ഉള്ളൂർ: എസ്.എ.ടി ആശുപത്രിയിൽ യുവതി മരിച്ചത് ചികിത്സാപ്പിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ ബഹളംവച്ചു. കൊല്ലങ്കോട് ഫാത്തിമാനഗർ ലിറ്റിൽഫ്ളവർ ഹൗസിൽ സ്നേഹറാണി (28) ആണ് മരിച്ചത്. ഗർഭിണിയാണോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞ മാസം 9നാണ് ഇവരെ എസ്.എ.ടിയിൽ പ്രവേശിപ്പിച്ചത്. 3 ആഴ്ചയിലേറെയായിട്ടും പല തവണ അൾട്രാ സൗണ്ട് സ്കാനിംഗ് ഉൾപ്പെടെയുള്ള പരിശോധനകൾക്ക് വിധേയയാക്കിയെങ്കിലും ഗർഭിണിയാണോയെന്ന് സ്ഥിരീകരിക്കാനായില്ല. ട്യൂബുലാർ പ്രഗ്നൻസിയാണെന്ന സംശയവും ഡോക്ടർമാർ പ്രകടിപ്പിച്ചതായി ബന്ധുക്കൾ പറയുന്നു. എന്നാൽ, 4ന് രാത്രി രക്തസ്രാവത്തെത്തുടർന്ന് തിയേറ്ററിലേക്ക് മാറ്റിയ യുവതി മരിച്ചതായാണ് ആശുപത്രി ജീവനക്കാർ ബന്ധുക്കളെ അറിയിച്ചത്. മൂന്നാഴ്ചയിലേറെ എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിട്ടും വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയില്ലെന്ന് ആക്ഷേപമുണ്ട്.
അതേസമയം, ചികിത്സാപ്പിഴവുണ്ടായിട്ടില്ലെന്നും സാദ്ധ്യമായ എല്ലാ ചികിത്സയും നൽകിയതായും ആശുപത്രി സൂപ്രണ്ട് ഡോ. സന്തോഷ് കുമാർ അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസും പറഞ്ഞു.