കിളിമാനൂർ: തോപ്പിൽ കോളനിക്കാരുടെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്നു. അടിയന്തരമായി പ്രശ്നം പരിഹരിക്കാമെന്ന അധികൃതരുടെ ഉറപ്പിന്മേൽ കോളനി നിവാസികൾ നടത്തിവന്ന സമരവും അവസാനിച്ചു. കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ തോപ്പിൽ, കൊച്ചു തോപ്പിൽ കോളനിയിൽ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുമെന്ന അധികാരികളുടെ ഉറപ്പിനെ തുടർന്നാണ് ബ്ലോക്ക് പഞ്ചായത്ത് പട്ടിക ജാതി ഓഫിസിന് മുന്നിൽ സമര സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിവന്ന രാപകൽ സമരം ഒത്തുതീർപ്പായത്. തോപ്പിൽ കോളനിയിലെ കുടിവെള്ളക്ഷാമത്തെ കുറിച്ച് ഏപ്രിൽ 2ന് കേരളകൗമുദി 'തോപ്പിൽ കോളനിക്ക് കുടിവെള്ളം അകലെ' എന്ന തലക്കെട്ടിൽ വാർത്ത പ്രസിദ്ധികരിച്ചിരുന്നു. കഴിഞ്ഞ ദിവസം കോളനി നിവാസികളുമായി ജില്ലാ പട്ടികജാതി വികസന ഓഫിസർ, ജില്ലാ നിർമിതി കേന്ദ്രം പ്രോജക്ട് മാനേജർ, എൻജിനിയർ, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ, ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസർ, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, റിസർച്ച് അസിസ്റ്റന്റ്, എസ്.സി പ്രമോട്ടർ തുടങ്ങിയവരുമായി ചർച്ച നടത്തി. തോപ്പിൽ കോളനി മേഖലയിൽ 3 കുഴൽ കിണറുകൾ ഉണ്ടങ്കിലും ഒരെണ്ണത്തിൽ നിന്ന് മാത്രമേ ജലവിതരണം നടക്കുന്നുള്ളൂ. ഒരു കിണറിന്റെ ടാങ്ക് ഉയരത്തിൽ ആയതിനാൽ നിലവിലുള്ള മോട്ടോർ സംവിധാനം ഉപയോഗിച്ച് പമ്പിംഗ് നടത്താൻ സാധിക്കാത്തതിനാലാണ് പ്രയോജനം ലഭിക്കാത്തതെന്ന് എൻജിനിയർ പറയുന്നു. മറ്റൊരു ടാങ്കും മോട്ടോറും സ്ഥാപിച്ച് കുടിവെള്ള വിതരണം 10 ന് മുമ്പായി ആരംഭിക്കാമെന്ന് നിർമിതി കേന്ദ്രം അധികൃതർ ഉറപ്പ് നൽകി. കൊച്ചു തോപ്പിൽ കോളനി മേഖലയിലേക്ക് പൈപ്പ് ലൈൻ സ്ഥാപിച്ച് വാട്ടർ അതോറിട്ടിയുടെ ജലവിതരണം ചെയ്യുന്ന പദ്ധതി മേയ് അവസാനത്തോടെ പൂർത്തിയാക്കും. ടാങ്കറിൽ കുടിവെള്ളം എത്തിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായി ബന്ധപ്പെട്ടിട്ടുള്ളതായി ബ്ലോക്ക് പട്ടികജാതി ഓഫീസർ അറിയിച്ചു. കോളനി മേഖലയ്ക്ക് സമീപത്തുള്ളതായ മറ്റ് പട്ടികജാതി വിഭാഗ വീടുകളിൽ ജലവിതരണം ആരംഭിക്കുന്നതിനായി, പട്ടികജാതി വികസന വകുപ്പ് കോർപസ് ഫണ്ട് വിനിയോഗിച്ച് പദ്ധതി ആരംഭിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന് പട്ടികജാതി വികസന ഓഫിസർ അറിയിച്ചു. എൽ.എ സ്. ജി.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർ മുഖേന ഈ പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇതോടെ പ്രദേശത്തെ ഏറ്റവും ഉയർന്ന കോളനികളിൽ ഒന്നായ തോപ്പിൽ കോളനിയിലെ നൂറ്റിയമ്പതോളം കുടുംബങ്ങൾക്ക് ആശ്വാസമാകുകയാണ്.
മഴക്കാലത്ത് പോലും കുടിവെള്ളക്ഷാമം അനുഭവപെടുന്ന പ്രദേശമാണിത്
ജലവിതരണം ആരംഭിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി പൂർത്തിയാക്കും
കൊച്ചു തോപ്പിൽ കോളനി മേഖലയിലേക്ക് പൈപ്പ് ലൈൻ സ്ഥാപിക്കും
ടാങ്കറിൽ കുടിവെള്ളം എത്തിക്കും
ആശ്വാസമാകുന്നത് 150 ഓളം കുടുംബങ്ങൾക്ക്