തിരുവനന്തപുരം: മുസ്ലീംലീഗിനെതിരെയുള്ള യോഗി ആദിത്യനാഥിന്റെ പ്രസ്താവന മുസ്ലിം സമുദായത്തെ കടന്നാക്രമിക്കാനും സാമുദായികസ്പർദ്ധ ആളിക്കത്തിക്കാനുമുള്ള ശ്രമമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.
മുസ്ലിംലീഗിനെ ആക്രമിക്കുക വഴി മുസ്ലിം സമുദായത്തെ അധിക്ഷേപിക്കുകയാണ് യോഗി ആദിത്യനാഥിന്റെ ഉദ്ദേശ്യം. എം.പി. ആയിരുന്നപ്പോഴും വിഷം ചീറ്റുന്ന വർഗീയ പ്രസംഗത്തിലൂടെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം വളർത്താനാണ് പാർലമെന്റിനകത്തും പുറത്തും ആദിത്യനാഥ് ശ്രമിച്ചത്. ഇപ്പോൾ രാമക്ഷേത്ര പ്രശ്നം വീണ്ടും സജീവ ചർച്ചയാക്കിയത് യോഗി ആദിത്യനാഥും സംഘപരിവാർ ശക്തികളുമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയം മുൻകൂട്ടി മനസ്സിലാക്കി നടത്തിയ ആപൽക്കരമായ പ്രസ്താവനയാണിതെന്നും മുല്ലപ്പള്ളി പറഞ്ഞു.