തിരുവനന്തപുരം: ന്യൂജെൻ പ്രചാരണത്തിൽ സെൽഫിയാണ് താരം. സ്ഥാനാർത്ഥിയെവിടെയുണ്ടോ അവിടെല്ലാം മൊബൈലുമായി സെൽഫിക്കാരുമുണ്ട്. സിംഗിൾ സെൽഫി, ഗ്രൂപ്പ് സെൽഫി, മാസ് സെൽഫി, വിൻ സെൽഫി, ഹാപ്പിസെൽഫി തുടങ്ങി നിരവധി സെൽഫി വെറൈറ്റികൾ, സെൽഫിക്കാരുടെ മുന്നിൽ സ്ഥാനാർത്ഥിക്ക് തോറ്റുകൊടുക്കുകയേ മാർഗമുള്ളൂ. മാത്രമല്ല വാട്സ് ആപ്പിലും ഫേസ് ബുക്കിലും ഇൻസ്റ്റഗ്രാമിലുമെല്ലാം കൈമറിഞ്ഞ് പായുന്ന സെൽഫികൾ നല്ല പ്രചാരണവുമാണ്. അതുകൊണ്ട് തന്നെ സ്ഥാനാർത്ഥികൾക്ക് സെൽഫികളോട് ഒരു രഹസ്യപ്രേമവുമുണ്ട്.
തിരുവനന്തപുരത്തെ സിറ്റിംഗ് എം.പി ശശിതരൂർ തന്നെ സെൽഫികളിൽ പ്രിയങ്കരൻ. സോഷ്യൽ മീഡിയകളിൽ താരമായ തരൂർ സെൽഫിക്കാരുടെ മാസ് സ്ഥാനാർത്ഥിയാണ്. വിദ്യാർത്ഥികളും യുവാക്കളും മാത്രമല്ല മദ്ധ്യവയസ്കരായ സ്ത്രീകൾ വരെ തരൂരിനൊപ്പം സെൽഫിയെടുക്കാൻ തലയ്ക്കിടിച്ചാണ് നിൽക്കുന്നത്. തരൂരിന്റെ സ്റ്റൈലും കടുംനിറത്തിലുള്ള വസ്ത്രങ്ങളും വിവിധ സെൽഫികൾക്കായി മനസറിഞ്ഞുള്ള പോസിംഗും എല്ലാം വോട്ടർമാരുടെ മനംനിറയ്ക്കും.
തൊഴുതുനിൽക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനത്തോട് സെൽഫി ചോദിക്കാൻ പലർക്കും സങ്കോചമാണ്. ഒരു ദിവ്യനെ കാണുന്നത് പോലെയാണ് കുമ്മനത്തോട് വോട്ടർമാർ ഇടപെടുന്നത്. അതുകൊണ്ട് തന്നെ സെൽഫിയൊന്നും അവിടെയില്ല. മുഖം നോക്കാതെ സെൽഫിയെടുക്കാൻ എത്തുന്ന കുഞ്ഞുങ്ങളാണ് ഇക്കാര്യത്തിൽ കുമ്മനത്തെ തോൽപ്പിക്കുന്നത്. ഇടതു സ്ഥാനാർത്ഥി സി. ദിവാകരൻ എന്തിനും വഴങ്ങുന്ന ഫ്ളെക്സിബിളാണ്. സെൽഫിയുമാകാം തമാശയുമാകാമെന്ന മട്ട്. സെൽഫി കൂടിയാൽ കുശലം പറഞ്ഞ് കൗശലത്തോടെ അവരെ തോൽപ്പിക്കാൻ അദ്ദേഹത്തിനറിയാം. ആറ്റിങ്ങൽ മണ്ഡലത്തിൽ സെൽഫിക്കാർക്ക് ഇഷ്ടം ശോഭാസുരേന്ദ്രനോടാണ്. ചേച്ചിയോട് സെൽഫി ചോദിക്കുന്നത് പോലെ ശോഭാസുരേന്ദ്രനെ സെൽഫിക്കാർ പെട്ടെന്ന് തോൽപ്പിക്കും. എന്നാൽ മുൻമന്ത്രിയായ അടൂർ പ്രകാശ് സെൽഫി പ്രിയനല്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. സിറ്റിംഗ് എം.പി കൂടിയായ എ.സമ്പത്ത് സെൽഫിക്കാർക്ക് ഒരു വെല്ലുവിളിയൊന്നുമല്ല.
