anandavalli
ആനന്ദവല്ലി

തിരുവനന്തപുരം: മൂവായിരത്തോളം സിനിമകളിൽ നായികമാരുടെയും

സഹനടിമാരുടെയും ഭാവങ്ങൾക്ക് ശബ്ദത്തിന്റെ സൗകുമാര്യവും തീവ്രതയും പകർന്ന്

പ്രേക്ഷകമനസിൽ അനശ്വരയായ പ്രമുഖ ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ആനന്ദവല്ലി (67) അന്തരിച്ചു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് മൂന്നേകാലോടെയായിരുന്നു അന്ത്യം. ഏറെ നാളായി രക്താർബുദത്തിന് ചികിത്സയിലായിരുന്നു. ഒരാഴ്ച മുമ്പ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആന്ദവല്ലിയുടെ നില വ്യാഴാഴ്ച രാത്രിയോടെ വഷളാവുകയായിരുന്നു. നേമം മെറിലാൻഡ് സ്റ്റുഡിയോയുടെ സമീപത്തുള്ള വീട്ടിൽ ഇന്നലെ രാത്രി പൊതുദർശനത്തിന് വച്ച മൃതദേഹം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും. മകൻ അന്തരിച്ച സംവിധായകൻ ദീപൻ. മകൾ അനുലക്ഷ്‌മി (ചെന്നൈ).

1952 ജനുവരി 14ന് കൊല്ലം വെളിയത്ത് മണിപ്പുഴവീട്ടിൽ രാമൻ പിള്ളയുടെയും ചെമ്പകക്കുട്ടിയമ്മയുടെയും മകളായാണ് ആനന്ദവല്ലി ജനിച്ചത്. കലയിലുള്ള അച്ഛന്റെ താത്പര്യം ആനന്ദവല്ലിയെ കലാരംഗത്ത് എത്തിച്ചു. നാല് പതിറ്റാണ്ടിലേറെ ഡബ്ബിംഗ് രംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു. കെ.പി.എ.സി, കാളിദാസ കലാകേന്ദ്രം, ദേശാഭിമാനി തിയേറ്റേഴ്‌സ് ആറ്റിങ്ങൽ, കേരള തിയേറ്റേഴ്‌സ് കോട്ടയം, കായംകുളം പീപ്പിൾസ് തിയേറ്റേഴ്‌സ് എന്നീ നാടകഗ്രൂപ്പുകളിൽ സജീവമായിരുന്നു. 1969ൽ കോട്ടയം ചെല്ലപ്പന്റെ 'ചിതല് കയറിയ ഭൂമി' എന്ന നാടകത്തിലാണ് ആദ്യം അഭിനയിക്കുന്നത്. 'എനിക്ക് മരണമില്ല' എന്ന കണിയാപുരം രാമചന്ദ്രന്റെ നാടകത്തിലെ അഭിനയത്തിന് 1978ൽ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.
തോപ്പിൽ ഭാസിയുമായുള്ള പരിചയത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. 1973ൽ പ 'ദേവി കന്യാകുമാരി' എന്ന മെറിലാൻഡ് ചിത്രത്തിലാണ് ആദ്യമായി ശബ്ദം നൽകിയത്. ഏണിപ്പടികളാണ് അഭിനയിച്ച ആദ്യചിത്രം.
അവസാനകാലത്ത് ടെലിവിഷൻ സീരിയലുകളിലെ അഭിനയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ് അസോസിയേഷന്റെ കലൈ സെൽമം, കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ്, കേരള സംഗീത നാടക അക്കാഡമിയുടെ ഗുരു പൂജ പുരസ്‌കാരം, മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള കേരള ടെലിവിഷൻ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 2002ൽ മഴത്തുള്ളിക്കിലുക്കത്തിൽ ശാരദയ്‌ക്കാണ് അവസാനം ശബ്ദം നൽകിയത്. 'നീലക്കുയിൽ' സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കെയായിരുന്നു മരണം.