bhagyalakshmi

തിരുവനന്തപുരം: പ്രിയ കൂട്ടുകാരിയെ യാത്രയാക്കാൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിന്റെ മുന്നിലെത്തിയിരുന്നു ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. അവസാനകാലത്തും കൈത്താങ്ങായി കൂടെ നിന്ന് വേദനകളിൽ ആശ്വാസമായതും ആശുപത്രികളിൽ തുണയായതും ഭാഗ്യലക്ഷ്മിയായിരുന്നു. '40 വർഷത്തിലധികം കാലത്തെ സൗഹൃദമാണ്, ഒരുപാട് സിനിമകളിൽ ഒരുമിച്ചു പ്രവർത്തിച്ചു. ആനന്ദവല്ലിയെ പോലെ ഇത്രയേറെ വൈവിധ്യമുള്ളൊരു ഡബ്ബിംഗ് ആർട്ടിസ്റ്റ് മലയാളസിനിമയിൽ ഇതുവരെ ഉണ്ടായിട്ടില്ല,​ ഇനി ഉണ്ടാവുകയുമില്ല' ,​ ഭാഗ്യലക്ഷ്മി പറഞ്ഞു.

എല്ലാ കാര്യങ്ങളും പരസ്പരം പങ്കുവയ്ക്കാറുണ്ടായിരുന്നു ഞങ്ങൾ. സുഖമില്ലാതിരുന്ന കാലത്ത് കൂടെത്തന്നെയുണ്ടാവാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ട്. ഒരുപാട് പ്രശ്നങ്ങളിലൂടെയും വിഷമങ്ങളിലൂടെയും കടന്നുപോയ വ്യക്തിയാണ്. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. മകൻ ദീപൻ മരിച്ചതിനു ശേഷമാണ് ആരോഗ്യം ക്ഷയിച്ചത്. അസുഖം കൂടിയിട്ട് അഞ്ച് ദിവസമേ ആയിരുന്നുള്ളൂ. എത്ര വയ്യെങ്കിലും ജോലിക്ക് വിളിച്ചാൽ അസുഖം പുറത്തുകാണിക്കാതെ എത്തും. ജോലിയോട് അത്ര സ്നേഹമായിരുന്നു. കൊച്ചുകുഞ്ഞിനു മുതൽ എൺപത് വയസായ വൃദ്ധയ്ക്ക് വരെ ഒരേ സമയം ശബ്ദം പകരാൻ കഴിയുന്ന കലാകാരിയായിരുന്നു. ആനന്ദവല്ലിക്ക് പകരം വയ്ക്കാൻ ഇനിയൊരാൾ ഉണ്ടാവില്ല. ഇത്രയേറെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകുന്നതെങ്ങനെയെന്ന് ചോദിച്ചാൽ ക്ഷമയോടെ അത് അഭിനയിച്ച് കാണിച്ചുതരുമായിരുന്നു അവരെന്നും ഭാഗ്യലക്ഷ്മി ഓർമ്മിച്ചു.