english-premiere-league
english premiere league

കാർഡിഫിനെ കീഴടക്കി മാഞ്ചസ്റ്റർ സിറ്റി

വീണ്ടും ഒന്നാംസ്ഥാനത്ത്

ചെൽസിക്കും ടോട്ടൻഹാമിനും വിജയം

മത്സരഫലങ്ങൾ

മാഞ്ചസ്റ്റർ സിറ്റി 2-കാർഡിഫ് 0

ചെൽസി 3-ബ്രൈട്ടൺ 0

ടോട്ടൻഹാം 2-ക്രിസ്റ്റൽ പാലസ് 0

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിലുള്ള ഒന്നാംസ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടം കൊഴുക്കുന്നു. കഴിഞ്ഞദിവസം തങ്ങളിൽനിന്ന് തട്ടിയെടുത്ത ഒന്നാംസ്ഥാനം ഇന്നലെ തിരിച്ചുപിടിച്ചാണ് മാഞ്ചസ്റ്റർ സിറ്റി കിരീടപ്പോരിൽ ഒരടി മുന്നിലെത്തിയത്.

ഇന്നലെ തങ്ങളുടെ ഹോം ഗ്രൗണ്ടായ ഇത്തിഹദ് സ്റ്റേഡിയത്തിൽ കാർഡിഫ് സിറ്റിയെ 2-0 ത്തിന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി 32 കളികളിൽനിന്ന് 80 പോയിന്റുമായാണ് 79 പോയിന്റുള്ള ലിവർപൂളിനെ മറികടന്നത്. ആറാം മിനിട്ടിൽ കെവിൻ ഡി ബ്രുയാനും 44-ാം മിനിട്ടിൽ ലെറോയ് സാനേയുമാണ് മാഞ്ചസ്റ്റർ സിറ്റിക്കുവേണ്ടി ഗോളുകൾ നേടിയത്.

ഇന്നലെ നടന്ന മറ്റ് മത്സരങ്ങളിൽ ചെൽസി 3-0 ത്തിന് ബ്രൈട്ടൺ ആൻഡ് ഹോവിനെയും ടോട്ടൻ ഹാം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ക്രിസ്റ്റൽ പാലസിനെയും തകർത്തു. 38-ാം മിനിട്ടിൽ ഒളിവർ ജിറൂദ്, 60-ാം മിനിട്ടിൽ ഏദൻ ഹസാഡ്, 63-ാം മിനിട്ടിൽലോഫ്‌റ്റസ് ചീക്ക് എന്നിവരാണ് ബ്രൈട്ടണനെതിരെ ചെൽസിക്കായി ഗോളുകൾ നേടിയത്. സൺഹ്യൂംഗ്‌മിൻ, ക്രിസ്റ്റ്യൻ എറിക്സൺ എന്നിവർ നേടിയ ഗോളുകൾക്കാണ് ടോട്ടൻഹാം ക്രിസ്റ്റൽ പാലസിനെ മറികടന്നത്.

പോയിന്റ് നില

(ടീം, കളി, പോയിന്റ്)

മാഞ്ചസ്റ്റർ സിറ്റി 32-80

ലിവർപൂൾ 32-79

ടോട്ടൻഹാം 32-64

ആഴ്സനൽ 31-63

ചെൽസി 32-63

മാഞ്ചസ്റ്റർ യുണൈറ്റഡ് 32-61

സിദാൻ വന്നിട്ടും റയലിന് തോൽവി

. റയൽ മാഡ്രിഡിനെ 2-1ന് വലൻസിയ കീഴടക്കി

. സിദാൻ വീണ്ടും കോച്ചായശേഷമുള്ള ആദ്യ തോൽവി

മാഡ്രിഡ് : സ്പാനിഷ് ലാലിഗ ഫുട്ബാളിൽ കിരീടപ്രതീക്ഷകൾ ഏറക്കുറെ അസ്തമിച്ചുകഴിഞ്ഞ റയൽമാഡ്രിഡിന് മറ്റൊരു തോൽവി കൂടി. കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വലൻസിയ ജയിച്ചത്. സിദാൻ പരിശീലക സ്ഥാനത്തേക്ക് തിരിച്ചുവന്ന ശേഷമുള്ള റയലിന്റെ ആദ്യതോൽവിയാണിത്.

35-ാം മിനിട്ടിൽ ഗോൺ സാലോ ഗ്വെയ്‌ഡെസും 83-ാം മിനിട്ടിൽ എസക്കിയേൽ ഗാരേയുമാണ് വലൻസിക്ക് വേണ്ടി ഗോളുകൾ നേടിയത്. ഫൈനൽ വിസിലിന് നിമിഷങ്ങൾ ശേഷിക്കേ കരിം ബെൻസേമയാണ് റയലിന്റെ ആശ്വാസ ഗോൾ നേടിയത്.

30 മത്സരങ്ങളിൽനിന്ന് 57 പോയിന്റുള്ള റയൽ ലാലിഗയിൽ മൂന്നാം സ്ഥാനത്താണ്. 70 പോയിന്റുമായി ബാഴ്സയാണ് മുന്നിൽ. 62 പോയിന്റുള്ള അത്‌ലറ്റിക്കോ രണ്ടാമതുണ്ട്.