രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ മത്സരം ഈ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ വിജയ സാദ്ധ്യതകളെ തകിടം മറിക്കില്ലെന്നും, വയനാട് ഉൾപ്പെടെ സംസ്ഥാനത്തെ ഭൂരിഭാഗം സീറ്റുകളും എൽ.ഡി.എഫ് പിടിക്കുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അവകാശപ്പെട്ടു. 2004ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 സീറ്റിൽ 18 ഉം നേടിയത് എൽ.ഡി.എഫാണ്. കോൺഗ്രസിന് ഒരു സീറ്റ് പോലും കിട്ടിയില്ല. ഏതാണ്ട് അതേ സ്ഥിതിയാണ് ഇത്തവണയും സംഭവിക്കാൻ പോകുന്നതെന്നും കാനം കേരളകൗമുദിയോട് പറഞ്ഞു.
ഇത് അതിര് കടന്ന ആത്മവിശ്വാസമാവില്ലേ?.
വയനാട് ഇപ്പോൾ യു.ഡി.എഫിന്റെ ഉറച്ച സീറ്റൊന്നുമല്ല. 2009ൽ കോൺഗ്രസിലെ എം.ഐ.ഷാനവാസിന് ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് കിട്ടിയത് രണ്ടരലക്ഷം വോട്ടാണ്. സ്വതന്ത്രനായി മത്സരിച്ച കെ.മുരളീധരനും കിട്ടി 99,000 വോട്ട്. 2014ൽ ഷാനവാസിന്റെ ഭൂരിപക്ഷം 20,000 വോട്ടായി കുറഞ്ഞു. എൽ.ഡി.എഫിന് ലഭിച്ച വോട്ട് 3.75 ലക്ഷമായി ഉയർന്നു. അന്ന് വയനാട്ടിൽ സ്വതന്ത്രനായി മത്സരിച്ച അബ്ദുൾ റഹ്‌മാൻ 39,000 വോട്ട് പിടിച്ചു. അദ്ദേഹം ഇപ്പോൾ എൽ.ഡി.എഫ് എം.എൽ.എയാണ്. ഇനി മറ്റൊരു കണക്ക്.
2014ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വയനാട്ടിലെ ഏഴ് നിയമസഭാ സീറ്രിലും ഭൂരിപക്ഷം യു.ഡി.എഫിനായിരുന്നു. എന്നാൽ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതിൽ നാല് സീറ്റും കിട്ടിയത് എൽ.ഡി.എഫിനാണ്. എൽ.ഡി.എഫിന് അവിടെ വോട്ട് കൂടി വരികയാണ്. അന്ന് നിയമസഭയിലേക്ക് മത്സരിച്ച് 40,000 വോട്ട് പിടിച്ച സി.കെ.ജാനു ഇപ്പോൾ എൽ.ഡി.എഫിനൊപ്പമാണ്. അന്ന് യു.ഡി.എഫിലായിരുന്ന എം.പി .വീരേന്ദ്രകുമാറിന്റെ പാർട്ടിയും ഇപ്പോൾ ഞങ്ങൾക്കൊപ്പമാണ്. അവർക്കും അവിടെ സ്വാധീനമുണ്ട്.
പക്ഷേ, രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം സൃഷ്ടിക്കാനിടയുള്ള ചലനങ്ങൾ ഈ കണക്കുകളെ അപ്രസക്തമാക്കില്ലേ ? രാഹുലിന്റെ രംഗപ്രവേശം ദക്ഷിണേന്ത്യയിലാകെ തരംഗം സൃഷ്ടിക്കുമെന്നും കേരളത്തിലെ 20 സീറ്രും യു.ഡി.എഫ് തൂത്തുവാരുമെന്നുമാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.?
സ്വന്തം നാടായ യു.പിയിൽപോലും 2014ലെ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് തരംഗമുണ്ടാക്കാനായില്ല. അവിടെ 80 സീറ്രിൽ 71 ഉം നേടിയത് ബി.ജെ.പിയാണ്. അതേ രാഹുൽ ഗാന്ധി കേരളത്തിൽ വന്ന് എന്ത് തരംഗമുണ്ടാക്കാനാണ് ?
രാഹുലിന്റെ വരവ് എൽ.ഡി.എഫിനെ അങ്കലാപ്പിലാക്കിയോ?.
