഐ ശ്യാംജി, എസ് സി പി ഒ മുരളീധരൻപിളള എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂർ ഹെബ്ബൽശോഭ തിയേറ്റർ അപ്പാർട്ടമെന്റിലാണ് ഇയാളുടെ താമസം. ചെറുന്നിയൂർ സ്വദേശി റൂബിസെയ്ദിന്റെ മകൾക്ക് കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജിൽ മെഡിക്കൽ സീറ്ര് തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് 40 ലക്ഷം രൂപ തട്ടിയെടുത്തതായാണ് കേസ്. 2014 ഒക്ടോബർ ഡിസംബർ മാസങ്ങളിലായി വർക്കല കൊല്ലം എന്നിവിടങ്ങളിൽ വച്ചും ബാങ്ക് അക്കൗണ്ട് വഴിയുമാണ് പരാതിക്കാരനിൽ നിന്ന് മുഖ്യപ്രതി ഷോയിബ് അലിയും കോളേജിന്റെ അക്കാലത്തെ ഡയറക്ടർമാരിലൊരാളും ചേർന്ന് ഇടനിലക്കാർ മുഖേന പണം കൈപ്പറ്റിയത്. അഡ്മിഷൻ ലഭിക്കാത്തതിനെ തുടർന്ന് പരാതിക്കാരൻ പൊലീസിനെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ 2016ലാണ് വർക്കല പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിനിടെ ഒളിവിൽ പോയ മുഖ്യ പ്രതിയുടെ പാസ്പോർട്ട് വിവരങ്ങൾ രണ്ടാഴ്ച മുമ്പ് അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിക്കുകയും തിരുവനന്തപുരം റൂറൽ എസ്. പി മുഖേന പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതിനിടെ ഖത്തറിൽ നിന്ന് ഗുജറാത്തിലെ അഹമ്മദാബാദ് എയർപോർട്ടിൽ എത്തിയ മുഖ്യ പ്രതിയെ എമിഗ്രേഷൻ വിഭാഗമാണ് തടഞ്ഞുവച്ച് പൊലീസിനെ വിവരം അറിയിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.