തൃശൂരിൽ ചിയ്യാരത്ത് വ്യാഴാഴ്ച അതിരാവിലെ ഉറക്കമുണർന്ന പാടെ ദാരുണമാംവിധം കൊല്ലപ്പെട്ട നീതുവും ഈ ക്രൂരകൃത്യം നടത്തിയ നീതിഷ് എന്ന യുവാവും മൂന്നുവർഷമായി കൊടിയ പ്രണയത്തിലായിരുന്നുവെന്നാണ് ഇപ്പോൾ പുറം ലോകത്തുള്ളവർ കേൾക്കുന്നത്. അങ്ങനെ പ്രണയിച്ചു നടന്നവർക്കിടയിൽ ഇതുപോലൊരു ശത്രുത ഉണ്ടാകുന്നതും കാമുകൻ ഒരു ദയയുമില്ലാതെ കാമുകിയെ കുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ചു കൊല്ലുന്നതുമൊക്കെ സാധാരണ മനുഷ്യർക്ക് സങ്കല്പാതീത സംഭവമാണ്. പ്രേമാർദ്രഭാവങ്ങൾ നിറഞ്ഞ മനസ് എത്ര വേഗമാണ് പിശാചിന്റേതായി മാറുന്നതെന്ന് നാടിനെ ഒന്നടങ്കം നടുക്കിയ ഇത്തരം ക്രൂര കൊലപാതകങ്ങൾ കാട്ടിത്തരുന്നു. മലയാളികൾക്ക് അപരിചിതമായ ഇത്തരം ക്രൂരകൃത്യങ്ങൾ പലേടത്തും ആവർത്തിക്കുന്നുവെന്നതാണ് മനസാക്ഷിയുള്ളവരെയെല്ലാം ഞെട്ടിക്കുന്നത്. മനസിൽ കൊണ്ടുനടന്ന പ്രണയവും സ്നേഹവുമൊക്കെ വെറും നാട്യം മാത്രമായിരുന്നു എന്നല്ലേ ഈ ക്രൂര പ്രവൃത്തിയിലൂടെ തെളിയുന്നത്. പ്രണയം തകർന്നതിൽ കുപിതനായാണത്രെ നിതീഷ് മൂന്നുവർഷമായി പ്രേമഭാജനമായി കൊണ്ടുനടന്ന യുവതിയെ ഒരു മനസാക്ഷിക്കുത്തുമില്ലാതെ പൈശാചികമായി കൊലപ്പെടുത്തിയത്. പ്രേമാഭ്യർത്ഥന നിരസിക്കപ്പെട്ടതിന്റെ പേരിൽ യുവതികൾ ആക്രമിക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവങ്ങൾക്ക് അടുത്ത കാലത്തായി തുടർച്ചയായി മലയാളി സമൂഹം സാക്ഷികളാകേണ്ടിവരികയാണ്. കഷ്ടിച്ച് ഒരു മാസം മുൻപാണ് തിരുവല്ലയിൽ യുവതിയെ നടുറോഡിൽ യുവാവ് കുത്തിയ ശേഷം പെട്രോളൊഴിച്ച് തീവച്ചത്. മരണത്തോടു മല്ലടിച്ച് എട്ടുദിവസം ആശുപത്രിയിൽ നരകയാതന അനുഭവിച്ച ശേഷമാണ് മരണം ഹതഭാഗ്യയായ ആ യുവതിയോട് കരുണ കാട്ടിയത്.
ചിയ്യാരത്ത് കാമുകന്റെ കൈയാൽ വ്യാഴാഴ്ച മരണത്തിനിരയായ നീതു ബി.ടെക് മൂന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു. രണ്ടാം വയസിൽ അമ്മയെയും പിന്നീട് പിതാവിനെയും നഷ്ടപ്പെട്ട ആ കുട്ടി മുത്തശ്ശിയുടെ സംരക്ഷണയിലാണ് കഴിഞ്ഞുവന്നത്. യുവതലമുറയുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട നിതീഷുമായി പ്രണയത്തിലാവുകയായിരുന്നു. വിവാഹാലോചന വരെ എത്തുകയും ചെയ്തു. എതിർപ്പുണ്ടായിരുന്നുവെങ്കിലും പഠനം കഴിഞ്ഞ് ആലോചിക്കാമെന്നായിരുന്നു വീട്ടുകാരുടെ നിലപാട്. ഈ അടുത്ത നാളുകളിൽ നിതീഷുമായുള്ള പ്രണയത്തിൽ നിന്ന് നീതു പിന്മാറാൻ ശ്രമിച്ചതാണ് അയാളെ ക്രുദ്ധനാക്കിയതും അരുംകൊലയ്ക്ക് പ്രേരിപ്പിച്ചതുമെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. കൊല യാദൃച്ഛികമായിരുന്നില്ലെന്നതിനും പൊലീസിനു വേണ്ടത്ര തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഓൺലൈൻ വഴി കത്തി വാങ്ങിയതും പെട്രോളുമായി കാമുകിയുടെ വസതിയിലെത്തിയതുമൊക്കെ ശരിയായ ആസൂത്രണത്തോടുകൂടിത്തന്നെയാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. ചോദ്യം ചെയ്യലിൽ ഇതെല്ലാം പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുമുണ്ടത്രെ.
