red-4

ശ്രീനിവാസ കിടാവ് ഒന്നു ചിരിച്ചു:

''എന്താ നിങ്ങൾക്ക് രണ്ടാൾക്കും ഓർമയില്ലേ?"

''ഉണ്ട്." ചന്ദ്രകലയുടെ ശബ്ദം പതിഞ്ഞു.

''അദ്ദേഹം..."

''ഉം." കിടാവ് അമർത്തി മൂളി.

''ഈ തറവാടിന്റെ പൂമുഖത്തുവച്ചാ അവൻ - രാമഭദ്രൻ എന്റെ കവിളത്തടിച്ചത്. ഇറങ്ങിപ്പോകാൻ ആക്രോശിച്ചത്. അന്നും തിരിച്ചടിക്കാൻ കഴിവില്ലാഞ്ഞിട്ടല്ല ഞാൻ അത് ചെയ്യാതിരുന്നത്. അടിക്ക് അടിയല്ല നൽകേണ്ടതെന്ന തിരിച്ചറിവ്."

കിടാവിന്റെ ശബ്ദം കൂർത്തു:

''അടിക്ക് മരണമാണ് മറുപടിയെന്ന് ഒരു നിമിഷം ഞാൻ മനസ്സിൽ കുറിച്ചിട്ടു. ഒന്നും പുറത്തു ഭാവിക്കാതെ... പക്ഷേ.. ഞാനൊരു അമ്യൂസ്‌മെന്റ് പാർക്ക് ഉണ്ടാക്കിയപ്പോൾ അതിന് ആദ്യം എതിർപ്പ് പ്രകടിപ്പിച്ച് ആളെ കൂട്ടിയതും അവൻ തന്നെ! ഞാനെന്താ ഭൂഗർഭജലം കുടിച്ചു വറ്റിക്കുമായിരുന്നോ?" കിടാവിന്റെ ശബ്ദം മുറുകി:

''ഒരുപക്ഷേ ഈ ചൂടുകാലത്ത് ഒറ്റ പൈസ തരാതെ ഇവിടുത്തെ നാട്ടുകാർക്ക് പാർക്കിലെ പൂളിൽ ശരീരം തണുപ്പിച്ച് നീന്തിത്തുടിക്കാമായിരുന്നു. രാമഭദ്രൻ പക്ഷേ അടങ്ങിയില്ല. എത്ര ലക്ഷം വേണമെങ്കിലും അവന്റെ അണ്ണാക്കിലേക്ക് തള്ളിവയ്ക്കാൻ ഞാൻ ഒരുക്കമായിരുന്നു..."

ശ്രീനിവാസ കിടാവിലേക്കു തന്നെ നോട്ടമുറപ്പിച്ചുകൊണ്ട് പ്രജീഷ് ഒരു സിഗററ്റ് എടുത്ത് ചുണ്ടിൽ തിരുകി.

''ഒന്നിങ്ങ് താ."

കിടാവും ഒരു സിഗററ്റു വാങ്ങി. പ്രജീഷ് അതിന്റെ അഗ്രത്തിലേക്ക് ലൈറ്ററിന്റെ തീ പകർന്നുകൊടുത്തു.

ഇരുവരും രണ്ട് മൂന്നു കവിൾ പുകയെടുത്തു.

മേശയിലേക്കു ചാരി, കിടാവിനെത്തന്നെ നോക്കി നിൽക്കുകയായിരുന്നു ചന്ദ്രകല. അവളുടെ മനസ്സിൽ ഭൂതകാലത്തിലെചില ചിത്രങ്ങൾ മിന്നിക്കൊണ്ടിരുന്നു.

പകയോടെ കിനാവ് തുടർന്നു:

''അവസാനം കോടതി എന്റെ പാർക്കിന് സ്റ്റേ ഉത്തരവു പുറപ്പെടുവിച്ചപ്പോൾ ഞാൻ മേൽകീഴ് നോക്കിയില്ല... തീർക്കാൻ തീരുമാനിച്ചു രാമഭദ്രനെ!

നാടുകാണിയിൽ വണ്ടിക്കുള്ളിൽ ചതഞ്ഞു കിടക്കുന്ന രാമഭദ്രന്റെ ദയനീയ മുഖം ഇപ്പോഴും ഉണ്ട്. എന്റെ കണ്ണുകൾക്കു മുന്നിൽ... അവസാന ശ്വാസമെടുക്കും മുൻപ് അവന്റെ മുഖത്തു നോക്കി നാല് 'വർത്തമാനം" പറയാനും എനിക്ക് കഴിഞ്ഞു..."

മുറിക്കുള്ളിൽ നെല്ലിയില വീണാൽ അറിയാവുന്ന നിശ്ശബ്ദത...

പക്ഷേ എല്ലാം കേട്ടുകൊണ്ട് ഒരാൾ പുറത്തുണ്ടായിരുന്നു. നിലവിളിച്ചു പോകുമെന്ന് തോന്നിയപ്പോൾ വായ്ക്ക് മീതെ സ്വന്തം കൈപ്പടം അമർത്തി പിടിച്ചുകൊണ്ട്....

പാഞ്ചാലി!

കിടാവ് വീണ്ടും പറയുന്നതു കേട്ടു:

''ഒരിക്കൽ ഒരുപാട് കൊതിപ്പിച്ചിട്ടുള്ള ഈ കോവിലകം എന്നെങ്കിലും സ്വന്തമാക്കണമെന്ന് അന്നു ഞാൻ തീരുമാനിച്ചു. കോവിലകം മാത്രമല്ല, രാമഭദ്രന് സ്വന്തമായിട്ടുള്ളത് എല്ലാം... അതാണ് പ്രജീഷ് വിളിച്ചപ്പോൾ ഞാൻ വേഗം വന്നത്."

നടുങ്ങി നിന്നിരുന്ന പാഞ്ചാലിക്ക് ആ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ല.

എങ്കിലും കിടാവാണ് തന്റെ പപ്പയെ കൊന്നത്, അല്ലെങ്കിൽ കൊല്ലിച്ചത് എന്ന യാഥാർത്ഥ്യം അവളിൽ പകയുടെ, ഭീതിയുടെ, നിസ്സഹായതയുടെ, സങ്കടത്തിന്റെ വൻ തിരമാലകളായി... ഹൃദയ ഭിത്തികളിൽ കരിമ്പാറക്കെട്ടുകളിൽ എന്നവണ്ണം ആ തിരകൾ വന്ന് തല്ലിയടിച്ചു.

അവൾ തടിയാൽ നിർമ്മിതമായ ഭിത്തിയിൽ അള്ളിപ്പിടിച്ചു.

താൻ ഇപ്പോൾ താഴെ വീഴും എന്നുപോലും അവൾക്കു തോന്നി.

ഇനി ഇവിടെ നിന്നാൽ അവർ തന്നെ കണ്ടെത്തും. എല്ലാം താൻ കേട്ടെന്നറിഞ്ഞാൽ പപ്പയുടെ അതേ അവസ്ഥ തന്നെയായിരിക്കും തനിക്കും എന്ന് അവൾ ഊഹിച്ചു.

വേച്ചു പോകുന്ന കാലുകളോടെ പാഞ്ചാലി ശബ്ദമൊന്നും കേൾപ്പിക്കാതെ തന്റെ മുറിയിലേക്കു നടന്നു.

ഉച്ച.

തീൻമേശയ്ക്കു മുകളിൽ വിഭവങ്ങൾ നിരന്നു.

ശ്രീനിവാസ കിടാവും പ്രജീഷും കസേരകളിലിരുന്നു.

''അവളെക്കൂടി വിളിക്ക്. പാഞ്ചാലിയെ.."

പ്രജീഷ്, ചന്ദ്രകലയെ നോക്കി.

മുഖം വെട്ടിച്ചുകൊണ്ട് ചന്ദ്രകല തെക്കുഭാഗത്തുള്ള പാഞ്ചാലിയുടെ മുറിയിൽ എത്തി...

കട്ടിലിൽ കമിഴ്‌ന്നു കിടക്കുകയായിരുന്നു പാഞ്ചാലി.

''എഴുന്നേറ്റ് ചോറ് കഴിക്കാൻ വാടീ." ചന്ദ്രകല വിളിച്ചു.

പാഞ്ചാലി പക്ഷേ അനങ്ങിയില്ല.

ഇരച്ചുവന്ന കോപം കടിച്ചൊതുക്കി ചന്ദ്രകല അകത്തേക്കു കാൽവച്ചു.

ഇവിടെ അഭിനയമാണ് ആവശ്യം. പ്രജീഷ് പറഞ്ഞത് അവൾ ഓർത്തു.

''മോളേ.." അവൾ അടവുമാറ്റി.

''എന്തൊരു കിടപ്പാ ഇത്? വന്ന് വല്ലതും കഴിക്ക്."

ചന്ദ്രകല അവളെ മെല്ലെ തടവി.

പാഞ്ചാലി കിടക്കയിൽ കൈകുത്തി എഴുന്നേറ്റു.

അവളുടെ കണ്ണുകൾ ചുവന്നിരിക്കുന്നതും കവിളിൽ നനവിന്റെ പാടുകളും ചന്ദ്രകല കണ്ടു.

''നീ കരയുകയായിരുന്നോ?"

''അല്ല മമ്മീ.." വല്ലവിധേനയും പാഞ്ചാലി ചുണ്ടനക്കി. ''വെയിൽ കൊണ്ടതു കൊണ്ടാവും വല്ലാത്ത തലവേദന."

''സാരമില്ല. ആഹാരം കഴിച്ചിട്ട് ബാം പുരട്ടി ഒന്നു കിടന്നോളൂ..."

ചന്ദ്രകല അവളെ കൈ പിടിച്ച് തീൻമേശയ്ക്ക് അരുകിലെത്തിച്ചു.

അവിടെ ശ്രീനിവാസ കിടാവിനെ കണ്ടതും അവളിൽ വല്ലാത്തൊരു നടുക്കമുണ്ടായി...

എങ്കിലും ഒന്നും പുറത്തുകാട്ടിയില്ല

പാഞ്ചാലി. മനസ്സിനുള്ളിൽ ചില കടുത്ത തീരുമാനങ്ങൾ എടുത്തിരുന്നു അവൾ...

(തുടരും)