തിരുവനന്തപുരം : എൺപതുകളിൽ മലയാളസിനിമയിലെ മിന്നും താരമായിരുന്ന മേനക സുരേഷ് കുമാർ അഭ്രപാളിയിൽ ആരാധകരോട് സംവദിച്ചത് ആനന്ദവല്ലിയുടെ ശബ്ദത്തിലായിരുന്നു. മേനകയുടെ ഭൂരിഭാഗം സിനിമകളിലും ആനന്ദവല്ലിയാണ് ഡബ് ചെയ്‌തത്. സിനിമയിൽ നിന്ന് തുടങ്ങിയ ബന്ധം ആനന്ദവല്ലിയുടെ മരണം വരെ തുടർന്നതായി മേനക പറയുന്നു. എൺപതുകളിൽ ചെന്നൈയിലായിരുന്നപ്പോഴാണ് സുഹൃത്തുക്കളായത്. 'പപ്പി"യെന്നാണ് ആന്ദവല്ലി മേനകയെ വിളിച്ചിരുന്നത്. ഷോപ്പിംഗിനും പരിപാടികൾക്കും മറ്റും ഒരുമിച്ചായിരുന്നു. വിവാഹശേഷം മേനക തിരുവനന്തപുരത്തെത്തിയപ്പോഴും ഫോണിലൂടെ സ്നേഹബന്ധം തുടർന്നു. കുറച്ച് വർഷങ്ങൾ കഴിഞ്ഞ് ആനന്ദവല്ലിയും തലസ്ഥാനത്തെത്തി.
ഇച്ഛാശക്തിയുടെ പ്രതിരൂപമായിരുന്നു ആനന്ദവല്ലിയെന്ന് മേനക പറയുന്നു. വൈവാഹിക ജീവിതത്തിൽ പലപ്രാവശ്യം വിള്ളലുണ്ടായെങ്കിലും അവയെല്ലാം കൊർത്തിണക്കി ശുഭപ്രതീക്ഷയോടെ ആനന്ദവല്ലി മുന്നോട്ട് പോയി. അപ്രതീക്ഷിതമായി മരുമകളും പിന്നീട് മകനും വിട പറഞ്ഞപ്പോൾ ആനന്ദവല്ലി തളർന്നെങ്കിലും ജീവിതത്തോട് തോൽക്കാൻ തയാറായിരുന്നില്ല.
വാർദ്ധക്യകാലത്തും അഭിനയം തുടർന്നു. ഫേസ്ബുക്കടക്കമുള്ള സാമൂഹിക മാദ്ധ്യമങ്ങളിലും സജീവയായി തുടർന്നു. അസുഖങ്ങൾ വലച്ചതോടെ ഒറ്റയ്‌ക്കായിരുന്നു താമസം. ചികിത്സയ്‌ക്കിടെ സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോൾ തന്റെ ഭർത്താവ് സുരേഷ് കുമാറടക്കം സിനിമാലോകത്തെ ഒട്ടേറെ പേർ സഹായങ്ങളുമായി എത്തിയിട്ടുണ്ടെന്നും മേനക പറയുന്നു.
ജീവൻ നിലനിറുത്താൻ രണ്ട് ദിവസം കൂടുമ്പോൾ ഇഞ്ചക്ഷനെടുക്കണം, രക്തം മാറ്റണം. ആവശ്യമായ സഹായങ്ങൾ പലരിൽ നിന്ന് എത്തിച്ചിരുന്നത് ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയായിരുന്നു. മരണത്തിന് കീഴടങ്ങുമ്പോഴും തോൽക്കാത്ത മനസിനുടമയായ ആനന്ദവല്ലി തന്റെ വ്യക്തിജീവിതത്തിലും സിനിമാജീവിതത്തിലും മറക്കാൻ കഴിയാത്ത ഒരേടായിരിക്കുമെന്നു മേനക പറയുന്നു.