സൂറിച്ച് : പുതിയ ഫിഫ റാങ്കിംഗിൽ ബെൽജിയം ഒന്നാംസ്ഥാനത്ത് തുടരുമ്പോൾ രണ്ട് പടവുകൾ കയറി നൂറ്റിയാന്നാമതെത്തി ഇന്ത്യ.
പുതിയ റാങ്കിംഗിൽ ആദ്യമൂന്ന് സ്ഥാനക്കാരിൽ മാറ്റമില്ല. ബെൽജിയത്തിന് പിന്നിൽ ലോകകപ്പ് ജേതാക്കളായ ഫ്രാൻസ് രണ്ടാംസ്ഥാനത്ത്. മൂന്നാംസ്ഥാനത്ത് ബ്രസീൽ. എന്നാൽ ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയ്ക്ക് റാങ്കിംഗിൽ കാലിടറി.
ക്രൊയേഷ്യയെ മറികടന്ന് ഇംഗ്ളണ്ട് നാലാം റാങ്കിലേക്ക് എത്തി. കഴിഞ്ഞയാഴ്ച യൂറോ യോഗ്യതാറൗണ്ടിൽ ചെക്ക് റിപ്പബ്ളികിനും മോണ്ടിനെഗ്രോയ്ക്കും എതിരെ നേടിയ വിജയങ്ങളാണ് ഇംഗ്ളണ്ടിന് തുണയായത്. ക്രൊയേഷ്യ അഞ്ചാമതായി.
ഉറുഗ്വേ, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ്, സ്‌പെയ്ൻ, ഡെൻമാർക്ക്, അർജന്റീന എന്നിവരാണ് അഞ്ചുമുതൽ 11 വരെ റാങ്കുകളിൽ ജർമ്മനി 13-ാം റാങ്കിലാണ്.
എ.എഫ്.സി കപ്പിനുശേഷം ഒരുമത്സരം പോലും കളിച്ചിട്ടില്ലെങ്കിലും ഇന്ത്യയ്ക്ക് റാങ്കിംഗിൽ പുരോഗതി ഉണ്ടാവുകയായിരുന്നു. ഏഷ്യൻ റാങ്കിംഗിൽ 18-ാം സ്ഥാനത്താണ് ഇന്ത്യ. ഇറാനാണ് ഏഷ്യൻ റാങ്കിംഗിൽ ഒന്നാംസ്ഥാനത്ത്.