ഒരു അങ്കലാപ്പുമില്ല. ഞങ്ങൾക്ക് കേരളത്തിലെ ജനങ്ങളിൽ വിശ്വാസമുണ്ട്. കേരളത്തിൽ ബി.ജെ.പി- ആർ.എസ്.എസ് ശക്തികളെ ഫലപ്രദമായി നേരിടാൻ കഴിയുന്നത് എൽ.ഡി.എഫിനാണ്. ബി.ജെ.പിക്ക് വയനാട്ടിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കെട്ടിവച്ച കാശ് പോലും കിട്ടിയില്ല. അവരെ തോൽപ്പിക്കാനല്ലല്ലോ രാഹുൽ ഗാന്ധി വരുന്നത് . ഇടതുപക്ഷത്തെ നേരിടാനല്ലേ. ദേശീയ തലത്തിൽ മോദി സർക്കാരിനെതിരായ പ്രതിപക്ഷ ബദൽ മുന്നേറ്രത്തെ തകർക്കാനേ ഇത് വഴിയൊരുക്കൂ.
സി.പി.എമ്മിനെതിരെ ഒന്നും പറയില്ലെന്നാണ് രാഹുൽ കഴിഞ്ഞ ദിവസം വയനാട്ടിൽ പറഞ്ഞത് ?
പക്ഷേ,ഞങ്ങൾക്ക് പറയാനുണ്ട്. വയനാട്ടിൽ നോമിനേഷൻ കൊടുത്തതോടെ രാഹുലും കേരളത്തിലെ 20 യു.ഡി.എഫ് സ്ഥാനാർത്ഥികളിൽ ഒരാൾ മാത്രമാണ്. അത്തരത്തിൽ തന്നെ ഞങ്ങൾ നേരിടും അതിൽ ഒരു സൗമനസ്യവും ഉണ്ടാവില്ല. രാഹുൽ ഗാന്ധിക്ക് തമിഴ്നാട്ടിൽ പോയാൽ ഡി.എം.കെ മുന്നണിയിൽ തിരുപ്പൂരിൽ മത്സരിക്കുന്ന സി.പി.ഐയുടെയും കോയമ്പത്തൂരിൽ സി.പി.എമ്മിന്റെയും സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ട് ചോദിക്കേണ്ടി വരില്ലേ.
തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തിൽ കോൺഗ്രസിന്റെ കൂടി പിന്തുണയോടെ ബി.ജെ.പി ഇതര സർക്കാർ രൂപീകരിക്കാനുള്ള സാദ്ധ്യത വന്നാലോ?
അപ്പോഴത്തെ സാഹചര്യം നോക്കി തീരുമാനമെടുക്കും. തിരഞ്ഞെടുപ്പിന് ശേഷമുള്ള ഇടത് മതേതര സഖ്യങ്ങളാണ് കേന്ദ്രത്തിൽ പലപ്പോഴും സർക്കാർ രൂപീകരിച്ചിട്ടുള്ളത്. 2004ലെ ഒന്നാം . യു.പി.എ സർക്കാരിന്റെ സ്ഥിതിയും ഇതായിരുന്നു. ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും കൂടുതൽ സീറ്റ് കിട്ടുന്ന വലിയ കക്ഷിയാവുമെന്ന പ്രതീക്ഷ വേണ്ട. ഉത്തരേന്ത്യയിൽ കുറച്ച് സീറ്റേ അവർക്ക് കിട്ടാനിടയുള്ളൂ. ദക്ഷിണേന്ത്യയിൽ 50 ൽ താഴെ സീറ്റിൽ മത്സരിക്കുന്ന കോൺഗ്രസ് എല്ലാ സീറ്റിലും ജയിച്ചാൽ പോലും സർക്കാരുണ്ടാക്കാനാവില്ല.
ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയ്ക്കും സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ല. വിവിധ സംസ്ഥാനങ്ങളിൽ ശക്തമായ സ്വാധീനമുള്ള പ്രാദേശിക പാർട്ടികൾ കൂടി ഉൾപ്പെട്ട മതേതര ബദൽ സർക്കാരിനാണ് സാദ്ധ്യത.
പ്രളയം സംബന്ധിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതാണല്ലോ?.
അത് കോടതി നിയോഗിച്ച അഭിഭാഷകന്റെ അഭിപ്രായപ്രകടനം മാത്രമാണ്. സാങ്കേതിക പരിജ്ഞാനമില്ലാത്തതാണ്. കേന്ദ്ര ജല കമ്മിഷന്റെയും ഐക്യരാഷ്ട്രസഭയുടെയും റിപ്പോർട്ടുകളിൽ സർക്കാരിനെ കുറ്റപ്പെടുത്തുന്നില്ല. ഈ റിപ്പോർട്ടിനും മാദ്ധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്ത സമയത്തിനും പിന്നിൽ ഗൂഢാലോചന സംശയിക്കുന്നു.