തിരുവനന്തപുരം : കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി 18ന് വയനാട്ടിലെത്തും. നേരത്തേ സി.പി.എം സംസ്ഥാന നേതൃത്വം തയ്യാറാക്കിയ പ്രചാരണപരിപാടിയിൽ മാറ്റം വരുത്തിയാണ് വയനാട്ടിലേക്കും യെച്ചൂരിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. രാഹുൽ സ്ഥാനാർത്ഥിയായതോടെ ദേശീയ നേതാക്കളെയടക്കം നിയോഗിച്ച് പ്രചാരണം കൊഴുപ്പിക്കുന്നതിന്റെ ഭാഗമായാണിത്.
18ന് രാവിലെ 10 ന് കൽപ്പറ്റയിലും വൈകിട്ട് 3.30ന് വണ്ടൂരിലും പരിപാടിയിൽ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ 16ന് പാലക്കാട്ടും 17ന് കോഴിക്കോട്ടും 18ന് വടകരയിലും 19ന് കാസർകോട്ടും 20ന് കണ്ണൂരിലും ഉച്ചയ്ക്കുശേഷം മൂന്ന് പരിപാടികളിൽ വീതം പങ്കെടുക്കും.