തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അനധികൃത പണമൊഴുക്ക് തടയാൻ രാജ്യത്ത് തിരഞ്ഞെടുപ്പ് കമ്മിഷനും ആദായനികുതി വകുപ്പും നടത്തിയ റെയ്ഡിൽ കഴിഞ്ഞ ദിവസംവരെ പിടികൂടിയത് 434.03 കോടി രൂപ. പണം മാത്രമല്ല മയക്കുമരുന്ന്, മദ്യം തുടങ്ങിയവയും പിടികൂടിയിട്ടുണ്ട്. അനധികൃതമായി പണം കൈവശം വയ്ക്കുകയോ വാഹനങ്ങളിൽ കൊണ്ടുപോകുകയോ ചെയ്താൽ സ്പെഷ്യൽ സ്ക്വാഡ‌് പിടികൂടും. ഇതിനായി സംസ്ഥാനങ്ങളിൽ വാഹന പരിശോധനകളും നടക്കുന്നുണ്ട്.
തിരഞ്ഞെടുപ്പിൽ അനധികൃത പണമൊഴുക്ക് തടയാൻ തിരഞ്ഞെടുപ്പ് കമ്മിഷനും ആദായ നികുതി വകുപ്പും കർശന നടപടികളാണ് സ്വീകരിക്കുന്നത്. വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകുന്നത് അടക്കം തടയുകയാണ് ലക്ഷ്യം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തിരഞ്ഞെടുപ്പുകാലത്തെ അനധികൃത പണമൊഴുക്ക് തടയാൻ പ്രത്യേക സംഘത്തെ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചിട്ടുണ്ട്.
തമിഴ്നാട്ടിൽ നിന്നാണ് ഇതുവരെ ഏറ്രവുമധികം പണം പിടികൂടിയത്. 143.14 കോടി രൂപ. ആന്ധ്രയിൽ നിന്ന് 95.79 കോടിയും യു.പിയിൽ നിന്ന് 26.92 കോടി രൂപയും പഞ്ചാബിൽ നിന്ന് 17.89 കോടിയും പിടികൂടിയിട്ടുണ്ട്. പശ്ചിമ ബംഗാളിൽ നിന്ന് 19.29 കോടി, കർണാടകത്തിൽ നിന്ന് 24.75 കോടി, അസമിൽ നിന്ന് 6.62 കോടി, അരുണാചൽ പ്രദേശിൽ നിന്ന് 5.73 കോടി എന്നിങ്ങനെയും പിടിച്ചെടുത്തു. കേരളത്തിൽ നിന്ന് ഇതുവരെ 1.58 കോടി രൂപയാണ് പിടിച്ചെടുത്തത്. വ്യാപകമായ തോതിൽ മദ്യവും പലയിടങ്ങളിൽ നിന്നും പിടിച്ചെടുക്കുന്നുണ്ട്. ഇതുവരെ 2.53 ലക്ഷം ലിറ്രർ മദ്യമാണ് പിടിച്ചെടുത്തത്. ഇതിന് 167.83 കോടി രൂപ വില വരും. പണമുൾപ്പെടെ 1700.16 കോടി രൂപ വിലവരുന്ന സാധനങ്ങളാണ് ഇതുവരെ കമ്മിഷൻ പിടിച്ചെടുത്തത്.
സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് അധികരിക്കുന്നുണ്ടോ എന്നും കമ്മിഷൻ പരിശോധിക്കുന്നുണ്ട്. നിശ്ചയിക്കപ്പെട്ട തുകയെക്കാളും പതിന്മടങ്ങാണ് പലപ്പോഴും സ്ഥാനാർത്ഥികൾ ചെലവിടുക. ഒരു ലോക്‌സഭാ മണ്ഡലത്തിൽ 70ലക്ഷം രൂപയാണ് ഒരു സ്ഥാനാർത്ഥിക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ചിരിക്കുന്ന തുക.
ഒരു സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതു മുതൽ പ്രചാരണത്തിനായി ചെലവാക്കുന്ന തുകയുടെ കണക്ക് അതാത് മണ്ഡലത്തിലെ വരണാധികാരികൾക്ക് സമർപ്പിക്കണമെന്നുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ചെലവഴിക്കുന്നതിന്റെ ചെറിയ ഭാഗം മാത്രമാണ് ഔദ്യോഗികമായി കാണിക്കുന്നത്. ഇത് കണ്ടെത്താൻ കമ്മിഷൻ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.