shankar-r

തിരുവനന്തപുരം: കേരളം കണ്ട മികച്ച ഭരണാധികാരികളിൽ ഒരാളായ ആർ.ശങ്കർ ഒരു തിരഞ്ഞെടുപ്പിൽ കാലിടറി വീഴുന്നതിനും സംസ്ഥാനം സാക്ഷ്യം വഹിച്ചു.1967- ലെ ലോക് സഭാ തിരഞ്ഞെടുപ്പ്. ഇന്നത്തെ ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലം അന്ന് ചിറയിൻകീഴ് മണ്ഡലത്തിന്റെ ഭാഗം. ചരിത്രത്തിലെ എണ്ണംപറഞ്ഞ പോരാട്ടങ്ങളിലൊന്നിൽ ആർ. ശങ്കറിനെ വീഴ്‌ത്തിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തനായ നേതാവ് കെ.അനിരുദ്ധൻ ആയിരുന്നു. അതേ അനിരുദ്ധന്റെ മകൻ കെ. സമ്പത്ത് ആറ്റിങ്ങലിൽ നിന്ന് ഇക്കുറി നാലാം മത്സരത്തിന്റെ പ്രചാരണത്തിരക്കിൽ.

1957-ലും 62-ലും അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി എം.കെ.കുമാരനിലൂടെ കുത്തകയാക്കിത്തുടങ്ങിയ ചിറയിൻകീഴ് മണ്ഡലം എങ്ങനെയും പിടിക്കുക എന്ന വാശിയോടെയാണ് 67-ൽ കോൺഗ്രസ് ആർ.ശങ്കറെ ഗോദയിലിറക്കി പോരാട്ടം മുറുക്കിയത്. 1960 മുതൽ 62 വരെ കേരളത്തിന്റെ ഉപമുഖ്യമന്ത്രിയും 1962 മുതൽ 64 വരെ മുഖ്യമന്ത്രിയുമായിരുന്ന ആർ.ശങ്കർ എല്ലാ തലയെടുപ്പോടും കൂടിയാണ് കളത്തിലിറങ്ങിയത്.

1963-ലും 65-ലും കേരള നിയമസഭയിൽ അംഗമായിരുന്നു കെ.അനിരുദ്ധൻ. സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം. 1965-ലെ നിയമസഭാ തിര‌ഞ്ഞെടുപ്പിൽ ജയിലിൽ കിടന്നായിരുന്നു മത്സരവും ജയവും. ഇതൊക്കെയാണെങ്കിലും ശങ്കറിന്റെ പ്രഭയ്‌ക്കു മുന്നിൽ പിടിച്ചുനിൽക്കാൻ അനിരുദ്ധനു കഴിയുമോ എന്ന ആശങ്ക ഇടതുപക്ഷ അനുഭാവികൾക്കു പോലുമുണ്ടായി.

വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, കിളിമാനൂർ,വാമനപുരം, ആര്യനാട്, നെടുമങ്ങാട്, കഴക്കൂട്ടം എന്നീ എട്ട് അസംബ്ളി മണ്ഡലങ്ങൾ ഉൾപ്പെട്ടതായിരുന്നു അന്നത്തെ ചിറയിൻകീഴ് മണ്ഡലം.നിരവധി സമരപോരാട്ടങ്ങൾ കണ്ട മണ്ണ്.അദ്ധ്വാനവർഗ്ഗത്തിന് വലിയ സ്വാധീനമുള്ള മേഖല. കോൺഗ്രസിനൊപ്പം ലീഗും കേരളാ കോൺഗ്രസുമുണ്ട്. സി.പി.എം മുന്നണിയിൽ പി.എസ്.പിയും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗും. ആർ.ശങ്കറിനു വേണ്ടി പല പ്രമുഖരും പ്രചാരണത്തിനിറങ്ങി. മന്നത്തു പത്മനാഭൻ ഒരു ദിവസം മുഴുവൻ ശങ്കറിനൊപ്പം കാറിൽ മണ്ഡലത്തിൽ സഞ്ചരിച്ച് വോട്ട് അഭ്യർത്ഥിച്ചു. ആർ.ശങ്കറിന്റെ വിജയത്തിൽ കുറഞ്ഞൊന്നും ആരും പ്രതീക്ഷിച്ചില്ല.

പിളർപ്പിനു ശേഷമാണെങ്കിലും ദേശീയതലത്തിൽ കമ്യൂണിസ്റ്റ് പാർട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ച തിരഞ്ഞെടുപ്പു കൂടിയായിരുന്നു അത്. അതിന്റെ പ്രതിഫലനം കേരളത്തിലുമുണ്ടായി. തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ കേരളം ഞെട്ടി. 29,343 വോട്ടുകളുടെ വ്യത്യാസത്തിൽ അനിരുദ്ധൻ മഹാനായ ആർ.ശങ്കറെ മലർത്തിയടിച്ചു.