oommen-chandy

തിരുവനന്തപുരം: സി.പി.എമ്മിനെതിരെ ഒന്നും പറയില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞതിനർത്ഥം വ്യക്തിപരമായ വിമർശനമുണ്ടാവില്ല എന്നാണെന്നും രാഷ്ട്രീയ വിമർശനങ്ങൾക്ക് മറുപടിയുണ്ടാകുമെന്നും കോൺഗ്രസ് പ്രവർത്തകസമിതി അംഗം ഉമ്മൻചാണ്ടി പറഞ്ഞു. ബി.ജെ.പിക്കെതിരായുള്ള പോരാട്ടമാണ് രാഹുൽ വയനാട്ടിലും നടത്തുന്നത്. ദക്ഷിണേന്ത്യയിൽ ബി.ജെ.പിയുടെ സാന്നിദ്ധ്യം പൂർണമായി ഒഴിവാക്കാൻ സഹായിക്കുന്നതാണ് രാഹുലിന്റെ വയനാട്ടിലെ മത്സരമെന്നും കേസരി ഹാളിൽ മുഖാമുഖം പരിപാടിയിൽ ഉമ്മൻചാണ്ടി പറഞ്ഞു.

ദക്ഷിണേന്ത്യയിൽ കർണാടകത്തിലൊഴിച്ച് ബി.ജെ.പിക്ക് കാര്യമായ സാന്നിദ്ധ്യമില്ല. ദക്ഷിണേന്ത്യയോടുള്ള അവഗണന രാജ്യത്തിന് ഗുണകരമല്ലെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുൽ മത്സരിക്കാൻ തയ്യാറായത്. മൂന്ന് സംസ്ഥാനങ്ങളുടെ അതിർത്തി പങ്കിടുന്ന വയനാട്ടിൽ നിൽക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ അഭ്യർത്ഥന അദ്ദേഹം സ്വീകരിക്കുകയായിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലും ഇതിന്റെ പ്രതിഫലനമുണ്ടാകും. ഇതിന് തെളിവാണ് നാമനിർദ്ദേശപത്രികാ സമർപ്പണ വേളയിൽ ഊട്ടിയിലും ഗൂഢല്ലൂരിലും മൈസുരുവിലും നിന്നൊക്കെയെത്തിയ ആളുകൾ.

രാഹുലിനെതിരായ ഇടതുപക്ഷത്തിന്റെ വിമർശനം താഴ്ന്ന നിലവാരത്തിലേക്ക് പോയി. അതിന് അദ്ദേഹത്തിന്റെ മറുപടി മുഴുവൻ ജനങ്ങളെയും സ്പർശിക്കുന്നതായി. അതാണ് കോൺഗ്രസും നെഹ്റു കുടുംബവും. ജനാധിപത്യത്തിൽ രാഷ്ട്രീയ സംവാദങ്ങൾ എവിടെയുമുണ്ടാകും. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റിൽ അതിന്റെ അദ്ധ്യക്ഷൻ മത്സരിക്കുന്നതിനെതിരെയാണ് ബഹളം കൂട്ടുന്നത്. കൂടുതൽ പറഞ്ഞ് പ്രകോപിപ്പിക്കുന്നില്ല.

ലീഗിന്റെ പിന്തുണയോടെ മത്സരിക്കുന്നത് രാഹുലിന്റെ ഗതികേടെന്ന ബി.ജെ.പി വിമർശനത്തെക്കുറിച്ച് ചോദിച്ചപ്പോൾ, മുസ്ലിം ലീഗ് എത്രയോ വർഷമായി യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണെന്നായിരുന്നു മറുപടി. രാഹുലിന്റെ വരവോടെ ട്വന്റി - 20 ആവുമോയെന്നറിയാൻ ഫലം കാത്തോളൂ എന്നും ഉമ്മൻചാണ്ടി പറഞ്ഞു.

പ്രേമചന്ദ്രനെ ഭയപ്പെടുന്നതെന്തിന്?

എൻ.കെ. പ്രേമചന്ദ്രന്റെ സത്യസന്ധതയും കഴിവും സല്പേരുമാണ് സി.പി.എമ്മിനെ ഭയപ്പെടുത്തുന്നത്. പ്രേമചന്ദ്രന്റെ ആത്മാർത്ഥതയെ ചോദ്യം ചെയ്യാനാർക്കുമാവില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഏറ്റവുമധികം ഭൂരിപക്ഷം കിട്ടിയത് കൊല്ലത്താണ്. അവിടെ ഇദ്ദേഹം മത്സരിക്കുമ്പോൾ എന്തിനാണിങ്ങനെ വെപ്രാളം. മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രതികരണം തന്നെയാവും അദ്ദേഹത്തിന് ഏറ്റവും അനുകൂലമായി മാറുക. കൂറുമാറുന്ന, സ്ഥിരതയില്ലാത്ത നേതാവാണെങ്കിൽ ജനം അംഗീകരിക്കുമോ? രാഷ്ട്രീയം നാടിന്റെ നന്മയ്ക്കാവണം. അന്തരീക്ഷ മലിനീകരണത്തിനാവരുത്.

എം.കെ. രാഘവൻ, ആലത്തൂർ വിഷയങ്ങൾ

കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവനെതിരായ ആരോപണത്തിൽ അന്വേഷണം വരട്ടെ. തെളിവ് കൊണ്ടുവരട്ടെയെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. രാഘവനെതിരെ കോഴിക്കോട് മുൻ കളക്ടർ ഭൂമിയിടപാട് ആക്ഷേപമുയർത്തിയതിനെപ്പറ്റി ചോദിച്ചപ്പോൾ കോഴിക്കോടിന്റെ വികസനവുമായി ബന്ധപ്പെട്ട് അവർ തമ്മിൽ നേരത്തേ പ്രശ്നമുണ്ടെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മറുപടി.

ആലത്തൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരായ എൽ.ഡി.എഫ് കൺവീനറുടെ പരാമർശം പിൻവലിക്കാതെ, ന്യായീകരിക്കാൻ നേതാക്കൾ ശ്രമിച്ചതാണ് പ്രശ്നം കൂടുതൽ വഷളാക്കിയത്. തെറ്റ് ആർക്കും സംഭവിക്കും.