പ്രണയം പരാജയപ്പെട്ടാൽ കാമുകിയെ വകവരുത്തുന്ന പ്രാകൃത മുറകൾ പണ്ടുകാലത്ത് അത്യപൂർവമായിരുന്നു. പ്രണയഭംഗത്തെത്തുടർന്ന് നാടുവിടുന്നവരുടെയും അറ്റകൈയ്ക്ക് ഒരു മുഴം കയറെടുക്കുന്നവരെയും കുറിച്ചുള്ള കഥകളേ കേട്ടിരുന്നുള്ളൂ. വിവരവും വിദ്യാഭ്യാസവുമുള്ളവരാണെങ്കിൽ യാഥാർത്ഥ്യത്തോടു പൊരുത്തപ്പെട്ടുപോകാനാകും ശ്രമിക്കുക. ഇപ്പോഴത്തെ തലമുറ എല്ലാ കാര്യങ്ങളിലും വേറിട്ട ചിന്ത പുലർത്തുന്നതുകൊണ്ടാവാം മനുഷ്യർക്കു നിരക്കാത്ത അധമ പ്രവൃത്തികൾ ചെയ്യാൻ ഒരു മടിയുമില്ലാത്തവരായി മാറുന്നത്. തൃശൂർ സംഭവത്തിലെ ഇരുപത്തേഴുകാരനായ പ്രതി വിദ്യാസമ്പന്നനും മാന്യമായ ഉദ്യോഗമുള്ളവനുമാണ്. കുടുംബ പശ്ചാത്തലവും നല്ലതു തന്നെ. ഇതൊക്കെ ഉണ്ടായിട്ടും പ്രണയത്തകർച്ച സുമുഖനായ ആ ചെറുപ്പക്കാരനെ മനുഷ്യമൃഗമാക്കി മാറ്റി. യുവതിയെ നിഷ്ഠുരമായി വധിച്ചു തന്നെ പ്രതികാരം വീട്ടുകയും ചെയ്തു. യുവതലമുറയുടെ മാനസികനില എത്രമാത്രം അപകടാവസ്ഥയിലാണെന്നതിന്റെ ദൃഷ്ടാന്തമാണിത്. ആശിച്ചതു ലഭിച്ചില്ലെങ്കിൽ എന്തുചെയ്യാനും മടിക്കാത്തവരുടെ ഒരു പ്രതിനിധി മാത്രമാണ് ഈ യുവാവ്. സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട് അന്തർമുഖ സ്വഭാവത്തോടുകൂടി കഴിയുന്ന പലരും യാഥാർത്ഥ്യങ്ങളെ നേരിടാൻ കെല്പില്ലാത്തവരായിരിക്കും. രോഗഗ്രസ്ഥമായ ഒരു തലമുറ സമൂഹത്തിൽ വളർന്നുവരുന്നുവെന്ന യാഥാർത്ഥ്യം ഒറ്റപ്പെട്ടതാണെങ്കിലും ഇത്തരം സംഭവങ്ങൾ ഓർമ്മപ്പെടുത്തുന്നു. സ്വന്തം വീടുകളിൽത്തന്നെ അപരിചിതരായിക്കൊണ്ടിരിക്കുന്ന കുട്ടികൾ ഏറെയുള്ള സമൂഹമായി കേരളം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും ജീവിതസൗകര്യങ്ങളും നൽകുന്നതിനൊപ്പം തന്നെ ആരോഗ്യകരമായ മനോനില കൂടി വളർത്തിയെടുക്കാനും രക്ഷാകർത്താക്കൾ ശ്രദ്ധിക്കണം.