ഉള്ളൂർ: എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചികിത്സാ പിഴവാണെന്നാരോപിച്ച് ബന്ധുക്കൾ ബഹളം കൂട്ടിയത് സംഘർഷത്തിനിടയാക്കി. കൊല്ലങ്കോട് ഫാത്തിമനഗർ ലിറ്റിൽ ഫ്ളവർ ഹൗസിൽ സ്നേഹമണിയാണ് (28) മരിച്ചത്. ഗർഭിണിയാണോയെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞ മാസം 9നാണ് ഇവരെ എസ്.എ.ടിയിൽ പ്രവേശിപ്പിച്ചത്. മൂന്നാഴ്ചയായി ഇവിടെ ചികിത്സയിൽ കഴിയുന്ന ഇവരെ നിരവധി തവണ സ്കാനിംഗുൾപ്പെടെയുള്ള പരിശോധനകൾക്ക് വിധേയയാക്കിയെങ്കിലും ഗർഭിണിയാണോയെന്ന് സ്ഥിരീകരിക്കാനായില്ല. വയറിനുള്ളിൽ ഒരു മുഴപ്പ് കാണപ്പെടുന്നതായി അറിയിച്ച് ബയോപ്സിയുൾപ്പെടെയുള്ള പരിശോധനകൾക്ക് വിധേയയാക്കിയ യുവതിയ്ക്ക് ട്യൂബുലാർ പ്രഗ്നൻസിയാണെന്ന സംശയവും ഡോക്ടർമാർ പ്രകടിപ്പിച്ചതായി ബന്ധുക്കൾ പറയുന്നു.
ഇന്നലെ രാത്രി രക്തസ്രാവത്തെ തുടർന്ന് തിയേറ്ററിലേക്ക് മാറ്റിയ യുവതി മരണപ്പെട്ടതായാണ് അൽപ്പസമയത്തിനുശേഷം ആശുപത്രി ജീവനക്കാർ ബന്ധുക്കളെ അറിയിച്ചത്. മൂന്നാഴ്ചയിലേറെയായിട്ടും യുവതിയുടെ രോഗം കണ്ടെത്താൻ കഴിയാത്തതാണ് സംശയങ്ങൾക്ക് ഇടയാക്കുന്നത്. സംഭവത്തിൽ ബന്ധുക്കളും കൂട്ടിരിപ്പുകാരും ബഹളം കൂട്ടിയതോടെ ആശുപത്രിയിൽ സംഘർഷാന്തരീക്ഷം ഉടലെടുത്തു. വിവരമറിഞ്ഞെത്തിയ മെഡിക്കൽ കോളേജ് പൊലീസ് അനുനയചർച്ചകൾ നടത്തിയെങ്കിലും വിജയിച്ചില്ല. ആശുപത്രി സൂപ്രണ്ടെത്തി യുവതിയുടെ മരണകാരണമെന്തെന്ന് വെളിപ്പെടുത്തണമെന്ന നിലപാടിലായിരുന്നു ബന്ധുക്കൾ. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തശേഷം ചികിത്സാ പിഴവുണ്ടെങ്കിൽ ആശുപത്രി ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാമെന്ന ഉറപ്പിൽ ബന്ധുക്കൾ പ്രതിഷേധം അവസാനിപ്പിച്ചു. മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. എന്നാൽ ചികിത്സാപിഴവുണ്ടായിട്ടില്ലെന്നും യുവതിക്ക് ആശുപത്രിയിൽ സാദ്ധ്യമായ എല്ലാ ചികിത്സയും നൽകിയതായും ആശുപത്രി സൂപ്രണ്ട് വെളിപ്പെടുത്തി.