തിരുവനന്തപുരം: പാറശാല ചെങ്കൽ തോട്ടുങ്കരയിൽ എൽ.ഡി.എഫ്. ബൂത്ത് കമ്മിറ്റി ഓഫീസ് കത്തിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഓല മേഞ്ഞ ബൂത്ത് ഓഫീസും അതിനുള്ളിലുണ്ടായിരുന്ന ബഞ്ചുകളും കത്തി നശിച്ചു. സമീപത്തെ വായനശാലയിലേക്ക് തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ചെങ്കൽ പഞ്ചായത്തിൽ ഉദിയൻകുളങ്ങര - പൊഴിയൂർ റൂട്ടിൽ തോട്ടുങ്കര ജംഗ്ഷന് സമീപത്ത് കെട്ടിപ്പൊക്കിയ ബൂത്ത് ഓഫീസാണ് അഗ്നിക്കിരയായത്. രണ്ട് ദിവസം മുമ്പ് ഇതേ ബൂത്ത് ഓഫീസ് ആരോ ഇളക്കി കളഞ്ഞിരുന്നു. അതിനുശേഷം വീണ്ടും കെട്ടുകയായിരുന്നു. തൊട്ടടുത്തുള്ള വായനശാല കെട്ടിടത്തിൽ രാത്രി പന്ത്രണ്ടരവരെ ഒരു സംഘം യുവാക്കൾ പി.എസ്.സി പരീക്ഷാ പരിശീലനം നടത്താറുണ്ട്. ഇവർ പോയശേഷമാണ് തീവയ്പ്പുണ്ടായത്. പുലർച്ചെ വഴിയാത്രക്കാരാണ് പാർട്ടി പ്രവർത്തകരെയും പൊലീസിനേയും വിവരം അറിയിച്ചത്. രണ്ട് മാസം മുമ്പ് ഇവിടങ്ങളിൽ കൊടിമരങ്ങളും ഫ്ലക്സും നശിപ്പിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. പാറശാല പൊലീസെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.