thamilsai

തൂത്തുക്കുടി: ''കലൈഞ്ജ‍രുടയ മുത്ത്... ദളപതിയുടയ അരുമ തങ്കൈ... ഉങ്കളെ തേടി വന്തുകൊണ്ടിരിക്കറേൻ...'' തൂത്തുക്കുടി മണ്ഡലത്തിലെ ചാത്തൻകുളം മണിനഗറിൽ തൊണ്ടപൊട്ടുന്ന അനൗൺസ്‌മെന്റ്. ജംഗ്ഷനിൽ ചെണ്ടമേളം തകർക്കുന്നു. മേളക്കാരുടെ വെള്ള ടീ ഷർട്ടിൽ കനിമൊഴി കൂപ്പുകൈയ്യോടെ നിൽക്കുന്ന ചിത്രം. വൈകുന്നേരത്തെ ത്തെ വെയിൽ മങ്ങിത്തുടങ്ങിയിട്ടില്ല. സ്ത്രീകളും യുവാക്കളും ഉൾപ്പെടെ വലിയ ആൾക്കൂട്ടം. അവിടെ നിന്നാണ് പ്രചരണം തുടങ്ങുന്നത്. ഡി.എം.കെയുടെ കൊടി കെട്ടിയ തുറന്ന ജീപ്പ് കനിമൊഴിക്കായി റെഡിയായി നിൽക്കുന്നു.

വൈകിട്ട് നാലിനു തുടങ്ങിയ കാത്തുനിൽപ്പ് ഒരു മണിക്കൂ‍ർ പിന്നിട്ടപ്പോൾ ജംഗ്ഷനിൽ ഒരു കാരവാൻ വന്നു നിന്നു. മുന്നിൽ കൈകൂപ്പി കനിമൊഴി ഇരിക്കുന്നു. കാരവാനിൽ നിന്ന് പുറത്തേക്കിറങ്ങിയ കനിമൊഴി പ്രചാരണ ജീപ്പിൽ കയറാതെ കാരവാനിനു പിന്നിലേക്കു കയറി. അവിടെ കുറച്ച് ഉയരത്തിൽ പ്ളാറ്റ്ഫോം പോലെ ഒരുക്കിയിട്ടുണ്ട്. തലേന്ന് ജീപ്പിൽ ഏറെനേരം നിന്ന് വോട്ടഭ്യർത്ഥന നടത്തിയതിന്റെ ക്ഷീണം കാരണമാണ് യാത്ര കാരവാനിലാക്കിയത്.

മണിനഗറിൽ രണ്ടു വരി പ്രസംഗം മാത്രം. ഞാൻ നിങ്ങളുടെ കനിമൊഴി. 18-ന് എല്ലാവരും ഉദയസൂര്യൻ ചിഹ്നത്തിൽ എനിക്ക് വോട്ടു ചെയ്യണം- വളച്ചുകെട്ടില്ലാതെ കനിമൊഴി കാര്യം പറഞ്ഞു. പ്രചാരണ വാഹനത്തിനു മുന്നിൽ അപ്പോഴേക്കും ഡി.എം.കെ, കോൺഗ്രസ് പ്രവർത്തകർ ബൈക്കുകളിൽ നിരന്നു. അവരുടെ അകമ്പടിയോടെ വാഹനം മുന്നോട്ട്. അടുത്ത ജംഗ്ഷനിലും വൻ ജനക്കൂട്ടം. മൈക്കെടുത്ത് കനിമൊഴി പ്രസംഗം തുടങ്ങി: നമ്മുടെ തമിഴ്നാടിന് സുരക്ഷ വേണോ?​ നമ്മുടെ ഇന്ത്യയ്‌ക്ക് സുരക്ഷ വേണോ?​ നമ്മുക്ക് ഓരോരുത്തർക്കും സുരക്ഷ വേണോ?​ എങ്കിൽ ബി.ജെ.പിയെ തുരത്തണം. 15 ലക്ഷം തരാമെന്നു പറഞ്ഞിട്ട് നിങ്ങളുടെ പണം തട്ടിക്കൊണ്ടു പോയില്ലേ? കർഷകർക്ക് മഴ കിട്ടുന്നുണ്ടോ,​ വിളവുണ്ടോ,​ അവന്റെ ജീവിതമെങ്ങനെയാണെന്ന് ഒരിക്കലെങ്കിലും മോദി ചിന്തിച്ചിട്ടുണ്ടോ. എല്ലാം വിൽക്കുകയാണ്. മോദി തുടർന്നാൽ നമ്മുടെ തൂത്തുക്കുടി തുറമുഖവും വിറ്റു തുലയ്ക്കും- കനിമൊഴി കത്തിക്കയറുന്നു. കേട്ടുനിൽക്കുന്നവരുടെ കൈയ്യടിയും വിസിലടിയും.

കിലോമീറ്ററുകൾ കടന്ന്, പോളയപുരം ക്രിസ്‌ത്യൻ പള്ളിമുറ്റത്ത് എത്തിയപ്പോൾ കനിമൊഴി കാരവാനിൽ നിന്ന് ഇറങ്ങി സ്ത്രീകളുടെ അടുത്തെത്തി. അവർ പട്ടു ഷാൾ അണിയിച്ച് സ്വീകരിച്ചു. "നീങ്ക പേശണം"- കൂട്ടത്തിൽ ഒരു വൃദ്ധന്റെ ആവശ്യം. കനിമൊഴി മൈക്കെടുത്തു.

രാജ്യസഭാംഗമായ കനിമൊഴിയുടെ കാലാവധി ജൂണിൽ തീരും. ഡി.എം.കെയുടെ ദേശീയമുഖമായ കനിമൊഴി ആദ്യമായാണ് പൊതുതിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. വിജയം അനായാസമെന്ന് തുടക്കത്തിൽ കരുതിയിരുന്നുവെങ്കിലും മത്സരം കടുത്തിരിക്കുന്നു. ബി..ജെ.പി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദർരാജൻ ആണ് എതിർ സ്ഥാനാർത്ഥി. ടു ജി സ്‌പെ‌ക്‌ട്രം കേസിൽ കനിമൊഴി അറസ്റ്റിലായത് ഉൾപ്പെടെയുള്ള കാര്യങ്ങളും ഡി.എം.കെയുടെ കുടുംബവാഴ്ചയും എടുത്തുകാട്ടിയാണ് തമിഴിസൈയുടെ വോട്ടു പിടിത്തം. നാടാർ സമുദായത്തിന് മേൽക്കൈയുള്ള തൂത്തുക്കുടിയുടെ വോട്ട് അതേ സമുദായക്കാരിയായ തമിഴിസൈ നേടുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി.