തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി അദ്ധ്യക്ഷൻ അമിത് ഷായും ഉൾപ്പെടെ ബി.ജെ.പിയുടെ പ്രമുഖ നേതാക്കൾ കേരളത്തിലെത്തുന്നു. രാഹുലിനെതിരെ പ്രചാരണം നടത്താനായി അമേതിയിലെ എതിർ സ്ഥാനാർത്ഥി സ്മൃതി ഇറാനിയുമെത്തും.
സ്മൃതി 9ന് പൊന്നാനിയിലും 12ന് വയനാട്ടിലും പ്രചാരണ പരിപാടിയിൽ പങ്കെടുക്കും. സ്മൃതിയെ പേടിച്ചാണ് രാഹുൽ അമേതിയിൽ നിന്ന് വയനാട്ടിലേക്ക് ഓടിപ്പോന്നതെന്നാണ് ബി.ജെ.പി ആരോപണം. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ, ഷാനവാസ് ഹുസൈൻ എന്നിവരാണ് വയനാട്ടിലെത്തുന്ന മറ്റ് പ്രമുഖർ. ഷാ 17നും ഹുസൈൻ 10നുമാണ് എത്തുകയെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ് പറഞ്ഞു. അമിത് ഷാ വയനാടിന് പുറമേ സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂരിലും എ.എൻ.രാധാകൃഷ്ണൻ മത്സരിക്കുന്ന ചാലക്കുടിയിലും പ്രചാരണം നടത്തും. വയനാട്ടിലെ പ്രചാരണ പ്രവർത്തനങ്ങളുടെ ഏകോപനച്ചുമതല പി.കെ. കൃഷ്ണദാസിനാണ്.
പ്രധാനമന്ത്രി 12ന് കോഴിക്കോട്ടും 18ന് തിരുവനന്തപുരത്തും തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും. വിദേശകാര്യ മന്ത്രി സുഷമസ്വരാജ് 11ന് എറണാകുളത്തും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് 13ന് കോട്ടയം, കൊല്ലം മണ്ഡലങ്ങളിലും നിതിൻ ഗഡ്കരി 15ന് ഇടുക്കി, എറണാകുളം മണ്ഡലങ്ങളിലും പ്രചാരണം നടത്തും.
9ന് കേന്ദ്രമന്ത്രി ആർ.കെ. സിംഗ് എറണാകുളത്തും 8ന് കർണാടക നേതാവ് ബി.എസ്. യെദിയൂരപ്പ കാസർകോട്ടും 14ന് പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ തിരുവനന്തപുരത്തും പ്രചാരണത്തിനെത്തും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേരളത്തിലെത്തുന്നുണ്ട്.