anandavally

തിരുവനന്തപുരം : നാടകക്കളരിയിലായിരുന്നു ആനന്ദവല്ലി ആദ്യമെത്തിയത്. പതിന്നാലാം വയസിലാണ് പ്രൊഫഷണൽ നാടകരംഗത്തെത്തുന്നത്. 1969-ൽ കോട്ടയം ചെല്ലപ്പന്റെ 'ചിതൽ കയറിയ ഭൂമി" എന്ന നാടകത്തിലാണ് ആദ്യം അഭിനയിക്കുന്നത്. പിന്നണി പാടാനാണ് എത്തിയതെങ്കിലും നടി വരാത്തതിനാൽ ആ അവസരം ആനന്ദവല്ലിക്ക് ലഭിച്ചു. തുടർന്ന് നാടകം കാണാനെത്തിയ ഒ. മാധവൻ ആനന്ദവല്ലിയെ കാളിദാസകലാകേന്ദ്രത്തിലേക്ക് ക്ഷണിച്ചു.

കെ.ടി. മുഹമ്മദിന്റെ 'മുത്തുച്ചിപ്പി" എന്ന നാടകത്തിലും ആനന്ദവല്ലി ശ്രദ്ധേയവേഷം ചെയ്‌തു. സ്റ്റേജിന്റെ അങ്ങേത്തലയ്‌ക്കലിരുന്ന് നാടകം കാണുന്ന കാഴ്‌ചക്കാരനെപ്പോലും അഭിനയ മുഹൂർത്തത്തിന്റെ തീവ്രത ബോദ്ധ്യപ്പെടുത്തുന്ന ശബ്ദനിയന്ത്രണത്തിന്റെ രസതന്ത്രം കെ.ടി. മുഹമ്മദിൽ നിന്നാണ് ആനന്ദവല്ലി പഠിച്ചത്. അശ്വമേഥം, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി തുടങ്ങിയവയാണ് ആനന്ദവല്ലി അഭിനയിച്ച പ്രശസ്ത നാടകങ്ങൾ. നാലുവർഷത്തോളം കെ.പി.എ.സിയിൽ അഭിനയിച്ചു.'എനിക്ക് മരണമില്ല" എന്ന കണിയാപുരം രാമചന്ദ്രന്റെ നാടകത്തിലെ അഭിനയത്തിന് 1978ൽ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. അവിടെ നിന്നാണ് തോപ്പിൽ ഭാസിയുമായുള്ള പരിചയത്തിലൂടെ അവർ സിനിമയിലേക്കെത്തുന്നത്. ഏണിപ്പടികളാണ് അഭിനയിച്ച ആദ്യചിത്രം.

'ദേവി കന്യാകുമാരി" എന്ന മെറിലാൻഡ് ചിത്രത്തിൽ രാജശ്രീക്ക് വേണ്ടിയാണ് ആദ്യമായി ഡബ് ചെയ്യുന്നത്. എൺപതുകളിൽ തിരക്കുള്ള ഡബിംഗ് ആർട്ടിസ്റ്റായി. 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ" എന്ന ചിത്രത്തിൽ പൂ‌ർണിമാ ജയറാമിന് ശബ്ദം നൽകിയതോടെയാണ് ആനന്ദവല്ലി ശ്രദ്ധേയയായത്. ജയപ്രദ, ഭാനുപ്രിയ, ഗീത, സുഹാസിനി, ഗൗതമി , രഞ്ജിനി, വിനയ പ്രസാദ്, കനക, ഖുശ്ബു, രേവതി, സീമ, അംബിക, ശോഭന, ഉർവശി, പാർവതി, ലിസി, ഗീത, സുമലത, മേനക, മാധവി, കാർത്തിക, സുകന്യ, ശാരദ, സരിത, സുചിത്ര, നന്ദിത ബോസ്, ശാന്തികൃഷ്ണ, സിൽക്ക് സ്മിത തുടങ്ങി ഒട്ടേറെ അഭിനേത്രികൾക്ക് ശബ്ദം നൽകി. 1992 ൽ 'ആധാരം" എന്ന ചിത്രത്തിൽ ഗീതയ്‌ക്ക് ശബ്ദം നൽകിയതിന് മികച്ച ഡബിംഗ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു.

മണിവത്തൂരിലെ ആയിരം ശിവരാത്രികളിലെ സുഹാസിനി, പഞ്ചാഗ്നിയിൽ ഗീത, സുകൃതത്തിലെ ഗൗതമി, ഭരതത്തിലെ ലക്ഷ്മി, കന്മദത്തിലെ മുത്തശ്ശി, ആകാശദൂതിലെ മാധവി എന്നിവയെല്ലാം ആനന്ദവല്ലിയുടെ ശ്രദ്ധേയ പ്രകടനങ്ങളാണ്. 2017 വരെ ‌ഡബിംഗ് രംഗത്ത് സജീവമായിരുന്നു.