ഇന്നലെ തരൂർ നെയ്യാറ്റിൻകരയിലാണ് പര്യടനവുമായി എത്തിയത്. കടുംചുവപ്പ് നിറമുള്ള കുർത്തയണിഞ്ഞ് സുന്ദരനായി എത്തിയ തരൂരിനെ സെൽഫിക്കാർ വളഞ്ഞിട്ട് പിടിച്ചു. ഉദിയൻകുളങ്ങരയിലായിരുന്നു തുടക്കം, അമ്പലികോണം, കരിക്കിൻവിള, ചെങ്കൽ, വ്ളാത്തൻകര ആവണക്കിൻവിള വഴിയായിരുന്നു പര്യടനം. കൊടിയും തോരണങ്ങളും കൊണ്ട് അലങ്കരിച്ച വണ്ടിയിൽ അടിപൊളിയായെത്തിയ സ്ഥാനാർത്ഥിക്ക് വൻ വരവേൽപ്പായിരുന്നു. തമ്പാനൂർ രവി, സോളമൻ അലക്സ്, മുൻ എം.എൽ.എ ആർ. ശെൽവരാജ്, എ.ടി. ജോർജ് എന്നിവരുമുണ്ടായിരുന്നു. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ നേതൃത്വം നൽകി.
ഇടതുസ്ഥാനാർത്ഥി സി.ദിവാകരൻ ഇന്നലെ നീലലോഹിതദാസൻ നാടാർക്കൊപ്പമായിരുന്നു. കോവളം പ്രദേശമാകെ കറങ്ങി. അതിർത്തിയിൽ വെടിയേറ്റ് മരിച്ച ധീരജവാൻ ലൈജു എൻ.എസിന്റെ വീട്ടിൽ കയറാനും അദ്ദേഹം തിരക്കിനിടയിൽ സമയം കണ്ടെത്തി. നേതാക്കളായ ജമീലപ്രകാശം, ബി. എസ്. ഹരികുമാർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
രാവിലെ എൻ.ഡി.എയുടെ പോസ്റ്റർ പ്രകാശനചടങ്ങിൽ പങ്കെടുത്തശേഷമാണ് കുമ്മനം രാജശേഖരൻ പര്യടനത്തിനിറങ്ങിയത്. അമ്പലക്കര, കമലേശ്വരം ഭാഗങ്ങളിലും പിന്നീട് ആറ്റുകാൽ പ്രദേശത്തുമായിരുന്നു കറക്കം. ആറ്റുകാൽ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ കുമ്മനത്തിന് ഭക്തരിൽ നിന്ന് വൻ സ്വീകരണമാണ് കിട്ടിയത്. വൈകിട്ട് രാജധാനി ആഡിറ്റോറിയത്തിൽ തിരുവനന്തപുരം മണ്ഡലം കൺവെൻഷനിലും പങ്കെടുത്തു. മുൻ ക്രിക്കറ്റ് താരം ശ്രീശാന്തും മുൻ ഡി.ജി.പി ടി.പി. സെൻകുമാറും കൺവെൻഷനിൽ പങ്കെടുത്തു.
ആറ്റിങ്ങലിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് ഇന്നലെ കെ.എസ്. ശബരീനാഥൻ എം.എൽ.എയ്ക്കൊപ്പം അരുവിക്കരയിലായിരുന്നു. ആദിവാസി ഉൗരുകളിലും പട്ടികജാതി കോളനികളിലും പര്യടനം നടത്തിയ മുൻ മന്ത്രിക്ക് ഉഷ്മള സ്വീകരണമായിരുന്നു. ഉച്ചയ്ക്ക് പറയിക്കോട് സ്കൂളിലെ പൊതുയോഗത്തിലും പങ്കെടുത്തു. കാരയ്ക്കൽതോടിലാണ് ഇന്നലെ പര്യടനം സമാപിച്ചത്.
ആറ്റിങ്ങലിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാസുരേന്ദ്രന്റെ ജൻമദിനമായിരുന്നു ഇന്നലെ. വോട്ടഭ്യർത്ഥയാത്രയ്ക്കിടയിൽ ആഘോഷത്തിന് സമയം കിട്ടിയില്ല. പെരിങ്ങമ്മല മാലിന്യ പ്ലാന്റിനെതിരെ സമരം ചെയ്യുന്ന പന്തലിലെത്തി സമരക്കാരുമായി കൂടിക്കാഴ്ച നടത്തി. സമരക്കാർക്കൊപ്പമായിരുന്നു ഇന്നലെ പിറന്നാൾ സദ്യയും. സമരപ്പന്തലിൽ മധുരം നൽകി പ്രവർത്തകർ സ്ഥാനാർത്ഥിയുടെ ജന്മദിനം ആഘോഷിച്ചു. പിറന്നാൾ സമ്മാനമായി ശോഭാ സുരേന്ദ്രന് പിറന്നാൾ കോടിയും പ്രവർത്തകർ നൽകി. തുടർന്ന് പാലോട്, നന്ദിയോട്, ആനാട്, പരവൂർ, പുല്ലംമ്പാറ, നെല്ലനാട് എന്നിവിടങ്ങളിൽ വോട്ടർമാരെ കണ്ട ശേഷം വെഞ്ഞാറമൂട്ടിലെത്തി സന്ദർശനം അവസാനിപ്പിച്ചു. രാവിലെ തിരുവനന്തപുരത്ത് പ്രസ്ക്ളബിന്റെ ഫോട്ടോ വാക്കോടെയായിരുന്നു ഇന്നലത്തെ പര്യടനത്തിന്റെ തുടക്കം.
.