dharna

പാലോട്: റോഡ് നിർമ്മാണത്തിന്റെ മറവിൽ ആദിവാസി കോളനികളിലേയ്ക്കുള്ള വഴി അടച്ചതായി പരാതി. പെരിങ്ങമ്മല പഞ്ചായത്തിലെ വെങ്കലകോണ്, കൊന്നമൂട് ആദിവാസി പ്രദേശങ്ങളിൽ എത്താനുള്ള വഴിയാണ് ഫോറസ്റ്റ്-മരാമത്ത് അധികൃതർ അടച്ചത്. വർഷങ്ങളായി ആദിവാസികൾ സഞ്ചരിച്ചിരുന്ന വഴി അടഞ്ഞതോടെ സ്‌കൂൾ കുട്ടികളും മുതിർന്നവരും ദുരിതത്തിലാണ്. സംഭവത്തിൽ പ്രതിഷേധിച്ച് പാലോട്-ഇടിഞ്ഞാർ റൂട്ടിൽ കോളച്ചലിൽ ആദിവാസി കുടുംബങ്ങൾ ധർണ നടത്തി. ആദിവാസി മഹാസഭ സംസ്ഥാന പ്രസിഡന്റ് മോഹനൻ ത്രിവേണി ഉദ്‌ഘാടനം ചെയ്തു. ബാലൻ പൂതാടി, വിമൽരാജ്, ഡി. രഘുനാഥൻ നായർ, സുൾഫിക്കർ, അജിത്, ഇടവം ഷാനവാസ്, ഹരികുമാർ, അനുരാഗ്, സനിൽകുമാർ, വില്ല്യാൻ കാണി, ശാന്തകുമാർ, ബിനു, വലിയകുളം സന്തോഷ്, ബിജു, ഷിബു, ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു. അടിയന്തരമായി വഴി തുറന്നില്ലെങ്കിൽ പാലോട് റേഞ്ച് ഫോറസ്റ്റ് ഓഫീസും പി.ഡബ്ലിയു.ഡി സെക്ഷൻ ഓഫീസും ഉപരോധിക്കുമെന്ന് ആദിവാസികൾ മുന്നറിയിപ്പ് നൽകി.